തൃണമൂലിന്റെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായ ഐ-പാക്കില്‍ ഇ.ഡി റെയ്ഡ്; ഇടിച്ചുകയറി മമത
India
തൃണമൂലിന്റെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായ ഐ-പാക്കില്‍ ഇ.ഡി റെയ്ഡ്; ഇടിച്ചുകയറി മമത
രാഗേന്ദു. പി.ആര്‍
Thursday, 8th January 2026, 3:46 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജിയെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ടി.എം.സിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായ ഐ-പാക്കിന്റെ ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജെയ്നിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

റെയ്ഡ് നടക്കുന്നതിനിടെ മമത ഐ-പാക്കിലെത്തിയത് നാടകീയസംഭവങ്ങള്‍ക്ക് കാരണമായി. ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ ടി.എം.സി പ്രവര്‍ത്തകര്‍ ഇ.ഡിക്കെതിരായ പ്രതിഷേധം തുടരുകയാണ്.

ഇന്ന് (വ്യാഴം) പുലര്‍ച്ചെ ആറുമണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഐ-പാക്കിലെത്തിയത്. ഉച്ചയോടെ മമത ബാനര്‍ജിയും സ്ഥലത്തെത്തി.

തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബി.ജെ.പിക്കെതിരെയും മമത വിമര്‍ശനം ഉയര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അടക്കം ചോര്‍ത്താനാണ് ഇ.ഡി ഐ-പാക്കിലെത്തിയതെന്നാണ് മമതയുടെ ആരോപണം.


ഇ.ഡിയുടെ നടപടി ജനാധിപത്യത്തെ കൊന്ന കുഴിച്ചുമൂടുന്നതിന് സമാനമാണെന്നും മമത പറഞ്ഞു. സംസ്ഥാന ബി.ജെ.പിയുടെ ഏതെങ്കിലും ഓഫീസില്‍ ഇത്തരത്തില്‍ താന്‍ റെയ്ഡ് നടത്തിയതെന്ന് കരുതുക…. പിന്നീട് എന്താണ് സംഭവിക്കുകയെന്നും മമത ചോദ്യമുയര്‍ത്തി.

എന്നാല്‍ റെയ്ഡ് രാഷ്ട്രീയപാര്‍ട്ടികളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും അധികാരികള്‍ തങ്ങളുടെ പക്കലുള്ള രേഖകള്‍ പിടിച്ചുവാങ്ങിയെന്നും ഇ.ഡി ആരോപിച്ചു.

രണ്ട് പേര്‍ക്കെതിരെയാണ് ഇ.ഡിയുടെ പരോക്ഷ ആരോപണം. നിലവിൽ ഐ-പാക്കിന്റെ ഓഫീസില്‍ നിന്നിറങ്ങിയ മമത പച്ച നിറത്തിലുള്ള ഒരു ഫയലുമായി പ്രസംഗിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാൽ കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പരിശോധന നടന്നതെന്നും റെയ്ഡ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും ഇ.ഡി പറയുന്നു.

ബംഗാളില്‍ മാത്രമല്ല, ദല്‍ഹിയിലെ നാലിടത്ത് സമാനമായ കേസില്‍ റെയ്ഡ് നടന്നിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി. ബംഗാളില്‍ ആറിടത്ത് പരിശോധന നടന്നതായാണ് വിവരം.

പരിശോധന തടസപ്പെടുത്തിയതില്‍ മമതക്കെതിരെ ഇ.ഡി നിയമനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി എം.എല്‍.എയും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. മമത എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും ബി.ജെ.പി ചോദിച്ചു.

Content Highlight: ED raids Trinamool’s election consultant I-PAC; Mamata criticized

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.