തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലടക്കം നടന്ന ഇ.ഡി റെയ്ഡിനെക്കുറിച്ച് ആഭ്യന്തര വകുപ്പിനോ പൊലീസിനോ ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡിന് പിന്നില്‍ കോണ്‍ഗ്രസ്- ബി.ജെ.പി ആസൂത്രണമെന്ന ആരോപണത്തെ തള്ളിക്കളയുകയാണെന്നും ചെന്നിത്തല പറഞ്ഞു.
‘കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ അറിയില്ല. ആരും അറിയിച്ചിട്ടുമില്ല. ആരും പൊലീസ് സഹായം തേടിയിട്ടുമില്ല. നമുക്ക് അതിനെപ്പറ്റിയുള്ള ഒരു വിവരവും അറിയാത്ത കാര്യമാണ്,’ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ചെന്നിത്തല പറഞ്ഞു.
ഈ വിഷയത്തെക്കുറിച്ച് ഇ.ഡിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ‘കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇത് സംബന്ധിച്ച് ഒരു വിവരവുമില്ല. ഒരു വിവരവും കൈമാറിയിട്ടില്ല. ഞങ്ങള്‍ക്കറിയില്ല എന്താ സംഭവമെന്ന്,’ ആഭ്യന്തര മന്ത്രി പറഞ്ഞു.
റെയ്ഡിനെക്കുറിച്ച് ഇ.ഡി പൊലീസിനെ അറിയിച്ചിട്ടില്ല. അവര്‍ കേന്ദ്ര സേനകളുടെ സഹായമാണ് തേടിയത്. ഈ വിഷയത്തില്‍ ഡി.ജി.പിയുമായും ഹോം സെക്രട്ടറിയുമായും സംസാരിച്ചു. അവര്‍ക്കും ഒരു വിവരവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് ഇ.ഡി. റെയ്‌ഡെന്ന് സി.പി.ഐ.എം നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. റെയ്ഡിന് പിറകില്‍ കോണ്‍ഗ്രസ് – ബി.ജെ.പി ആസൂത്രണമുള്ളതായും അവര്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ തള്ളുന്നാതായി ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധം എന്നത് സ്ഥിരം പല്ലവിയാണെന്നും ചെന്നിത്തല പറഞ്ഞു.
‘മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കാണുന്നത് ആവശ്യമായ കാര്യമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ എത്ര തവണ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. അതൊരു സാധാരണ കാര്യമാണ്. അതെല്ലാം എന്തിനാണ് ഈ വിഷയവുമായി കൂട്ടിക്കുഴയ്ക്കുന്നത്’ ആഭ്യന്തര മന്ത്രി ചോദിച്ചു.
ഇ.ഡി. റെയ്ഡിന് പിന്നില്‍ കോണ്‍ഗ്രസെന്ന് പറയുന്നതിന്റെ രാാഷ്ട്രീയ ഉദ്ദേശം എല്ലാവര്‍ക്കും മനസിലാവുമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് എന്നുള്ളത് ഇവിടെ സ്ഥിരം പല്ലവിയാണ്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അത്തരം പ്രചരണങ്ങള്‍ ഒരു കടന്ന കൈയാണ്. കോണ്‍ഗ്രസ് എന്താണെന്നും ബി.ജെ.പി എന്താണെന്നും സി.പി.ഐ.എം എന്താണെന്നും എല്ലാവര്‍ക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധമെന്ന് ചെന്നിത്തല ആരോപിച്ചു. ബന്ധമുണ്ടായിരുന്നവര്‍ക്ക് ഇപ്പോള്‍ എന്ത് പറ്റിയെന്നും അദ്ദേഹം ചോദിച്ചു.
എക്‌സാലോജിക്- കെ.എം.ആര്‍.എല്‍ കേസുമായി ബന്ധപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് അടക്കം 10 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയത്. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിറകെയാണ് റെയ്ഡ്. കേസില്‍ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്നലെ (ചൊവ്വ) തള്ളിയിരുന്നു. സി.എം.ആര്‍.എല്‍ കമ്പനിയും ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹരജിയായിരുന്നു തള്ളിയത്.
കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസുകളാണ് ഇ.ഡി അന്വേഷിക്കുന്നത്.
സി.എം.ആര്‍.എലിന്റെ ഓഫീസിലും ഇ.ഡി. പരിശോധന നടക്കുന്നുണ്ട്. മുന്‍ മന്ത്രിയും പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഭര്‍ത്താവുമായ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലുള്ള വീട്ടിലും ഇ.ഡി സംഘം റെയ്ഡിനെത്തി.
ഈ റെയ്ഡിന് പിറകില്‍ കോണ്‍ഗ്രസ് ഇടപെടലുണ്ടെന്ന തരത്തില്‍ സി.പി.ഐ.എം അനുഭാവികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചിരുന്നു. ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒരു സംയുക്ത ഓപ്പറേഷന്റെ തുടക്കമാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജനും അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: ED Raid at Pinarayi Vijayan’s House: Respponse from Kerala Home Minister Ramesh Chennithala