കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തിനെതിരെ പരാതിയുമായി നടിയും എഴുത്തുകാരിയുമായ ഗായത്രി അരുണ്‍. സ്ഥാപനത്തിന്റെ പേരെടുത്ത് പറയാതെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്.
2024 സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടന്നത്. ഗായത്രിയായിരുന്നു ഉദ്ഘാടക. എറണാകുളം എം.പി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് ഒരുപാട് പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് ഗായത്രി പറയുന്നത്. ഫീസടച്ച ശേഷം പറ്റിക്കപ്പെട്ടുവെന്ന് കാണിച്ചാണ് പരാതികള്‍. ഓണ്‍ലൈനായി ഫീസ് അടച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം കുട്ടികളാണ് തനിക്ക് മെസേജ് അയക്കുന്നതെന്നും ഗായത്രി പറഞ്ഞു.
View this post on Instagram
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗായത്രി ഇക്കാര്യങ്ങള്‍ പറയുന്നത്. ഈ സ്ഥാപനം പരസ്യത്തിനായി തന്റെ ഫോട്ടോയാണ് ഉപയോഗിക്കുന്നതെന്നും ഗായത്രി അരുണ്‍ വീഡിയോയില്‍ പറയുന്നു.
ഇത് തന്റെ അനുവാദം കൂടാതെയാണ് ചെയ്യുന്നതെന്നും ഈ ഫോട്ടോകള്‍ ഉദ്ഘാടന ദിവസം എടുത്തതാണെന്നും ഗായത്രി വ്യക്തമാക്കി. ഫോട്ടോ ദുരുപയോഗം ചെയ്തതില്‍ ഗായത്രി ഈ സ്ഥാപനത്തിന് ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
തന്നോടൊപ്പം ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരുന്ന കൊച്ചിയിലെ രാഷ്ട്രീയ നേതാവിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഗായത്രി പറഞ്ഞു. നടപടിയെടുക്കാമെന്നാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ച മറുപടിയെന്നും നടി പറയുന്നു.
പി.ആര്‍ ഏജന്‍സി വഴിയാണ് കൊച്ചിയിലെ സ്ഥാപനത്തിന്റെ ഉദ്ഘാടനം ലഭിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷമാണ് ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്നും ഗായത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പോ ശേഷമോ ഈ സ്ഥാപനത്തിന്റെ ഉടമകളുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കി.
സ്ഥാപനത്തിന്റെ ഗൂഗിള്‍ അക്കൗണ്ട് നോക്കിയപ്പോള്‍ നിരവധി പരാതികളാണ് കാണാന്‍ കഴിയുന്നത്. തന്റെ അറിവില്‍ 300ഓളം കുട്ടികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഗായത്രി പറയുന്നു. തട്ടിപ്പിന് ഇരയായവര്‍ എത്രയും വേഗം നിയമനടപടി സ്വീകരിക്കണമെന്നും ഗായത്രി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ പേരില്‍ കേരളത്തിലൊരു സംഘം തട്ടിപ്പ് നടത്തുന്നുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. സ്ഥാപനത്തിന്റെ പേര് പറയാത്തത് നിയമതടസങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും ഗായത്രി വ്യക്തമാക്കി.
Content Highlight: Education fraud, misuse of photo; Gayathri Arun against online education center in Kochi