തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് വോട്ട് അസാധുവായത്.
നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് സംഭവം. 12 അംഗ സമിതിയിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. സംഭവത്തില്‍ ഇതുവരെ ബി.ജെ.പിയും ശ്രീലേഖയും പ്രതികരിച്ചിട്ടില്ല.
അതേസമയം എട്ട് സ്ഥിരം സമിതികളാണ് കോര്‍പ്പറേഷനില്‍ ഉള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ അംഗങ്ങള്‍ തികഞ്ഞിട്ടുള്ളു.
ബാക്കിയുള്ള അഞ്ച് സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും. ഇതിനിടെയാണ് ശ്രീലേഖയുടെ വോട്ട് അസാധുവായത്.
അതേസമയം തിരുവനന്തപുരത്തെ മേയര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കുള്ളില്‍ അഭിപ്രായഭിന്നത നിലനില്‍ക്കെയാണ് ശ്രീലേഖയുടെ വോട്ട് അസാധുവായിരിക്കുന്നത്. മേയര്‍ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞ അവസാനിക്കും മുമ്പ് ശ്രീലേഖ വേദിവിട്ടിറങ്ങിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു.
മാത്രമല്ല, മേയറാക്കുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അവര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖം താനാണെന്ന് കരുതിയാണ് മത്സരിച്ചതെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായതിനാല്‍ 10 സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനുള്ള ചുമതല ഉണ്ടായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രസ്തുത പരാമര്‍ശം ചര്‍ച്ചയായതോടെ മാധ്യമങ്ങളെ വിമര്‍ശിച്ചും ശ്രീലേഖ രംഗത്തെത്തി.
കേരളത്തിലേത് വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണെന്നും സംസ്ഥാനത്തെ മാധ്യമങ്ങള്‍ വിവാദങ്ങള്‍ വിറ്റ് കാശുണ്ടാക്കുകയും ആണെന്നായിരുന്നു വിമര്‍ശനം.
മാപ്രകള്‍ ഇനി എന്തൊക്കെ പറഞ്ഞാലും മേയറാകാന്‍ കഴിയാത്തതില്‍ തനിക്ക് ഒരു അതൃപ്തിയുമില്ലെന്നും ശ്രീലേഖ പ്രതികരിച്ചിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം മാത്രമാണ് ഉള്ളതെന്നും അവര്‍ പറഞ്ഞിരുന്നു.