ഇന്ത്യയെ അടിച്ച് ഇവള്‍ സ്വന്തമാക്കിയത് കിടിലന്‍ റെക്കോഡ്!
Sports News
ഇന്ത്യയെ അടിച്ച് ഇവള്‍ സ്വന്തമാക്കിയത് കിടിലന്‍ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th October 2025, 8:55 pm

2025 വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ഓസ്‌ട്രേലിയ. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 49.5 ഓവറില്‍ 338 റണ്‍സിന് പുറത്താകുകയായിരുന്നു.

ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ മിന്നും ഓപ്പണര്‍ ഫോബി ലിച്ച്ഫീല്‍ഡിന്റെ കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 93 പന്തില്‍ 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് പുറത്തായത്. 127.96 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

Ellyse

താരത്തിന് പുറമെ മൂന്നാമതായി ഇറങ്ങിയ എല്ലിസ് പെറി 88 പന്തില്‍ 77 റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റനും ഓപ്പണറുമായ അലീസ ഹീലി അഞ്ച് റണ്‍സിന് മടങ്ങിയതോടെ ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 155 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഓസീസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

മാത്രമല്ല ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാനും എല്ലിസിന് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി വനിതാ ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് എല്ലിസ് പെറി സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി വനിതാ ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരം, എണ്ണം

കറണ്‍ റോള്‍ട്ടണ്‍ – 41

എല്ലിസ് പെറി – 40

മെഗ് ലാനിങ് – 36

ബ്ലെണ്ട ക്ലര്‍ക്ക് – 35

അതേസമയം അവസാന ഓവറിനെത്തിയ ദീപ്തി ശര്‍മയുടെ ഓവറില്‍ ഒരു റണ്‍ ഔട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് വീണത്. നല്ലപ്പുറെഡ്ഡി ചരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടിയത്. സെമി ഫൈനലിന് ടീമില്‍ ഇടം നേടിയ ഷെഫാലി വര്‍മയെയും (10 റണ്‍സ്) സ്മൃതി മന്ഥാനയെയും (24 റണ്‍സ്) ഇന്ത്യക്ക് നഷ്ടമായി. നിലവില്‍ ക്രീസിലുള്ളത് 23 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറും (23*) ജെമീമാ റോഡ്രിഗസുമാണ് (43*).

Content Highlight: Ellyse Perry In Great Record Achievement