ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി അതില്‍ പൂജ നടത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. സ്വര്‍ണക്കൊള്ള വിവാദമായതോടെ ജയറാം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ദ്വാരപാലക പാളി വീട്ടില്‍വെച്ചാൽ ഐശ്വര്യം വരുമെന്ന് പറഞ്ഞതിനാലാണ് പൂജ നടത്തിയതെന്നും അതിന്റെ പേരില്‍ പോറ്റിക്ക് ഒരു രൂപ പോലും കൊടുത്തിട്ടില്ലെന്നും കഴിഞ്ഞ 40 വര്‍ഷമായി ശബരിമല സന്ദര്‍ശിക്കുന്ന വിശ്വാസിയാണെന്ന് താനെന്നും ജയറാം അന്ന് പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് എസ്.ഐ.ടി ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയത്. നടന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നിലവിൽ ജയറാമിനെ കേസിലെ സാക്ഷിയാകാന്‍ എസ്.ഐ.ടി തയ്യാറെടുക്കുന്നതിനിടെയാണ് ഇ.ഡിയും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
ജയറാം അടക്കമുള്ളവരില്‍ നിന്ന് പോറ്റിക്ക് ഏതെങ്കിലും തരത്തിലുളള സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് അറിയുന്നതിനായാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലെന്നാണ് വിലയിരുത്തല്‍.
ശബരിമല സ്വര്‍ണക്കൊള്ളയിലെ മറ്റു പ്രതികളായ മുരാരി ബാബുവിനെയും എസ്. ശ്രീകുമാറിനേയും ഇ.ഡി ചോദ്യം നേരത്തെ ചെയ്തിരുന്നു. പോറ്റിയെയും ഇ.ഡി ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയാക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, ഡി. സുധീഷ് കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ ഒരു ഇടപെടലും നടത്തരുത്, സാക്ഷികളെ സ്വാധീനിക്കാനോ സംസ്ഥാനം വിട്ട് പുറത്ത് പോകാനോ പാടില്ല എന്നീ കര്‍ശന ഉപാധികളോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം അനുവദിച്ചത്.
Content Highlight: ED summons Jayaram in Sabarimala gold theft case