കാത്തിരിപ്പിന് വിരാമം, 'എക്കോ' ഒ.ടി.ടിയിലേക്ക്
Malayalam Cinema
കാത്തിരിപ്പിന് വിരാമം, 'എക്കോ' ഒ.ടി.ടിയിലേക്ക്
ഐറിന്‍ മരിയ ആന്റണി
Thursday, 18th December 2025, 4:40 pm

സമീപകാലത്ത് ഇറങ്ങിയതില്‍ ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങളിലൊന്നാണ് എക്കോ. ഫ്രം ദി മേക്കേഴ്സ് ഓഫ് കിഷ്‌കിന്ധാ കാണ്ഡം എന്ന ഘടകം തന്നെയായിരുന്നു ഏതൊരു പ്രേക്ഷകനെയും എക്കോയിലേക്ക് അടുപ്പിച്ചത്.

ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രം 2025ല്‍ ഇറങ്ങിയ മികച്ച മലയാള സിനിമകളിലൊന്നായാണ് കണക്കാക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ചിത്രം എന്ന് റിലീസ് ചെയ്യുമെന്നതിനെ പറ്റിയുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നില്ലെങ്കിലും സിനിമ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഡിസംബര്‍ അവസാനമോ, ജനുവരി ആദ്യമോ എക്കോ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിയേറ്ററില്‍ മികച്ച നിരൂപക പ്രശംസ നേടിയ എക്കോ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമായിരുന്നു. സിനിമക്ക് ഒ.ടി.ടിയിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രതികരണങ്ങള്‍ക്ക് പിന്നാലെ ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് തുടര്‍ന്നിരുന്നു.

അഞ്ച് കോടി ബജറ്റില്‍ എത്തിയ ചിത്രം 45 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. സന്ദീപ് പ്രദീപ് നായക വേഷത്തിലെത്തിയ ചിത്രത്തില്‍ സൗരഭ് സച്ച്ദേവ, ബിയാന മോമിന്‍, വിനീത്, നരേന്‍, ബിനു പപ്പു തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. പടക്കളത്തിന് ശേഷം സന്ദീപ് നായക വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു എക്കോ.

മുജീബ് മജീദ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് തന്നെയാണ്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Eko is coming to OTT

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.