| Friday, 16th May 2025, 10:04 pm

ഒരു കോടി പോലും ഫൈനല്‍ കളക്ഷനില്ലെന്ന് പറഞ്ഞവരൊക്കെ എന്തിയേ, ഇപ്പോഴിതാ ഒരു കോടിക്ക് മുകളില്‍ ടിക്കറ്റുകള്‍ വിറ്റ് മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് താണ്ഡവം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവര്‍ഷം പല നടന്മാരും ഒന്നിച്ച് ചേര്‍ന്ന് കേരളത്തില്‍ നിന്ന് നേടിയ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ഒന്നുപോലും ബാക്കി വെക്കാതെ തകര്‍ത്തിരിക്കുകയാണ് മോഹന്‍ലാല്‍. ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരില്‍ പലരും വിമര്‍ശിച്ച മോഹന്‍ലാല്‍ വെറും 50 ദിവസം കൊണ്ട് അതിനെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്.

എമ്പുരാന്‍, തുടരും എന്നീ രണ്ട് ചിത്രങ്ങളിലൂടെ 500 കോടിയോളം കളക്ഷനാണ് മോഹന്‍ലാല്‍ നേടിയത്. തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങള്‍ നല്‍കി മോളിവുഡിലെ താരസിംഹാസനം മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ സ്വന്തമാക്കിയ തുടരും ഇന്‍ഡസ്ട്രി ഹിറ്റാക്കാനും മോഹന്‍ലാലിന് സാധിച്ചു.

എന്നാല്‍ ഇതിനെക്കാള്‍ പലരെയും ഞെട്ടിക്കുന്നത് ഈ സിനിമകളുടെ കേരളത്തിലെ ഫുട്ഫാളാണ്. രണ്ട് സിനിമകളിലൂടെ ഒരു കോടി 20 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. എമ്പുരാന്റെ റിലീസിന് മുമ്പ് മോഹന്‍ലാലിനെ വിമര്‍ശിക്കുന്ന പലരും ചൂണ്ടിക്കാണിച്ച ഒന്നായിരുന്നു എലോണ്‍ എന്ന സിനിമയുടെ ഫൈനല്‍ കളക്ഷന്‍. കൊവിഡ് സമയത്ത് ചിത്രീകരിച്ച് എലോണ്‍ തിയേറ്ററുകളില്‍ നിന്ന് കഷ്ടിച്ച് ഒരു കോടി മാത്രമായിരുന്നു നേടിയത്.

എന്നാല്‍ രണ്ട് മാസത്തിനിടയില്‍ ഒരു കോടിക്ക് മുകളില്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട് മോഹന്‍ലാല്‍ തന്റെ ബോക്‌സ് ഓഫീസ് താണ്ഡവം നടത്തുന്ന കാഴ്ച ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നാണ്. നിലവില്‍ കേരളത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട ചിത്രങ്ങളില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് തുടരും.

66 ലക്ഷം ടിക്കറ്റുകളാണ് തുടരും വിറ്റഴിക്കപ്പെട്ടത്. ആദ്യ രണ്ട് സ്ഥാനങ്ങളിലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ തന്നെയാണ്. 2000ല്‍ പുറത്തിറങ്ങിയ നരസിംഹമാണ് ഒന്നാം സ്ഥാനത്ത് 80 ലക്ഷത്തോളം ഫുട്ഫാളാണ് നരസിംഹത്തിന്റെ പേരിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്കിങ് സജീവമല്ലാത്ത കാലമായതിനാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ കണക്ക് അവ്യക്തമാണ്. രണ്ടാം സ്ഥാനത്തുള്ള പുലിമുരുകന് 75 ലക്ഷം ഫുട്ഫാളാണുള്ളത്.

നാലാം സ്ഥാനത്തും മോഹന്‍ലാല്‍ തന്നെയാണെന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം എത്രമാത്രം വലുതാണെന്ന് മനസിലാകും. 54 ലക്ഷം ഫുട്ഫാളുള്ള എമ്പുരാനും മോഹന്‍ലാലെന്ന താരത്തിന്റെ വലുപ്പം വ്യക്തമാക്കുന്നു. നിലവില്‍ സ്റ്റാര്‍ഡത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിന് വെല്ലുവിളിയുയര്‍ത്താന്‍ തക്ക എതിരാളി മലയാളസിനിമയിലില്ലെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

Content Highlight: Empuraan and Thudarum movie sold more than one crore tickets in Kerala

We use cookies to give you the best possible experience. Learn more