| Friday, 31st July 2020, 1:54 pm

പെരുന്നാള്‍ ദിനത്തില്‍ ശമ്പളം ആവശ്യപ്പെട്ട് ചന്ദ്രികയിലെ ജീവനക്കാരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാസങ്ങളായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ ജീവനക്കാര്‍ പെരുന്നാള്‍ ദിനത്തില്‍ പ്രതിഷേധിച്ചു. മെയ് മാസത്തിലെ ശമ്പളം പോലും ജൂലൈ ആയിട്ടും നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നു എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ജീവനക്കാരുടെ പ്രതിഷേധം.

ശമ്പളം നല്‍കാതിരിക്കെ തന്നെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം താല്‍ക്കാലികമായി വെട്ടിക്കുറക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. 70 വര്‍ഷത്തെ പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപതിപ്പ് അച്ചടി നിര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടക്കം അടുത്തിടെ പുറത്തുവന്നിരുന്നു. ആഴ്ചപതിപ്പിലേക്ക് ലേഖനങ്ങളും മറ്റും എഴുതികൊടുക്കുന്നവരോട് ഇനി ലേഖനം വേണ്ടതില്ല എന്നാണ് ചന്ദ്രികയുമായി ബന്ധപ്പെടുമ്പോള്‍ മറുപടി ലഭിക്കുന്നതെന്നാണ് പലരും പറയുന്നതായി ആ സമയത്ത് വാര്‍ത്തകള്‍ വന്നിരുന്നു.

കൊവിഡിനെ മറയാക്കി നേരത്തെയുള്ള മാനേജ്മെന്റ് പദ്ധതികള്‍ നടപ്പില്‍ വരുത്തുകയാണെന്നാണ് ചന്ദ്രികയിലെ ജീവനക്കാര്‍ പറയുന്നത്.
ചന്ദ്രിക പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നിലവില്‍ ഔട്ട്സോഴ്സ് ചെയ്തതാണ്. ലാഭകരമാക്കാന്‍ കഴിയുമായിരുന്ന ഓണ്‍ലൈന്‍ എഡിഷന്‍ ഒട്ടും ആലോചനയില്ലാതെ ഔട്ട്സോഴ്സ് ചെയ്തത് സ്വന്തക്കാരെ സഹായിക്കാനാണെന്നും ഫിനാന്‍സ് മാനേജരുടെ താത്പര്യമാണെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

നിലവില്‍ കണ്ണൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും പത്രത്തിന്റെ എഡിറ്റോറിയലും പ്രിന്റിങ്ങും മാറ്റുവാനും മാനേജ്മെന്റ് പദ്ധതിയിടുന്നതായി ജീവനക്കാര്‍ പറയുന്നു. നിലവില്‍ ചന്ദ്രിക പ്രവര്‍ത്തിക്കുന്ന കെട്ടിടം നില്‍ക്കുന്ന സ്ഥലത്തില്‍ കണ്ണുവെച്ച് ചന്ദ്രികയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ലീഗിലെ ഒരു വിഭാഗവും ജീവനക്കാരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ആഴ്ചപ്പതിപ്പിന്റെയും പത്രത്തിന്റേയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന തീരുമാനങ്ങളൊന്നുമെടുക്കാതെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് നിലവിലുള്ള അധികാരികള്‍ ചെയ്തുകൊണ്ടിരുന്നതെന്ന ആക്ഷേപം തൊഴിലാളികളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more