ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തിന് സമീപം നിസ്‌ക്കരിച്ചെന്നാരോപിച്ച് വയോധികന് ക്രൂരമര്‍ദനം
India
ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തിന് സമീപം നിസ്‌ക്കരിച്ചെന്നാരോപിച്ച് വയോധികന് ക്രൂരമര്‍ദനം
നിഷാന. വി.വി
Wednesday, 25th February 2026, 1:02 pm

രുദ്രാപൂര്‍: ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് നിസ്‌ക്കരിച്ചുവെന്നാരോപിച്ച് മുസ്‌ലിം വയോധികന് ക്രൂരമര്‍ദനം

ഒരു സംഘം ആളുകള്‍ വടികൊണ്ട് മര്‍ദിക്കുകയും മതപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിച്ചതായുമാണ് പരാതി.

രേഷം ബാരി സ്വദേശിയായ ഷാഹിദ് എന്നയാളാണ് ആക്രമണത്തിനിരയായത്.
പ്രതികള്‍ വടികൊണ്ടടിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.

ജഗത് പുരിയിലെ അത്രിയ ക്ഷേത്രത്തിന് മുന്നില്‍ ഷാഹിദ് പ്രാര്‍ത്ഥന നിര്‍വഹിച്ചുവെന്നായിരുന്നു അക്രമികളുടെ ആരോപണം.

എന്നാല്‍ താന്‍ ദിവസങ്ങളായി ക്ഷേത്ര പരിസരത്ത് ജോലി ചെയ്യുന്നുണ്ടെന്നും നിസ്‌കരിച്ച സ്ഥലം ക്ഷേത്രത്തില്‍ നിന്ന് വളരെ ദൂരെയാണെന്നും ഷാഹിദ് പറഞ്ഞു.

വീഡിയോ വൈറലായതോടെ ക്ഷേത്ര മാനേജര്‍ അരവിന്ദ് ശര്‍മയാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞു. കൂടാതെ അക്രമികളിലൊരാള്‍ കൊലക്കേസ് പ്രതിയാണെന്നും നിലവില്‍ പരോളിലാണെന്നും ആരോപണങ്ങളുണ്ട്.

തനിക്കെതിരെ കേസെടുത്താലും ക്ഷേത്ര ഭൂമിയില്‍ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവം അംഗീകരിക്കാനാവില്ലെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പര്‍വേസ് ഖുറേഷി പറഞ്ഞു.

‘ ഇത് വളരെയധികം ഗൗരവമമുള്ള കാര്യമാണ്. ഒരാളെ അക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് ഭരണകൂടത്തെ അറിയിക്കണമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പര്‍വ്വേസ് ഖുറേഷി കൂട്ടിച്ചേര്‍ത്തു.

ഇത് സാമൂഹിക ഐക്യത്തിന് ഹാനികരമായ സംഭവമാണെന്ന് കോണ്‍ഗ്രസ് നേതാവ് സോഫിയ നാസ് പറഞ്ഞു.

‘സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മതത്തിന്റ പേരിലുള്ള ആക്രമണവും നിര്‍ബന്ധിതമായി മുദ്രാവാക്യം വിളിപ്പിക്കലും ഭരണഘടനയ്ക്ക് എതിരാണ്,’ നാസ് പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ നിയമ നടപടി സ്വീകരിച്ച് ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഷാഹിദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പന്ത് നഗര്‍ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Content Highlight: Elderly man brutally beaten up for allegedly offering prayers near a temple in Uttarakhand

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.