ഫെമ ചട്ടം ലംഘിച്ചെന്ന് ആരോപണം; ന്യൂസ്‌ക്ലിക്കിന് 184 കോടി രൂപ പിഴയിട്ട് ഇ.ഡി
India
ഫെമ ചട്ടം ലംഘിച്ചെന്ന് ആരോപണം; ന്യൂസ്‌ക്ലിക്കിന് 184 കോടി രൂപ പിഴയിട്ട് ഇ.ഡി
രാഗേന്ദു. പി.ആര്‍
Tuesday, 17th February 2026, 7:50 am

ന്യൂദല്‍ഹി: ഫെമ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിനും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്തയ്ക്കും 184 കോടി രൂപയുടെ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ചൈനീസ് മാധ്യമസ്ഥാപനവുമായി ബന്ധമുള്ള അമേരിക്കന്‍ പൗരനില്‍ നിന്ന് ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവര്‍ത്തകര്‍ പണം സ്വീകരിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.

ചട്ടലംഘനം കണ്ടെത്തിയെന്ന് ആരോപിച്ച് പി.പി.കെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന് 120 കോടി രൂപയും പുര്‍കായസ്തയ്ക്ക് 64 കോടി രൂപയുമാണ് ഇ.ഡി പിഴയിട്ടിരിക്കുന്നത്. ഫെമ നിയമത്തിലെ സെക്ഷന്‍ 16 പ്രകാരമാണ് നടപടി.

ഏകദേശം 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ന്യൂസ്‌ക്ലിക്കിന് ലഭ്യമായിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വാദം. ഫെമയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ഈ നിക്ഷേപം നടന്നിരിക്കുന്നതെന്നും ഇ.ഡി പറയുന്നു. രേഖകളും മറ്റു തെളിവുകളും പരിശോധിച്ച ശേഷമാണ് തങ്ങള്‍ ഈ കണ്ടെത്തലില്‍ എത്തിയതെന്നും ഇ.ഡി അവകാശപ്പെടുന്നു.

അതേസമയം ഇ.ഡിയുടെ ആരോപണങ്ങളെല്ലാം ന്യൂസ്‌ക്ലിക്ക് തള്ളി. സ്ഥാപനം ചട്ടലംഘനം നടത്തിയിട്ടില്ലെന്നും നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കുന്നതെന്നും ന്യൂസ്‌ക്ലിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

2021ല്‍ ന്യൂസ്‌ക്ലിക്ക് ആസ്ഥാനത്ത് 50 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡാണ് ഇ.ഡി നടത്തിയത്. 2023ല്‍ യു.എ.പി.എ ചുമത്തി പ്രബീര്‍ പുര്‍കായസ്തയെയും എച്ച്.ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തിയെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി 2024ല്‍ ഇരുവരെയും മോചിപ്പിച്ചിരുന്നു.

ചൈനയുടെ പ്രൊപഗണ്ട പ്രചരിപ്പിക്കുവാന്‍ ന്യൂസ്‌ക്ലിക്കിന് ഫണ്ട് ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണത്തിലാണ് പുര്‍കായസ്തയേയും അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്തത്.

ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുകയും 2019ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്‌സ് സെക്യുലറിസം ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു എഫ്.ഐ.ആര്‍.

2023 ഒക്ടോബര്‍ മൂന്നിന് പുര്‍കായസ്തയെ അറസ്റ്റ് ചെയ്തതോടൊപ്പം ന്യൂസ്‌ക്ലിക്ക് ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട 88 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും നിരവധി ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത് വലിയ വിവാദത്തിനാണ് വഴിവെച്ചത്.

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

Content Highlight: ED fines Newsclick Rs 184 crore for alleged violation of FEMA rules

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.