ഏറ്റുമാനൂരിലെ ഏറ്റുമുട്ടല്‍ നിര്‍ണായകമാകുന്നതെങ്ങനെ?
Kerala Election 2021
ഏറ്റുമാനൂരിലെ ഏറ്റുമുട്ടല്‍ നിര്‍ണായകമാകുന്നതെങ്ങനെ?
രോഷ്‌നി രാജന്‍.എ
Friday, 2nd April 2021, 10:01 am

മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന്റെ രാജി, തുടര്‍ന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രഖ്യാപനം, കേരള കോണ്‍ഗ്രസ് (എം)ന്റെ എല്‍.ഡി.എഫ് പ്രവേശനം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഇത്തവണ നിര്‍ണായക പോരാട്ടം നടക്കുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍.

കോട്ടയം ജില്ലയില്‍ സി.പി.ഐ.എമ്മിന്റെ കൈവശമുള്ള ഏക മണ്ഡലമായ ഏറ്റുമാനൂര്‍ ഇത്തവണ കേരള കോണ്‍ഗ്രസ് (എം)ന്റെകൂടി വോട്ടുകളുടെ ബലത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ശക്തമായ മത്സരവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. മണ്ഡലത്തില്‍ ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലതിക സുഭാഷിന് ഇരുമുന്നണികളുടെയും വോട്ടുകളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നതിനാല്‍ അവരുടെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തില്‍ നിര്‍ണായകമാണ്.

മുന്‍ എം.എല്‍.എയും സി.പി.ഐ.എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയുമായ വി.എന്‍ വാസവനാണ് ഏറ്റുമാനൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി.
യു.ഡി.എഫിന് വേണ്ടി ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായ പ്രിന്‍സ് ലൂക്കോസാണ് ഇത്തവണ മത്സരിക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എന്‍. ഹരികുമാറും രംഗത്തുണ്ട്.

എന്‍.ഡി.എയ്ക്ക് അകത്ത് സീറ്റ് തര്‍ക്കം നിലനിന്ന മണ്ഡലത്തില്‍ ബി.ജെ.പിയും ബി.ഡി.ജെ.എസും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയ്ക്കായി എന്‍ ഹരികുമാറും ബി.ഡി.ജെ.എസിനായി ടി.എന്‍ ശ്രീനിവാസനുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ബി.ഡി.ജെ.എസിന്റെ കയ്യില്‍ നിന്ന് ഏറ്റുമാനൂര്‍ സീറ്റ് ബി.ജെ.പി ഏറ്റെടുക്കുകയായിരുന്നു.

ഏറ്റുമാനൂരിന്റെ ചരിത്രം

അയ്മനം, ആര്‍പ്പൂക്കര, അതിരമ്പുഴ, കുമരകം, തിരുവാര്‍പ്പ് എന്നീ പഞ്ചായത്തുകളും ഏറ്റുമാനൂര്‍ നഗരസഭയും അടങ്ങുന്നതാണ് ഏറ്റുമാനൂര്‍ നിയമസഭാമണ്ഡലം. 1991 മുതല്‍ 2006വരെ തുടര്‍ച്ചയായി നാലുതവണ വിജയിച്ച കേരള കോണ്‍ഗ്രസിലെ തോമസ് ചാഴിക്കാടനെ 2011ല്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സുരേഷ് കുറുപ്പ് അട്ടിമറിക്കുന്നതോടെയാണ് ഏറ്റുമാനൂര്‍ ഇടതുമണ്ഡലമായി മാറിയത്. കേരളാ കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന മണ്ഡലം ഇടതുപക്ഷത്തേക്ക് ചായുന്നത് മണ്ഡല പുനക്രമീകരണത്തിലൂടെയാണ്. ഇടത് ശക്തികേന്ദ്രങ്ങളായ നാല് പഞ്ചായത്തുകള്‍ കൂടി ചേര്‍ന്നതോടെ 2011 ലും 2016 ലും മണ്ഡലത്തില്‍ സി.പി.ഐ.എം വിജയം നേടുകയായിരുന്നു.

2011ന് ശേഷം 2016ലും തോമസ് ചാഴിക്കാടനെ തോല്‍പ്പിച്ചത് സുരേഷ് കുറുപ്പ് തന്നെയായിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് സുരേഷ് കുറുപ്പിന് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടത്. മാത്രവുമല്ല അഞ്ചു തവണ പാര്‍ലമെന്റിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ച ആള്‍ കൂടിയാണ് അദ്ദേഹം. ഈയൊരു പശ്ചാത്തലത്തിലാണ് വി.എന്‍ വാസവന്റെ പേര് ഉയര്‍ന്നു വന്നത്. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജില്ലയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചതും വി.എന്‍ വാസവന്റെ നേതൃത്വത്തിലായിരുന്നു.

സുരേഷ് കുറുപ്പ്‌

1980ല്‍ വൈക്കം വിശ്വനാഥന്‍, 2011ലും 2016 ലും സുരേഷ്‌കുറുപ്പ് എന്നിങ്ങനെ മൂന്ന് തവണ മാത്രമാണ് മണ്ഡലത്തില്‍ സി.പി.ഐ.എം ഇതുവരെ വിജയിച്ചിട്ടുള്ളതെങ്കിലും ഇത്തവണ കേരളാ കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തിനൊപ്പം എത്തിയതിന്റെ കൂടി ആത്മവിശ്വാസം എല്‍.ഡി.എഫിനുണ്ട്.

1991 മുതല്‍ 2011 വരെ 20 വര്‍ഷത്തോളം ഏറ്റുമാനൂര്‍ എം.എല്‍.എ ആയിരുന്ന തോമസ് ചാഴിക്കാടനെ 2011ല്‍ സുരേഷ് കുറുപ്പ് പരാജയപ്പെടുത്തുന്നത് 1801 വോട്ടിന് മാത്രമാണ്. സംസ്ഥാനത്താകെ ഇടത് തരംഗമുണ്ടായ 2016ല്‍ സുരേഷ് കുറുപ്പ് സീറ്റ് തന്റെ ഭൂരിപക്ഷം 8899 വോട്ടായി ഉയര്‍ത്തുകയും ചെയ്തു. മണ്ഡലത്തില്‍ മുന്‍കാലങ്ങളില്‍ കാര്യമായ യാതൊരുവിധ സ്വാധീനവും ഇല്ലാതിരുന്ന ബി.ജെ.പി 2016 തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി അവരുടെ വോട്ടുകള്‍ ഉയര്‍ത്തിയതും ശ്രദ്ധേയമായിരുന്നു.

വിജയസാധ്യത തീരെയില്ലെങ്കിലും ബി.ജെ.പി വര്‍ദ്ധിപ്പിക്കുന്ന വോട്ടുകള്‍ ഏത് പക്ഷത്ത് നിന്നാണെന്നത് മണ്ഡലത്തിലെ ഇടത് വലത് മുന്നണികളെ വിജയത്തെ ബാധിക്കുമെന്നതാണ് വസ്തുത. 2006 ല്‍ കേവലം 3262 ഉം 2011 ല്‍ 3385 ഉം മാത്രം വോട്ടുകളുണ്ടായിരുന്ന ബി.ജെ.പി 2016 ല്‍ ഏറ്റുമനൂരില്‍ നേടിയത് 27540 വോട്ടുകളാണ്.

ഈ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലം സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചത് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതോടെയൊണ്. സീറ്റ് നിഷേധത്തില്‍ നിന്ന് വിമതസ്ഥാനാര്‍ത്ഥിയുണ്ടായതും സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി വിജയിച്ചതുമായ ചരിത്രം ഏറ്റുമാനൂരിനുണ്ട് എന്നതാണ് കൗതുകകരം.

സീറ്റ് നിഷേധത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു.

2016ല്‍ യു.ഡി.എഫ് തോമസ് ചാഴിക്കാടന് തന്നെ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് വിഭാഗം നേതാവും ജനപ്രതിനിധിയുമായിരുന്ന ജോസ്മോന്‍ മുണ്ടക്കലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ചത്. അന്ന് 3774 വോട്ടുകള്‍ ജോസ്മോന്‍ മുണ്ടക്കല്‍ നേടുകയും ചെയ്തിരുന്നു.

എന്നാല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിച്ച് വിജയിച്ച സംഭവം കുറച്ചുകൂടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇടത് വലത് മുന്നണികളെ മാറ്റിനിര്‍ത്തി സ്വതന്ത്രന്‍ വിജയിച്ചത് 1987ലാണ്. 1957ലെ ആദ്യ തെരഞ്ഞെടുപ്പിലും 1960ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോര്‍ജ് ജോസഫ് പൊടിപാറയാണ് 1987ല്‍ സ്വതന്ത്രനായി മത്സരിച്ച് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത്.

ജോര്‍ജ് ജോസഫ് പൊടിപാറ

1982ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുത്തിരുന്നു. 1987ല്‍ കോണ്‍ഗ്രസിന് സീറ്റ് തിരികെ നല്‍കാമെന്ന ധാരണയോടെയായിരുന്നു ഇതുണ്ടായത്. എന്നാല്‍ 1987ല്‍ സിറ്റിങ്ങ് സീറ്റിനായി ജോസഫ് ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തിയതോടെ കോണ്‍ഗ്രസ് അവര്‍ക്ക് തന്നെ വീണ്ടും സീറ്റ് വിട്ടുനല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ജോര്‍ജ് ജോസഫ് പൊടിപാറ സ്വതന്ത്രനായി നിന്നതും വിജയിച്ചതും.

കോണ്‍ഗ്രസിനോട് വിയോജിച്ച് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ത്ഥിയെ വിജയപ്പിച്ച ചരിത്രം മണ്ഡലത്തിനുണ്ട് എന്നതുകൊണ്ട് കൂടിയാണ് ഇത്തവണ ലതികാ സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഇരു മുന്നണികള്‍ക്കും വെല്ലുവിളിയാകുന്നത്.

ജോസഫ് ഗ്രൂപ്പിന് സീറ്റ് നല്‍കിയ യു.ഡി.എഫും കേരള കോണ്‍ഗ്രസ് (എം)ന്റെ പിന്തുണയോടെ മണ്ഡലം നിലനിര്‍ത്താനാഗ്രഹിക്കുന്ന
എല്‍.ഡി.എഫും സ്വതന്ത്യസ്ഥാനാര്‍ത്ഥിയായ ലതികാ സുഭാഷും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ എന്‍.ഹരികുമാറും നേര്‍ക്കു നേര്‍ മുട്ടുമ്പോള്‍ ആരായിരിക്കും ഏറ്റുമാനൂരില്‍ വിജയിച്ചുകറയുകയെന്നത് കാത്തിരുന്ന് കാണാം.

Content High;ight: Election Analysis about Ettumanoor

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.