| Friday, 11th April 2025, 2:12 pm

എമ്പുരാന്‍ റീ എഡിറ്റ് ചെയ്യാനിരുന്നപ്പോള്‍ ആ കാര്യം ഞാന്‍ മനസിലുറപ്പിച്ചിരുന്നു: എഡിറ്റര്‍ അഖിലേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ എന്ന ചിത്രം വീണ്ടും എഡിറ്റ് ചെയ്യേണ്ടി വന്നപ്പോള്‍ തോന്നിയ കാര്യങ്ങളെ കുറിച്ചും എഡിറ്റിങ്ങില്‍ ശ്രദ്ധിച്ച കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് എഡിറ്റര്‍ അഖിലേഷ്.

പെട്ടെന്ന് സ്റ്റുഡിയോയിലേക്ക് വരണമെന്നും എഡിറ്റുണ്ടെന്നും പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ലെന്നും ഒറ്റക്കാര്യം മാത്രമാണ് മനസിലുറപ്പിച്ചതെന്നും അഖിലേഷ് പറയുന്നു.

ഒരുപാട് വര്‍ഷത്തെ അധ്വാനാണ് എമ്പുരാനെന്നും ആ സൃഷ്ടി നിലനില്‍ക്കണമെന്നും ആളുകളിലേക്ക് എത്തണമെന്നും മനസിലുണ്ടായിരുന്നെന്നും അഖിലേഷ് പറയുന്നു.

‘ ഇങ്ങനെ ഒരു എഡിറ്റ് വേണമെന്ന് ചര്‍ച്ച വന്നപ്പോള്‍ ആദ്യം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പിന്നെ എല്ലാവരും കൂടി അത് തീരുമാനിച്ചു. ഡയറക്ടറും പ്രൊഡക്ഷനും തീരുമാനിച്ച് അസോസിയേറ്റിലൂടെയാണ് ഞാന്‍ അറിയുന്നത്.

ഇത്തരത്തില്‍ കട്ട് ചെയ്യേണ്ടതുണ്ടെന്നും പെട്ടെന്ന് സ്റ്റുഡിയോയിലേക്ക് വരണമെന്നും പറഞ്ഞു. ആ സമയത്ത് നമ്മള്‍ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുകയല്ലല്ലോ വേണ്ടത്.

ഇത്രയും പൈസ മുടക്കി എടുത്ത സിനിമ, ഇതിന്റെ പിന്നില്‍ ഒരുപാട് വര്‍ഷത്തെ അധ്വാനമുണ്ട്. ഷൂട്ടിങ് തുടങ്ങിയ ശേഷം തന്നെ ഒരു വര്‍ഷത്തോളം എടുത്തു.

145 ദിവസം ഷൂട്ട് മാത്രം ചെയ്തു. ഒരു വര്‍ഷത്തെ യാത്രയുണ്ട്. ഇതിനിടയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍, കാലാവസ്ഥ എല്ലാം തരണം ചെയ്താണ് സിനിമ പൂര്‍ത്തിയാക്കിയത്.

ആളുകളിലേക്ക് ലൂസിഫറിന്റെ ഒരു രണ്ടാം ഭാഗം അവര്‍ ഇഷ്ടപ്പെടണമെന്ന് കരുതി എത്തിച്ചപ്പോള്‍ ഉണ്ടായ പ്രശ്‌നം കാരണം ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു.

പിന്നെ അത് ചെയ്യുക എന്ന് മാത്രമേയുള്ളൂ. അത് ചെയ്യുകയാണെങ്കില്‍ ഏറ്റവും നന്നായി ചെയ്യുക. ചെറിയ സമയമേ നമുക്ക് മുന്നില്‍ ഉള്ളൂ. വൃത്തിയ്ക്ക് ചെയ്യുക.

ഇങ്ങനെ ഒരു എഡിറ്റിങ് ചെയ്തു എന്ന് പ്രേക്ഷകന് തോന്നാനും പാടില്ല. ഇപ്പോഴും എമ്പുരാന്‍ കണ്ട് കഴിഞ്ഞാല്‍ കട്ട് ചെയ്തതായിട്ട് പുതിയ പ്രേക്ഷകര്‍ക്ക് തോന്നില്ല.

ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത് അതിലായിരുന്നു. നമുക്ക് ഇത് ചെയ്യാം. ചെയ്യുമ്പോള്‍ ഓഡിയന്‍സിന് അത് ഫീല്‍ ചെയ്യാന്‍ പാടില്ലെന്ന് കരുതി അത്രയും ശ്രദ്ധിച്ചാണ് ചെയ്തത്.

വേറെ ഒന്നും ചിന്തിച്ചിരുന്നില്ല. ആ സൃഷ്ടി നിലനില്‍ക്കണം. അത്രയും കഷ്ടപ്പെട്ട സിനിമയാണ്. അത് പല കാരണങ്ങള്‍ കൊണ്ടും മുടങ്ങിപ്പോകരുത്. അത് ആളുകളിലേക്ക് എത്താതിരിക്കരുത് എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ,’ അഖിലേഷ് പറയുന്നു.

Content Highlight: Editor Akhilesh about Empuraan Re edit

Latest Stories

We use cookies to give you the best possible experience. Learn more