അനധികൃത സ്വത്ത് സമ്പാദന കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം, പി.വി അന്‍വറിന് ഇ.ഡി. നോട്ടീസ്
Kerala
അനധികൃത സ്വത്ത് സമ്പാദന കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം, പി.വി അന്‍വറിന് ഇ.ഡി. നോട്ടീസ്
നിഷാന. വി.വി
Monday, 29th December 2025, 1:11 pm

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിന് ഇ.ഡി നോട്ടീസ്.
ബുധനാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിര്‍ദേശം.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പി.വി അന്‍വറിന്റെ സ്വത്ത് വകകളില്‍ 50 കോടിയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇ.ഡി കണ്ടെത്തല്‍. 2016ല്‍ 14. 38 കോടിയായിരുന്ന സ്വത്ത് 2021 ഓടെ 64.14 കോടിയായി വര്‍ധിച്ചതായി പറയുന്നു. ഇത്ര കുറഞ്ഞ കാലയളവില്‍ ആസ്തി വര്‍ധിച്ചതിനെ കുറിച്ച് അന്‍വര്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. വിജിലന്‍സ് കേസിന്റെ തുടര്‍ച്ചയായാണ് ഇ.ഡിയും കേസെടുത്തത്.

ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ തട്ടിപ്പിലാണ് കേസ് അന്വേഷണം. ഒരേ വസ്തുവെച്ച് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് വ്യത്യസ്ത വായ്പകള്‍ വാങ്ങിയുണ്ടെന്നതാണ് ഇ.ഡി കണ്ടെത്തല്‍. പി.വി അന്‍വറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.

നേരത്തെ അന്‍വറിന്റെ സ്ഥാപനങ്ങളിലുള്‍പ്പെടെ ആറിടത്ത് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ബിനാമി ഇടപാടുകളില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വിശദീകരണം.

റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനുളള നോട്ടീസ്.

Content Highlight: ED notice to PV Anwar in disproportionate assets case

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.