തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടി നേതൃത്വം നീതികേട് കാണിച്ചുവെന്ന് ആരോപിച്ചാണ് കൂട്ടരാജി. വിമതരെ തിരിച്ചെടുത്ത നടപടി രാജിയ്ക്ക് കാരണമായെന്ന് വിവരം.
ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കി മറ്റത്തൂര്‍ പഞ്ചായത്തില്‍ ഭരണം പിടിക്കാനാണ് രാജിവെച്ചവരുടെ നീക്കം. ഇവര്‍ ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മറ്റത്തൂര്‍ പഞ്ചായത്തിലേക്ക് വിജയിച്ചെത്തിയത്. കോണ്‍ഗ്രസിന്റെ രണ്ട് വിമതരും വിജയിച്ചു. തുടര്‍ന്ന് വിമതരെ കോണ്‍ഗ്രസ് ഒപ്പം കൂട്ടിയതോടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കക്ഷിനില പത്ത്-പത്ത് എന്ന നിലയിലേക്ക് എത്തുകയായിരുന്നു.
നാല് സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സ്വതന്ത്രരായി ജയിച്ചവരില്‍ ഒരാള്‍ എല്‍.ഡി.എഫ് പാളയത്തിലേക്കും മറ്റൊരാള്‍ ബി.ജെ.പിയിലേക്കും കളം മാറി. കോണ്‍ഗ്രസ് വിമതയായിരുന്ന ടെസി ഫ്രാന്‍സിസാണ് ബി.ജെ.പിയിലേക്ക് പോയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.ജെ.പി ടെസിയെ പിന്തുണക്കും. ഇതോടെയാണ് എട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചതെന്നാണ് നിഗമനം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ടെസി ഫ്രാന്‍സിസിനെ ആയിരിക്കും ഇവര്‍ പിന്തുണക്കുക.
സ്വതന്ത്രന്റെ പിന്തുണ ലഭിച്ചതോടെ മറ്റത്തൂര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പ് ഇല്ലാതെ തന്നെ എല്‍.ഡി.എഫിന് ഭരണം പിടിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മെമ്പര്‍മാര്‍ ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കുകയോ വിപ്പ് ലംഘിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയോ ചെയ്താല്‍ അത് സ്ഥാനം നഷ്ടപ്പെടാന്‍ കാരണമാകും.