അമർത്യാസെന്നിനും ഷമിക്കും എസ്.ഐ.ആർ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
India
അമർത്യാസെന്നിനും ഷമിക്കും എസ്.ഐ.ആർ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ശ്രീലക്ഷ്മി എ.വി.
Wednesday, 7th January 2026, 9:29 am

ന്യൂദൽഹി: സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെന്നിന് എസ്.ഐ.ആർ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും നടനും രാഷ്ട്രീയക്കാരനുമായ ദേവിനും ഇ.സി എസ്.ഐ.ആർ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തിന് ആഗോള അംഗീകാരം കൊണ്ടുവന്ന ഐക്കണുകളെ അപമാനിക്കുകയാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു.

ബംഗാളിൽ നിന്നും എസ്.ഐ.ആറിനെതിരെ ശബ്ദമുയർത്തുന്നവരെ ആസൂത്രിതമായി ലക്ഷ്യം വെക്കുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പശ്ചിമ ബംഗാളിലെ പൗരന്മാരെ ലക്ഷ്യം വച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്. ഈ വികസനം ദുഃഖകരവും രാഷ്ട്രീയ പ്രേരിതവുമാണ്,’ അഭിഷേക് ബാനർജി പറഞ്ഞു.

വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ പ്രമുഖ ബംഗാളികളെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഇത് ദുഃഖകരമാണ്. ഇന്ത്യയ്ക്ക് നൊബേൽ സമ്മാനം നേടിക്കൊടുത്തതും രാജ്യത്തിന് ആഗോള അംഗീകാരം നേടിത്തന്നതുമായ അമർത്യ സെന്നിന് അവർ നോട്ടീസ് അയച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും നടൻ ദേവിനും അവർ നോട്ടീസ് അയച്ചിട്ടുണ്ട്. എല്ലാവരെയും അപകീർത്തിപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള ശ്രമമാണിത്,’ അഭിഷേക് ബാനർജി പറഞ്ഞു.

ബംഗാളിലെ ജനങ്ങളെ അൺമാപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ബി.ജെ.പി ഏജന്റുമാരെ ബംഗാളിൽ ഇന്നും അൺമാപ്പ് ചെയ്ത് എന്നന്നേക്കുമായി പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോൽപൂരിലെ സെന്നിൻ്റെ വസതിയിലേക്ക് നോട്ടീസ് എത്തിയില്ലെങ്കിലും ഹിയറിങ്ങിന് ഹാജരാവേണ്ടവരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.

രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിലാണ് അമർത്യ സെൻ വോട്ട് രേഖപ്പെടുത്തുന്നത്. 2014ലാണ് അദ്ദേഹം അവസാനമായി വോട്ട് ചെയ്തത്.

ഉത്തർപ്രദേശിലെ അത്രോഹ സ്വദേശിയാണ് ഷമി. 2008 മുതൽ ബംഗാളിലെ സ്ഥിരതാമസക്കാരനാണ് ഷമി.

എന്നാൽ നോട്ടീസ് അക്ഷരത്തെറ്റ് സംഭവിച്ചെന്നും അമർത്യാസെൻ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പിന്നീട് ഇ.സി വൃത്തങ്ങൾ പറഞ്ഞു.

Content Highlight: Election Commission sends SIR notices to Amartya Sen and Shami

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.