| Tuesday, 10th June 2025, 11:29 am

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കഴിവുള്ള മനുഷ്യനാണ് ആ ഇന്ത്യന്‍ ഗായകന്‍; അദ്ദേഹത്തിന്റെ ശബ്ദവും പാട്ടും അത്ഭുതപ്പെടുത്തുന്നത്: എഡ് ഷീരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഡ് ഷീരന്റെ സഫയര്‍ എന്ന ഏറ്റവും പുതിയ ആല്‍ബത്തിനായി അദ്ദേഹം അര്‍ജിത് സിങ്ങുമായി ഒന്നിച്ചിരുന്നു. ഇപ്പോള്‍ അര്‍ജിത് സിങ്ങിനെ കുറിച്ചും അദ്ദേഹത്തിന്റെ ജന്മനാടായ പശ്ചിമ ബംഗാളിലേക്ക് നടത്തിയ സന്ദര്‍ശനത്തെ കുറിച്ചും സംസാരിക്കുകയാണ് എഡ് ഷീരന്‍.

ആഷിഖി 2 കണ്ടപ്പോഴാണ് താന്‍ ആദ്യമായി അര്‍ജിത് സിങ്ങിനെ കുറിച്ച് അറിയുന്നതെന്നും തും ഹായ് ഹോ എന്ന ഗാനം കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദവും പാട്ടും തന്നെ അത്ഭുതപ്പെടുത്തിയെന്നും എഡ് ഷീരന്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ തെരുവുകളിലൂടെ അര്‍ജിത്തിനൊപ്പം സ്‌കൂട്ടി ഓടിക്കുന്ന ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് എഡ് ഷീരന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയായിരുന്നു.

‘അര്‍ജിത് എനിക്ക് പഞ്ചാബിയും അത് എങ്ങനെ ശരിയായി ഉച്ചരിക്കണമെന്നും പഠിപ്പിച്ചു. അദ്ദേഹം എനിക്ക് സിത്താര്‍ ആദ്യമായി കാണിച്ചുതന്നു. പിന്നെ ഞങ്ങള്‍ ഒന്നിച്ച് അത്താഴം കഴിച്ചു. അച്ഛനോടൊപ്പം സൂര്യാസ്തമയവും ചന്ദ്രോദയവും കാണാന്‍ ഗ്രാമത്തില്‍ ചുറ്റിനടന്നു. എന്റെ അച്ഛനോടൊപ്പം ഞാന്‍ എപ്പോഴും വിലമതിക്കുന്ന ഒരു ഓര്‍മയായിരുന്നു അത്. അര്‍ജിത്തിനൊപ്പം അത്തരത്തിലുള്ള മൊമെന്റ്സ് സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്.

ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കഴിവുള്ള മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം, ഈ ഗാനത്തിനായി അദ്ദേഹം തന്റെ കഴിവ് എന്നോടൊപ്പം പങ്കിട്ടതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഞങ്ങള്‍ റെക്കോഡുചെയ്ത പൂര്‍ണ പഞ്ചാബി പതിപ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങും, പക്ഷേ അതുവരെ ഞങ്ങള്‍ ഒരുമിച്ചുള്ള സമയത്തിന്റെ രസകരമായ വീഡിയോകള്‍ ആസ്വദിക്കൂ!,’ എഡ് ഷീരന്‍ കുറിച്ചു.

Content Highlight: Ed Sheeran Talks About Arijit Singh

We use cookies to give you the best possible experience. Learn more