| Saturday, 19th April 2025, 6:30 pm

300 കോടി! ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനി ആര് വരും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ എമ്പുരാന് മുന്നില്‍ വീഴാത്ത റെക്കോഡുകളൊന്നും ഇനി ബാക്കിയില്ല. ആദ്യദിനം തന്നെ 50 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നേട്ടവും സ്വന്തമാക്കി.

ഇപ്പോഴിതാ ചിത്രം 300 കോടി സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തിയേറ്റര്‍ കളക്ഷന് പുറമെ നോണ്‍ തിയേറ്ററിക്കല്‍ ബിസിനസുകളും ചേര്‍ത്താണ് ചിത്രം 300 കോടി നേടിയത്. തിയേറ്ററില്‍ നിന്ന് 260 കോടിക്കുമുകളില്‍ എമ്പുരാന്‍ സ്വന്തമാക്കിയിരുന്നു. ഒ.ടി.ടി, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റുകള്‍ എന്നിവയിലൂടെയാണ് ബാക്കി സ്വന്തമാക്കിയത്.

ജിയോ ഹോട്‌സ്റ്റാറാണ് എമ്പുരാന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ എത്ര കോടിക്കാണ് ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. 40 കോടിക്ക് മുകളിലാണ് വിറ്റുപോയതെന്ന് ചിലര്‍ പറയുമ്പോള്‍ 70 കോടിയെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും മലയാളസിനിമയിലെ നാഴികക്കല്ലുകളികളിലൊന്നായി മാറാന്‍ എമ്പുരാന് സാധിച്ചിട്ടുണ്ട്.

ഏപ്രില്‍ 24നാണ് ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുക. തിയേറ്ററുകളില്‍ ആദ്യം പ്രദര്‍ശിപ്പിച്ച വേര്‍ഷനാണോ അതോ വിവാദത്തിന് ശേഷം വെട്ടിമാറ്റിയ വേര്‍ഷനാണോ ജിയോ ഹോട്‌സ്റ്റാറില്‍ വരിക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിയേറ്റര്‍ റിലീസ് ചെയ്ത് മൂന്നാഴ്ചക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്.

എന്നാല്‍ ചിത്രത്തിന്റെ തിയേറ്റര്‍ കളക്ഷന്‍ നോക്കിയാല്‍ പരാജയമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വന്‍ ബജറ്റിലെത്തിയ ചിത്രം ബ്രേക്ക് ഇവന്‍ ആകണമെങ്കില്‍ 300 കോടി തിയേറ്ററില്‍ നിന്ന് തന്നെ സ്വന്തമാക്കേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. അത്രയോളം നേടാന്‍ സാധിക്കാത്തതിനാല്‍ ചിത്രത്തെ പരാജയപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരുണ്ട്.

ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നീ പ്രൊഡക്ഷന്‍ ഹൗസുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത് സുകുമാരന്‍, അഭിമന്യു സിങ്, ജെറോം ഫ്‌ളിന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Content Highlight: Empuraan earned 300 crores including non theatrical rights

We use cookies to give you the best possible experience. Learn more