ന്യൂയോര്‍ക്ക്: ഈജിപ്ത് കൊള്ളയടിക്കപ്പെട്ടുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഈജിപ്ത്- അര്‍ജന്റീന മത്സരത്തിനിടെയുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂയോര്‍ക്കിലെ ബസ് സര്‍വീസുകള്‍ വേഗത്തിലാക്കാനുള്ള പുതിയ പദ്ധതിയായ നെക്സ്റ്റ് സ്റ്റോപ്പ് ബെറ്റര്‍ ബസസ് എന്ന പരിപാടിയില്‍ സംസാരിക്കനെയായിരുന്നു ഈജിപ്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.
‘യാത്രസമയം ലാഭിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാം. കുട്ടികളുടെ കളികള്‍ കാണാം. ഒപ്പം ഇന്നലത്തെ മത്സരത്തില്‍ ഈജിപ്ത് കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്ന് നിങ്ങളുടെ സുഹൃത്തുക്കളോട് തര്‍ക്കിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിലെ ഈജിപ്തിന്റെ ഗോള്‍ നിഷേധിച്ചതും ഈജിപ്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി റഫറി നല്‍കാതിരുന്നതും വലിയ വിവാദമായിരുന്നു. മത്സരത്തില്‍ നടന്ന രണ്ട് സംഭവവികാസങ്ങളാണ് ഈജിപ്തിന് തിരിച്ചടിയായത്. മത്സരത്തില്‍ മുസ്തഫ സിക്കോ നേടിയ ഗോള്‍ റഫറി നല്‍കിയിരുന്നില്ല. ഗോള്‍ നേടുന്നതിന് മുമ്പായി 100 മീറ്റര്‍ അകലെ നിന്നും നടത്തിയ ഫൗളിന്റെ പേരിലാണ് റഫറി ഗോള്‍ നല്‍കാതിരുന്നത്.
മത്സരത്തിലെ റഫറിയിങ്ങിനെതിരെ ഗുരുതര ആരോപണവുമായി ഈജിപ്ത് താരം മുസ്തഫ സിക്കോ രംഗത്തെത്തിയിരുന്നു. ഈ ലോകകപ്പ് മുഴുവന്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും അര്‍ജന്റീനക്ക് കിരീടം നല്‍കുന്നതിന് വേണ്ടി റഫറിമാരെ ഉപയോഗിച്ചുകൊണ്ട് ടൂര്‍ണമെന്റ് നിയന്ത്രിക്കുകയാണെന്നുമാണ് സിക്കോ മത്സരശേഷം പറഞ്ഞത്.
‘തീരുമാനം ഒട്ടും നീതിപൂര്‍വമായിരുന്നില്ല. ഇത് ഫുട്ബോളിലും അത്ര നല്ലതല്ല. ഒരു രാജ്യത്തിന്റെ മുഴുവന്‍ കഠിനാധ്വാനത്തെയാണ് റഫറി നിസാരമായി കണ്ടത്. അര്‍ജന്റീനക്കെതിരെ ഞങ്ങള്‍ 2-0ത്തിന് ജയിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ സാധിക്കില്ല. ഈ ടൂര്‍ണമെന്റ് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. അര്‍ജന്റീന ജയിക്കണമെന്ന് നേരത്തെ തീരുമാനിച്ചത് പോലെയാണ് കാര്യങ്ങള്‍ നടന്നത്. ഈജിപ്ഷ്യന്‍ ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവരെ സന്തോഷിപ്പിക്കണമെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു, പക്ഷേ അതിന് സാധിച്ചില്ല,’ മുസ്തഫ സിക്കോ പറഞ്ഞു.
നിലവില്‍ ഫ്രഞ്ച് റെഫറി ഫ്രാന്‍സ്വാ ലെറ്റക്‌സിയറിനും മറ്റ് ഒഫീഷ്യലുകള്‍ക്കുമെതിരെ നിയമനടപടിയിലേക്ക് കടന്നിരിക്കുകയാണ് ഈജിപ്ത്. മത്സരത്തില്‍ തങ്ങള്‍ക്കെതിരെയുണ്ടായ വിവാദ തീരുമാനങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്നും ഗുരുതരമായ പിഴവുകള്‍ വരുത്തിയ ഫ്രഞ്ച് റഫറിയിങ് സംഘത്തെ ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ നിന്ന് പുറത്താക്കണമെന്നും ഈജിപ്ത് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Egypt was robbed; Mamdani on the Argentina-Egypt match officiating.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.