| Thursday, 5th June 2025, 10:08 pm

ബീഹാറില്‍ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ മര്‍ദനം; ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറില്‍ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ മര്‍ദിക്കപ്പെട്ട് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കിഴക്കന്‍ ചമ്പാരനിലെ ഫുല്‍വാരിയ എന്ന ഗ്രാമത്തിലെ ഷെയ്ഖ് വസുല്‍ ഹഖാണ് (65) മരണപ്പെട്ടത്.

65കാരനൊപ്പം അദ്ദേഹത്തിന്റെ മകന്‍ മുജിബുല്‍ റഹ്‌മാനും (25) ആക്രമിക്കപ്പെട്ടിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

മുജിബുല്‍ റഹ്‌മാനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. ഷെയ്ഖ് വസുലിന്റെ വീടിന് മുന്നിലെത്തിയ ഏഴംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷെയ്ഖ് വസുല്‍ മരണപ്പെടുകയായിരുന്നു.

നാല് മാസം മുമ്പ് പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് കമന്റിനെ ചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോത്തിഹാരി പൊലീസിന്റേതാണ് നടപടി.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 307 (കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോട് കൂടിയ അക്രമം), 302 (മതവികാരങ്ങള്‍ വ്രണപ്പെടുത്താനുള്ള മനഃപൂര്‍വമായ ഉദ്ദേശ്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം ആക്രമിക്കപ്പെട്ട മുജിബുല്‍ റഹ്‌മാനും പൊലീസ് കസ്റ്റഡിയിലാണെന്ന് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Elderly man dies after being beaten up for commenting on Facebook in Bihar

We use cookies to give you the best possible experience. Learn more