പുനലൂരിൽ മോഷണകുറ്റമാരോപിച്ച് പതിനൊന്നുകാരന് ക്രൂര പീഡനം; തലകീഴായി ഫാനിൽ കെട്ടിത്തൂക്കി
Kerala
പുനലൂരിൽ മോഷണകുറ്റമാരോപിച്ച് പതിനൊന്നുകാരന് ക്രൂര പീഡനം; തലകീഴായി ഫാനിൽ കെട്ടിത്തൂക്കി
മുഹമ്മദ് നബീല്‍
Sunday, 3rd May 2026, 8:48 am

പത്തനാപുരം: മോഷണകുറ്റമാരോപിച്ച് പതിനൊന്നുകാരന് വാർഡന്റെ ക്രൂര പീഡനം. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാംക്ലാസുകാരനെ തലകീഴായി ഫാനിൽ കെട്ടിതൂക്കിയെന്നാണ് പരാതി. പുനലൂർ നെല്ലിപ്പള്ളി ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓട് തീയോളജി എന്ന സ്ഥാപനത്തിൽ ഏപ്രിൽ 30 നാണ് ക്രൂരത അരങ്ങേറിയത്.

സംഭവത്തിൽ കേസെടുത്ത പൊലീസ് കോളേജ് വാർഡൻ ലിജുവിനെയും പാചകക്കാരൻ ടോമിനെയും അറസ്റ്റ് ചെയ്തു. കയ്യും കാലും കയറുകൊണ്ട് കെട്ടിയ ശേഷം ലിജു ഫാനിന്റെ ഹുക്കിൽ വിദ്യാർത്ഥിയെ കെട്ടിത്തൂക്കുകയായിരുന്നെന്ന് സഹപാഠികളായ ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 2017 ൽ അംഗീകാരം നേടിയ സ്ഥാപനത്തിൽ 15 വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ടെങ്കിലും ആകെ മൂന്ന് വിദ്യാർത്ഥികൾ മാത്രമാണുള്ളതെന്ന് നാട്ടുകാർ പറഞ്ഞു.

ഇൻസ്റ്റിട്യൂട്ടിന്റെ മറവിൽ അനാഥാലയവും ബൈബിൾ പഠന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. സ്ഥാപനത്തോടെ ചേർന്നുപ്രവർത്തിക്കുന്ന ബൈബിൾ കോളേജിൽ ഇതര സസ്ഥാനത്തുനിന്നുമുള്ള 13 പെൺകുട്ടികളെയും, 10 ആൺ കുട്ടികളെയും താമസിപ്പിച്ചിട്ടുണ്ടെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.

എന്നാൽ കേസിൽ പ്രതിയായ വാർഡൻ ലിജു നിലവിൽ സ്ഥാപനത്തിലെ ജീവനക്കാരനല്ലെന്നും. താമസിക്കാൻ വേറെ ഇടമില്ലാത്തതുകൊണ്ട് ഹോസ്റ്റലിൽ താമസിക്കാൻ അനുവദിക്കുകയായിരുന്നെന്നും ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രിൻസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായതുകൊണ്ടാണ് സ്ഥാപനത്തിൽ നിന്നും പുറത്താക്കിയതെന്നും, മോഷണമാരോപിച്ച് വാർഡൻ കുട്ടികളെ ദ്രോഹിച്ചിട്ടുണ്ടെന്നും പറഞ്ഞ പ്രിൻസ് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കിയിട്ടില്ലെന്ന് പറഞ്ഞു.

സ്ഥാപനം അവധിയായതിനാൽ രക്ഷിതാവ് വിദ്യാർത്ഥിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയ ശേഷമാണ് ഹോസ്റ്ററിൽ നടന്ന ക്രൂരതകൾ പുറം ലോകമറിഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ, സി.പി.ഐ.എം, എ.ഐ.എസ.എഫ്, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടകൾ സ്ഥാപനത്തിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.

Content Highlight: Eleven-year-old brutally tortured in Punalur on charges of theft; hung upside down from a fan

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം