| Wednesday, 2nd April 2025, 11:19 am

എന്തൊക്കെ സംഭവിച്ചാലും ഈ സിനിമ നമ്മള്‍ ഇറക്കും, അദ്ദേഹത്തിന്റെ ആ വാക്കാണ് ധൈര്യം തന്നത്: സുജിത് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എമ്പുരാന്‍.

മാസ് കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ എന്നതിനപ്പുറം രാഷ്ട്രീയപരമായും ചരിത്രപരമായും ചില രേഖപ്പെടുത്തലുകള്‍ കൂടി ചിത്രം നടത്തുന്നത്.

എമ്പുരാന്‍ റിലീസുമായി ബന്ധപ്പെട്ട് വന്ന ചില വിവാദങ്ങളേയും അതിനെ എമ്പുരാന്‍ ടീം നേരിട്ടത് എങ്ങനെയാണെന്നുമൊക്കെ പറയുകയാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫറായ സുജിത് വാസുദേവ്.

പൃഥ്വിരാജിന്റെ ഒരു വാക്കാണ് തങ്ങള്‍ക്ക് ധൈര്യമായതെന്നും വളരെ വിഷമം തോന്നിയ ഒരു സമയമായിരുന്നു അതെന്നും സുജിത് പറയുന്നു.

‘ പൃഥ്വിരാജിന്റെ ഒരു വാക്കുണ്ടായിരുന്നു. എന്ത് തന്നെ സംഭവിച്ചാലും നമ്മള്‍ സിനിമ ഇറക്കും. ആ വാക്കില്‍ ഞാന്‍ വീണു. എനിക്ക് ടെന്‍ഷനും കണ്‍ഫ്യൂഷനും ഒക്കെ ഉണ്ടായിരുന്നു.

ഒരു കുഴപ്പവുമില്ല. എന്ത് തന്നെ സംഭവിച്ചാലും നമ്മള്‍ സിനിമ ഇറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം മാര്‍ച്ച് 5ാം തിയതി ട്രെയിലര്‍ ലോഞ്ച് ബോംബെ ഐ മാക്‌സില്‍ ചെയ്യാനായിരുന്നു തീരുമാനം. അതിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു.

4 ാം തിയതി ആയപ്പോള്‍ നമുക്ക് വെയ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. ഈ സമയത്ത് അവര്‍ ഇതിന്റെ മറ്റു പരിപാടികളിലേക്ക് കടന്നു, ചര്‍ച്ച നടന്നു, ആ സമയത്താണ് ഇതുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നമുണ്ടെന്ന് നമ്മള്‍ അറിയുന്നത് തന്നെ.

പിന്നെ അത് കഴിഞ്ഞ് ഒരു നാല് ദിവസം കഴിയുമ്പോഴാണ് ഗോകുലം സാറൊക്കെ ജോയിന്‍ ചെയ്യുന്നത്. ആദ്യം കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എത്ര വര്‍ഷമായി സ്വപ്‌നം കണ്ട്, എത്ര കഷ്ടപ്പെട്ട് ഞങ്ങള്‍ ചെയ്തതാണ്.

ബ്ലോക്കാവുന്നു എന്ന് പറയുമ്പോള്‍ അയ്യോ നമ്മുടെ കൊച്ച് എന്ന ഫീലല്ലേ. ആ സമയത്ത് ഭയങ്കര ഷോക്ക് തന്നെയായിരുന്നു. പിന്നെ രാജുവിനെ മെസ്സേജ് അയച്ചപ്പോള്‍ ഒരു പ്രശ്‌നവുമില്ലെന്നും സിനിമ റിലീസ് ചെയ്യുമെന്നും മറ്റുകാര്യങ്ങളില്‍ ചെറിയ ഡീലേ ഉണ്ടാകുമെന്നും പണി നടക്കട്ടെ എന്നും പറഞ്ഞു.

അത്തരത്തില്‍ ഭയങ്കര പ്രതിസന്ധിയില്‍നില്‍ക്കുമ്പോഴാണ് ഗോപാലന്‍ ചേട്ടനൊക്കെ വന്നത്. അതുപോലെ ആന്റണി ചേട്ടന്‍. അദ്ദേഹത്തെ കുറിച്ചൊന്നും പറയാതിരിക്കാനാവില്ല. ഈ സിനിമയ്‌ക്കൊപ്പം നൂറ് ശതമാനം അദ്ദേഹം നിന്നു. അദ്ദേഹം വളരെ ക്രിയേറ്റീവ് ആയിട്ടുള്ള പ്രൊഡ്യൂസര്‍ കൂടിയാണ്,’ സുജിത് പറയുന്നു.

സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചും സുജിത് അഭിമുഖത്തില്‍ സംസാരിച്ചു.

‘മൂന്നാം ഭാഗത്തിലേക്കുള്ള ഷൂട്ടൊന്നും ഇതുവരെ ചെയ്തിട്ടില്ല. ആദ്യം അതിനൊരു ഫ്രേം ഉണ്ടാകണം. അവര്‍ രണ്ടുപേരും കൂടി സംസാരിക്കണം. അതിന് ഒരു തീരുമാനം ഉണ്ടാകണം. അതിന് സമയമെടുക്കും. ആറ് മാസമോ ഒരു വര്‍ഷമോ ഒക്കെ ഉറപ്പായും എടുക്കും. അതിനെ കുറിച്ചുള്ള ആലോചനയ്‌ക്കൊക്കെ എന്തായാലും കൂടുതല്‍ സമയം വേണം.

എമ്പുരാന്റെ കാര്യത്തില്‍ തന്നെ റിലീസ് കഴിഞ്ഞപ്പോഴേക്കും പൃഥ്വിയും ലാല്‍ സാറുമൊക്കെ വല്ലാതെ തളര്‍ന്നിട്ടുണ്ടായിരുന്നു. അഭിനന്ദനം പറഞ്ഞ് ഞാന്‍ രാജുവിന് മെസ്സേജ് അയച്ചിരുന്നു. താങ്ക് യു ചേട്ടാ എനിക്ക് എങ്ങനെയെങ്കിലുമൊന്ന് കിടക്കണം എന്നാണ് പറഞ്ഞത്.

അത്രയേറെ അദ്ദേഹം ഈ സിനിമയ്ക്കായി കഷ്ടപ്പെട്ടിട്ടുണ്ട്. പ്രൊമോഷനും പരിപാടികളുമായി ലാല്‍സാറും പൃഥ്വിയും അത്രയ്ക്കും ഓടി നടന്നാണ് കാര്യങ്ങള്‍ ചെയ്തത്. സ്റ്റുഡിയോയില്‍ ഒരു കട്ട് കാണാന്‍ പോലും പൃഥ്വിക്ക് വരാന്‍ സാധിച്ചിരുന്നില്ല. അപ്പോള്‍ ആലോചിച്ചു നോക്കണം, അദ്ദേഹം എത്ര മാത്രം തിരക്കില്‍ ആയിരിക്കുമെന്ന്,’ സുജിത് പറയുന്നു.

Content Highlight: Empuraan Cinematographer Sujith Vasudev about Prithviraj

We use cookies to give you the best possible experience. Learn more