അന്ന് വാങ്ങിച്ചുതന്ന രണ്ടാമത്തെ സ്‌കൂപ്പ് ഐസ്‌ക്രീം; ജീവിതത്തില്‍ അച്ഛന്‍ നല്‍കിയ ധൈര്യത്തെക്കുറിച്ച് ബാഹുല്‍ രമേശ്
Malayalam Cinema
അന്ന് വാങ്ങിച്ചുതന്ന രണ്ടാമത്തെ സ്‌കൂപ്പ് ഐസ്‌ക്രീം; ജീവിതത്തില്‍ അച്ഛന്‍ നല്‍കിയ ധൈര്യത്തെക്കുറിച്ച് ബാഹുല്‍ രമേശ്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 3rd February 2026, 12:27 pm

കിഷ്‌കിന്ധാകാണ്ഡത്തിലൂടെയും എക്കോയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത സിനിമാ അനുഭവം നല്‍കിയ എഴുത്തുകാരനാണ് ബാഹുല്‍ രമേശ്. താന്‍ എഴുതിവെച്ച തിരക്കഥയിലെ ഓരോ സീനുകളുടെയും പിന്നാമ്പുറത്തെക്കുറിച്ച് ഒരിക്കല്‍ കൂടി ചിന്തിപ്പിക്കുന്ന ബാഹുലിന്റെ രചനാ വൈഭവം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അവസാനമായി ഇറങ്ങിയ എക്കോയിലെ കഥാപശ്ചാത്തലം സൃഷ്ടിക്കുന്നതില്‍ കുട്ടിക്കാലത്ത് തന്റെ അച്ഛന്‍ പറഞ്ഞുതന്ന കഥകള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ച് ബാഹുല്‍ ഇതിന് മുമ്പ് സംസാരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ക്യൂ സ്റ്റുഡിയോയുടെ വേദിയില്‍ സംസാരിക്കുന്നതിനിടെ ജീവിതത്തില്‍ അച്ഛനും കുടുംബവും നല്‍കിയ പിന്തുണയെക്കുറിച്ച് ബാഹുല്‍ രമേശ് പറഞ്ഞ വാക്കുകള്‍ സിനിമയെ സ്വതന്ത്രമായി സമീപിക്കാന്‍ അദ്ദേഹത്തെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ സൂചന നല്‍കുന്നു. താന്‍ എഴുതുന്ന കഥാപാത്രങ്ങളുടെ പല വിധത്തിലുള്ള സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയായിരുന്നു ബാഹുല്‍ തന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

കിഷ്‌കിന്ധാ കാണ്ഡം. Photo: The Hollywood reporter India

തോന്നിയ വഴിക്ക് പോകാനുള്ള ധൈര്യം കിട്ടിയത് വീട്ടില്‍ നിന്നും തന്നെയാണെന്ന് ബാഹുല്‍ പറയുന്നു. താന്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ കണ്ടിരിക്കുന്നത് ചെറുപ്പകാലത്ത് ആണെന്നും അവധി ദിനങ്ങളില്‍ ടി.വിയില്‍ മൂന്നും നാലും സിനിമകള്‍ അടുപ്പിച്ചിരുന്ന് കാണാറുണ്ടെന്നും ഇതിനെല്ലാം സപ്പോര്‍ട്ട് ചെയ്തത് അത്രയും സിനിമയെ ഇഷ്ടപ്പെടുന്ന വീട്ടുകാരാണെന്നും അദ്ദേഹം പറഞ്ഞു.

‘വാരണം ആയിരത്തില്‍ പറയുന്ന പോലെ ‘നീങ്കെ താ എന്‍ ഹീറോ ഡാഡി’ എന്ന തിരിച്ചറിയുന്ന സിറ്റുവേഷന്‍ തനിക്കും ഉണ്ടായിട്ടുണ്ട്. അത് ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി നടന്നിട്ടുള്ളതാണ്. വീട്ടില്‍ എപ്പോഴും പറയുന്ന ഒരു കഥയുണ്ട്. എനിക്ക് മൂന്നര വയസ്സുള്ളപ്പോള്‍ നടന്നതാണ്. സാധാരണയായി വീട്ടിലുള്ളവരുടെയൊപ്പം പുറത്തുപോകുമ്പോള്‍ രണ്ടാമതും ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ചോദിച്ചാലും ആരും വാങ്ങിച്ച് തരാറില്ല.

പക്ഷേ ഒരിക്കല്‍ ഞാനും അച്ഛനും ടൗണില്‍ പോയപ്പോള്‍ അച്ഛനെനിക്ക് രണ്ടാമത് ഒരു സ്‌കൂപ്പ് ഐസ്‌ക്രീം കൂടി കൊടുക്കാന്‍ കടക്കാരനോട് പറഞ്ഞു. അന്ന് അവിടെ ‘യേയ്’ എന്ന് ശബ്ദമുണ്ടാക്കി ടേബിളില്‍ കയറി ഞാന്‍ തുള്ളിച്ചാടി എന്നാണ് അവര്‍ പറയുന്നത്,’ ബാഹുല്‍ പറഞ്ഞു.

ക്രിക്കറ്റ് മാച്ചുകളുടെ ഫൈനല്‍ ഉള്ള ദിവസം സ്‌കൂള്‍ ലീവാക്കി കളി കാണാന്‍ അനുവദിച്ചതും പ്ലസ് വണ്‍ പഠിക്കുന്ന സമയം ഫിസിക്‌സ് പരീക്ഷയുള്ളതിന്റെ തലേന്ന് രാത്രി പഠിക്കാന്‍ കഴിയാതെയായപ്പോള്‍ ഇന്‍ഗോസ്റ്റ് ഹൗസ് ഇന്‍ സിനിമയുടെ സെക്കന്റ് ഷോക്ക് കൊണ്ടുപോയതുമെല്ലാം ബാഹുല്‍ ഓര്‍ത്തെടുക്കുന്നു.

ബാഹുല്‍ രമേശ്. Photo: screen grab/ cue studio/ youtube.com

സിനിമയില്‍ നിന്ന് ഒരു റിജക്ഷന്‍ കിട്ടിയാലോ ഒന്ന് വീണുപോയാലോ തിരിച്ച് വീട്ടില്‍ പോയാല്‍ സപ്പോര്‍ട്ട് ആയി വീട്ടുകാരുണ്ടാകുമെന്നും ബാഹുല്‍ പറയുന്നു. അതുകൊണ്ട് സിനിമക്ക് വേണ്ടി എഴുതുമ്പോള്‍ തെറ്റിപോകുമോയെന്നും ശരിയാണോ എന്നൊന്നുമുള്ള ടെന്‍ഷനില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ ഈ സപ്പോര്‍ട്ട് സഹായിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍കുമാര്‍ ഫാന്‍സ്, കക്ഷി അമ്മിണിപിള്ള, മന്ദാരം തുടങ്ങിയ ചിത്രങ്ങള്‍ക്കും ബാഹുല്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. തിയേറ്ററില്‍ മികച്ച വിജയം നേടിയ എക്കോയില്‍ സന്ദീപ് പ്രദീപ്, നരെന്‍, ബിനു പപ്പു, വിനീത്, അശോകന്‍, ബിയാനി മോമിന്‍, തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Eko director Bahul Ramesh talks about his father’s support in life

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.