| Sunday, 23rd March 2025, 4:48 pm

തമിഴ്‌നാട്ടില്‍ വിക്രമിനെ, ഓവര്‍സീസില്‍ സല്‍മാന്‍ ഖാനെ... പ്രീ ബുക്കിങ്ങില്‍ വമ്പന്മാരെ പിന്നിലാക്കി എമ്പുരാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളക്കര ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാന്‍. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്‍ റിലീസിന് മുമ്പ് തന്നെ പല കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചതിന് ശേഷം ചിത്രത്തിന്റെ പ്രീസെയില്‍ ഇരട്ടിവേഗത്തില്‍ നടക്കുകയാണ്.

കേരളത്തില്‍ നിന്ന് ബുക്കിങ്ങിലൂടെ മാത്രം ഇതിനോടകം പത്തുകോടിയിലേറെ നേടാന്‍ എമ്പുരാന് സാധിച്ചു. കേരള ബോക്‌സ് ഓഫീസില്‍ എമ്പുരാന് വെല്ലുവിളിയുയര്‍ത്താന്‍ മറ്റ് വലിയ ചിത്രങ്ങളില്ലെങ്കിലും മറ്റ് ഭാഷകളില്‍ കാര്യങ്ങള്‍ എളുപ്പമല്ല. തമിഴില്‍ വിക്രമിന്റെ വീര ധീര സൂരനും ഹിന്ദിയില്‍ സല്‍മാന്‍ ഖാന്റെ സിക്കന്ദറും എമ്പുരാന് വലിയ വെല്ലുവിളിയാകുമെന്ന് പലരും കരുതിയിരുന്നു.

ഇപ്പോഴിതാ രണ്ട് ചിത്രങ്ങളെയും അവയുടെ സ്‌ട്രോങ് ഏരിയയിലെ ബുക്കിങ്ങില്‍ തകര്‍ത്തിരിക്കുകയാണ് എമ്പുരാന്‍. വീര ധീര സൂരനെ തമിഴ്‌നാട്ടില്‍ പലയിടത്തും ബുക്കിങ്ങില്‍ എമ്പുരാന്‍ പിന്തള്ളിയിരിക്കുകയാണ്. ഒരു മലയാളചിത്രത്തിന് തമിഴില്‍ ലഭിക്കാവുന്നതില്‍ വെച്ച് മികച്ച ഓപ്പണിങ്ങാകും എമ്പുരാന്റേതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

സല്‍മാന്‍ ഖാന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായി എത്തുന്ന സിക്കന്ദറിനോട് ആരാധകര്‍ക്ക് മാത്രമേ താത്പര്യമുള്ളൂ എന്നാണ് പലരും കരുതുന്നത്. ബോളിവുഡ് സിനിമകളുടെ സ്‌ട്രോങ് ഏരിയയായ ജി.സി.സി രാജ്യങ്ങളില്‍ സിക്കന്ദറിന്റെ ബുക്കിങ് ദയനീയമാണ്. സല്‍മാന്‍ ഖാന്‍ നായകനായും അതിഥിവേഷത്തിലും പ്രത്യക്ഷപ്പെട്ട ചില സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായത് താരത്തെ സാരമായി ബാധിച്ചു.

ജി.സി.സി പ്രീ സെയിലില്‍ ഇതുവരെ വെറും 50,000 ദിര്‍ഹം മാത്രമാണ് സിക്കന്ദറിന് നേടാന്‍ സാധിച്ചത്. അതേസമയം എമ്പുരാന്റെ പ്രീ സെയില്‍ ഇതിനോടകം രണ്ട് മില്യണ്‍ ദര്‍ഹത്തിലധികം സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ എല്ലാ ഏരിയയിലും മറ്റ് സിനിമകളെക്കാള്‍ വ്യക്തമായ മുന്‍തൂക്കം എമ്പുരാന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

വേള്‍ഡ്‌വൈഡ് പ്രീ സെയില്‍ ഇതിനോടകം 30 കോടി കടന്ന എമ്പുരാന്‍ ആദ്യദിനം 50 കോടി നേടുമെന്നാണ് കരുതുന്നത്. പല നടന്മാരും 50 കോടി ക്ലബ്ബില്‍ ഇതുവരെ കയറാതിരിക്കുമ്പോള്‍ ആദ്യദിനം തന്നെ ആ നേട്ടത്തിലേക്കെത്താന്‍ മലയാളസിനിമക്ക് സാധിക്കുമോ എന്ന് കാണാന്‍ പലരും കാത്തിരിക്കുകയാണ്. മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളിലെത്തും.

Content Highlight: Empuraan ahead in pre sales of Veera Dheer Sooran and Sikander

We use cookies to give you the best possible experience. Learn more