സൗന്ദര്യാനുഭൂതിയല്ല പരിസ്ഥിതി, നീതിയുടെ രാഷ്ട്രീയപ്രശ്‌നമാണ്
DISCOURSE
സൗന്ദര്യാനുഭൂതിയല്ല പരിസ്ഥിതി, നീതിയുടെ രാഷ്ട്രീയപ്രശ്‌നമാണ്
രഞ്ജിത് കല്യാണി
Wednesday, 9th June 2021, 6:46 pm

മുമ്പത്തെയെന്നപോലെ പരിസ്ഥിതിയെ സംബന്ധിച്ച കാതലായ പല പ്രശ്‌നങ്ങളെയും അവമതിച്ചുകൊണ്ടും അവഗണിച്ചുകൊണ്ടും മറ്റൊരു പരിസ്ഥിതിദിനം കൂടി കടന്നു പോയിരിക്കുന്നു. കേരളത്തിലെ കാര്യമെടുത്താല്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില സവിശേഷ പ്രശ്‌നങ്ങളുടെ ഇടയിലൂടെയാണ് ഇത്തവണ പരിസ്ഥിതി ദിനം കടന്നുപോയത്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളെപ്പറ്റി ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷത്തില്‍ അവധാനതയോടെയും പരസ്പര ബഹുമാനത്തോടെയും സംസാരിക്കുക എന്നത് മുമ്പ് ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ പ്രയാസകരമായിരിക്കുന്നു എന്നതാണ് ആദ്യ പ്രത്യേകത.

ഏതാണ്ട് നാല് പതിറ്റാണ്ടിന്റെ ചരിത്രമുള്ള കേരളത്തിലെ മുഖ്യധാരാ പാരിസ്ഥിതിക ചിന്ത കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി, കൃത്യമായി പറഞ്ഞാല്‍ ഗാഡ്ഗില്‍-കസ്തുരി രംഗന്‍  കമ്മറ്റി റിപ്പോര്‍ട്ടുകളുടെ പ്രസിദ്ധീകരണത്തിന് ശേഷം വലിയ തോതില്‍, പലപ്പോഴും സംഘടിതമായി എതിര്‍ക്കപ്പെട്ടു തുടങ്ങുന്നുണ്ട്. 2012 മുതല്‍ മലയോര മേഖല വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ചിലപ്പോഴൊക്കെ ഇത്തരം പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാകുന്നതും നമ്മള്‍ കണ്ടു.

പരിസ്ഥിതി ചിന്തയും പ്രസ്ഥാനങ്ങളും എതിര്‍ക്കപ്പെടുമ്പോഴും കേരള സമൂഹം കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി വലിയ തോതില്‍ പാരിസ്ഥിതികമായ വെല്ലുവിളികള്‍ നേരിടുന്നു എന്നതാണ് രണ്ടാമത്തെ പ്രത്യേകത. ഉള്‍റിച്ച് ബെക്ക് (Ulrich Beck) എന്ന സാമൂഹ്യ ശാസ്ത്രജ്ഞനെ കടമെടുത്ത് പറഞ്ഞാല്‍, കേരളം ഒരു ആപച്ഛങ്ക സമൂഹം (risk socitey) ആയി മാറിക്കൊണ്ടിരിക്കുന്നു. അതായത്, ഇനിയുള്ള കാലം നമ്മള്‍ നമ്മുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ ജീവിതങ്ങളെ ചിട്ടപ്പെടുത്തേണ്ടി വരിക ഈ റിസ്‌ക് എന്ന ധാരണയെ കേന്ദ്രബിന്ദുവാക്കികൊണ്ടായിരിക്കും എന്ന് വിചാരിക്കാവുന്നതാണ്.

ഈ റിസ്‌ക്കുകള്‍ കേരള ജനതയെ സംബന്ധിച്ച് മാത്രമല്ല, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളെ സംബന്ധിച്ചും പുതിയതാണ്. ഈ  പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ട കാലത്ത് ഇവ ഇതേ രീതിയില്‍ ഉണ്ടായിരുന്നില്ല. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭരണകൂടവും പൊതുസമൂഹവും മിക്കപ്പോഴും ഈ ദുരന്തങ്ങളെ നോക്കിക്കാണുന്നത് ഇവ തികച്ചും സ്വാഭാവികമായ ഒന്നാണ് എന്ന രീതിയിലാണ്. പ്രകൃതി ദുരന്തങ്ങള്‍ എന്ന് പൊതുവെ അറിയപ്പെടുന്ന പലതും എത്രമാത്രം മനുഷ്യനിര്‍മ്മിതമാണ് എന്ന് ഇക്കാലത്ത് പൊതുവെ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണല്ലോ. എന്നാല്‍ നമ്മള്‍ ഇവയെ മാനേജീരിയലും ടെക്നിക്കലും ആയി മാത്രമാണ് സമീപിക്കുന്നത് എന്നത് ഒരു പരിമിതിയാണ്. ഏറിവന്നാല്‍ ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ചിലപ്പോള്‍ പ്രതിചേര്‍ത്തു കാണാറുണ്ട്. എന്നാല്‍ ഇവയുടെ സാമൂഹികവും പാരിസ്ഥിതികവുമായ വശങ്ങള്‍ മിക്കപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യാറുള്ളത്.


പരിസ്ഥിതി പ്രവര്‍ത്തകരും അവരെ എതിര്‍ക്കുന്നു എന്ന് പറയുന്നവരും അംഗീകരിക്കാന്‍ മടിക്കുന്ന പരസ്പര വിരുദ്ധങ്ങളായ ഈ രണ്ട് സാഹചര്യങ്ങള്‍ക്കിടയിലൂടെയാണ് ഈ പരിസ്ഥിതി ദിനം കടന്നുപോകുന്നത്. ഈ ഒരു സാഹചര്യത്തില്‍ നമുക്ക് പരമ്പരാഗത മാമൂല്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാകുമോ എന്നതാണ് ഒരു സവിശേഷ ചോദ്യം. പരിസ്ഥിതിയെപ്പറ്റിയുള്ള സാമാന്യമായ മനസ്സിലാക്കലുകളും ഭാവനകളും നിലവിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും അവര്‍ സൂക്ഷിക്കുന്ന പാരിസ്ഥിതിക അവബോധങ്ങളെയും കൂടി ഉത്പന്നങ്ങളാണ് എന്നതിനാല്‍ പരിസ്ഥിതിയെപ്പറ്റി എന്നപോലെ തന്നെ പ്രസ്ഥാനങ്ങളെ പറ്റിയും പ്രവര്‍ത്തനങ്ങളെ പറ്റിയും സംസാരിക്കേണ്ടതുണ്ട്. ആഗോള വ്യാപകമായും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ചില സന്ദിഗ്ധതകളെ അഭിമുഖീകരിക്കുന്നുണ്ട്

ആന്ത്രോപോസീന്‍ (Anthropocene) ചര്‍ച്ചകളുമായി ബന്ധപ്പെട്ടതാണ് ഒരു പ്രശ്‌നം. അതായത്, നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തെ നിര്‍ണയിക്കുന്നതില്‍ മനുഷ്യന്‍ എന്ന ജീവിവര്‍ഗ്ഗം സവിശേഷമായി ഭൂമിക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദം സാരമുള്ളതാണോ എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണിത്. ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഇത് ഗൗരവപൂര്‍വം ശരിവക്കുന്നുണ്ട്. മനുഷ്യ വര്‍ഗ്ഗത്തിന്റെ സവിശേഷ സമ്മര്‍ദ്ദം ഏത് കാലം മുതല്‍ തുടങ്ങുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. പുതിയ കാര്‍ഷിക രീതികള്‍ രൂപം കൊള്ളുന്ന നവീനശിലായുഗ കാലം   മുതല്‍ ആണെന്ന് പറയുന്നവരും ലേറ്റ് മുതലാളിത്ത കാലം മുതല്‍ ആണെന്ന് പറയുന്നവരും ഒക്കെ ഉണ്ട്.

ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഈ വാദത്തോട് യോജിക്കുമ്പോഴും, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പലപ്പോഴും ശാസ്ത്രത്തിന്റെ രീതിശാസ്ത്രങ്ങളാല്‍ അല്ല മറിച്ച് തദ്ദേശീയ ജനതയുടെ സാമ്പ്രദായിക ജ്ഞാനത്താല്‍ ആണ് മനസ്സിലാക്കാന്‍ കഴിയുക എന്ന് വിചാരിക്കുന്ന പാരിസ്ഥിതിക ചിന്തയും പ്രബലമായി നിലനില്‍ക്കുന്നുണ്ട്. അതേസമയം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നത് ആധുനിക ശാസ്ത്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ആണെന്നും ആയതിനാല്‍ ശാസ്ത്രീയ ബോധമാണ് പരിസ്ഥിതി പ്രസ്ഥാനങ്ങളെ സംബന്ധിച്ച് പ്രധാനമായത് എന്ന മറുവാദവും നിലനില്‍ക്കുന്നു.

ആത്യന്തികമായി പരിസ്ഥിതി എന്താണ് എന്ന മൗലികമായ ചോദ്യമാണ് ഈ ചര്‍ച്ചകളുടെ ഒരു കേന്ദ്രബിന്ദു. അത് പ്രകൃതിയെ മനസ്സിലാക്കുന്ന സമീപന രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതി എന്നത് ഭവശാസ്ത്രപരമായ തനിമ (ontological independence) ആരോപിക്കാവുന്ന ഒന്നാണോ? അതായത് ഒരു ലബോറട്ടറിയിലെ പഠന വസ്തുവിനെ എന്നപോലെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ സ്വാധീനങ്ങളൊന്നും ഏശാതെ ഒരുതരം ശുദ്ധ ദ്രവ്യമായിമായി പ്രകൃതിയെ കാണുന്ന ഒരു സമീപനം. ഈ ഭൗതിക വാദം, പ്രകൃതി നിയമങ്ങള്‍ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ പറ്റുന്നവയാണെന്നും അത്തരം മനസ്സിലാക്കലിലൂടെ പ്രകൃതിക്ക് ദോഷമില്ലാതെ മനുഷ്യരുടെ സൗകര്യാര്‍ത്ഥം പ്രകൃതിയെ മാറ്റാവുന്നതാണ് എന്നും പറയുന്നു.

ഈ വാദത്തെ എതിര്‍ക്കുന്നവര്‍ വിജ്ഞാനശാസ്ത്രപരമായ (epistemological) ഒരു നിലയാണ് മുന്നോട്ടു വെക്കുന്നത്. അതായത്, പ്രകൃതിയെ പറ്റിയുള്ള മനുഷ്യരുടെ മനസിലാക്കലുകള്‍, ശാസ്ത്രീയ ജ്ഞാനം ഉള്‍പ്പെടെ, പരിമിതമാണ്. അതായത്, മനുഷ്യര്‍ പ്രകൃതിയായി കാണുന്നത് മനുഷ്യര്‍ മനസ്സിലാക്കുന്നത് (human construction) മാത്രമാണ്. അത് യാഥാര്‍ഥ്യത്തിന്റെ പൂര്‍ണതയല്ല. ശാസ്ത്രത്തിന്റെ തത്വചിന്തയില്‍ ഈ ചര്‍ച്ച ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. ഈ രണ്ടു സമീപനങ്ങളുടെയും പരിമിതികളെ കുറിച്ച് ചില അഭിപ്രായ സമന്വയങ്ങളും ഉരുത്തിരിഞ്ഞിട്ടുണ്ട്. ചരിത്ര നിരപേക്ഷമായ കണക്കുകളായോ, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാനങ്ങളില്ലാത്ത ശുദ്ധ ജ്ഞാനമായോ ശാസ്ത്രത്തെ ഇന്ന് യാഥാര്‍ത്ഥ്യവാദികള്‍ (realists) കണക്കാക്കുന്നില്ല. അതുപോലെ അപകടകരമായ ആപേക്ഷികതാ വാദങ്ങളെ (relativism) നിര്‍മ്മാണ വാദികളും (constructionists) തള്ളിക്കളയുന്നുണ്ട്.


ഈ പ്രശ്‌നത്തെ അല്പംകൂടി ഗാഢമായി സമീപിക്കാന്‍ ചില ചട്ടക്കൂടുകള്‍ സാമൂഹ്യ ചിന്തകരും തത്വ ചിന്തകരും ഉപയോഗിച്ച് കാണുന്നുണ്ട്. റോയ് ഭാസ്‌കര്‍ മുന്നോട്ടു വെക്കുന്ന ക്രിട്ടിക്കല്‍ റിയലിസം (ലൂക്കാച് പറയുന്ന, എം കൃഷ്ണന്‍ നായരിലൂടെ മലയാളികള്‍ക്ക് പരിചിതമായ aesthetics മായി ബന്ധപ്പെട്ട ക്രിട്ടിക്കല്‍ റിയലിസം അല്ല ഇത്), ബ്രൂണോ ലത്തൂര്‍ന്റെ ആക്റ്റര്‍ നെറ്റ്‌വര്‍ക്ക് തിയറിയുടെ പശ്ചാത്തലത്തിലെ  വിശകലനങ്ങള്‍, ഷീല ജാസ്നോഫ് പറയുന്ന കോപ്രോഡക്ഷന്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഈ ലേഖനത്തിന്റെ പ്രധാന വാദമായ സാമൂഹ്യനീതിയുടെ പ്രശ്‌നവുമായി ഈ ചര്‍ച്ചകള്‍ക്കും ബന്ധങ്ങള്‍ ഉണ്ട്. പ്രധാന ഉദ്ദേശ്യം അല്ലാത്തതിനാല്‍ ഇവിടെ വിശദീകരണത്തിനു മുതിരുന്നില്ല.

പരിസ്ഥിതിയെ പറ്റിയുള്ള കാഴ്ചപ്പാടുകള്‍ പോലെ തന്നെ പരിസ്ഥിതി പ്രസ്ഥാനങ്ങളും ആഗോളവ്യാപകമായി ചോദ്യം ചെയ്യപ്പെടുകയും പുതിയ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യപ്പെടുകയും ഒക്കെ ഉണ്ടാകുന്നുണ്ട്. ചില പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ അധീശത്വ സ്വഭാവങ്ങള്‍ സ്വീകരിക്കുമ്പോള്‍ ചിലവ വിമോചനാത്മകമായ ഉള്‍ക്കരുത്ത് സൂക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനും ശ്രദ്ധിക്കാറുണ്ട്. കേരളത്തിലും പലതരം പാരിസ്ഥിതിക അവബോധങ്ങളും പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ആണുള്ളത്. എന്നാല്‍ ഈ പലമ, പരിസ്ഥിതിയെ എങ്ങനെ കാണുന്നു എന്നതിലോ പുതിയ ലോക വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിലോ കാണുന്നില്ല.

അഥവാ, രൂപം കൊണ്ട സമയത്തേതില്‍ നിന്നു കാര്യമായ ഉരുത്തിരിയലുകള്‍ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ചിട്ടില്ല. ഈ പരിസ്ഥിതി ദിനത്തിലും നമ്മള്‍ കണ്ടത് പരിസ്ഥിതി എന്നതിനെപ്പറ്റിയുള്ള ആഴംകുറഞ്ഞ ഔത്സുക്യങ്ങള്‍ ആണ്. അതായത് പരിസ്ഥിതി ദിനം ആചരിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും പാരിസ്ഥിതിക ചിന്ത എന്നത് വലിയ കെട്ടുറപ്പുകള്‍ ഇല്ലാത്ത, ഏതാനും ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ തമ്മില്‍ തമ്മില്‍ പറയുന്ന, പൊള്ളയായിക്കൊണ്ടിരിക്കുന്ന ഒരു ജ്ഞാനരൂപം ആയാണ് നിലനില്‍ക്കുന്നത്. അമേരിക്കന്‍ സന്ദര്‍ഭം ഉദാഹരണമായി എടുത്താല്‍, അവിടത്തെ anti -racist പ്രക്ഷോഭങ്ങള്‍ പരിസ്ഥിതി പ്രസ്ഥാനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. പാരിസ്ഥിതിക നീതി (environmental justice) എന്നത് ഒരു പ്രധാന സമീപനമായി മാറുന്നത് ഇത്തരം ഒരു പശ്ചാത്തലത്തില്‍ ആണ്.

കേരളത്തിലേക്ക് വന്നാല്‍, നേരത്തെ പറഞ്ഞതുപോലെ ഗാഡ്ഗില്‍-കസ്തുരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളാണ് പാരിസ്ഥിതിക ചിന്തകളെ കാര്യമായി പ്രകടമായി എതിര്‍ത്ത് കാണുന്നത്. എന്നാല്‍ ഈ സമരങ്ങളെ നിര്‍മാണാത്മകമായി സമീപിക്കാന്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കാര്യമായി മുതിര്‍ന്നു കണ്ടിട്ടില്ല. മറിച്ചു, ആ സമരങ്ങളെ മുഴുവനായും പാറമട മുതലാളിമാരും റിസോര്‍ട്ട് ഉടമകളും വനം കയ്യേറ്റ മാഫിയകളും സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് എന്ന തരത്തിലാണ് സമീപിച്ചത്. ഇത്തരം സ്ഥാപിത താല്പര്യക്കാരുടെ അവിഹിതമായ ഇടപെടലുകള്‍ ഈ സമരങ്ങളില്‍ ഉണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവുകളില്‍ ഇറങ്ങി പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു പ്രവര്‍ത്തിയെ ഈ രീതിയില്‍ ചുരുക്കി മാത്രം നോക്കി കാണുന്നത് പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളെ അല്പം പോലും പരിപോഷിപ്പിക്കില്ല എന്ന കാര്യം മുഖ്യധാരാ പരിസ്ഥിതി പ്രസ്ഥാനങ്ങളോ പ്രവര്‍ത്തകരോ മനസ്സിലാക്കിയതായി കാണുന്നില്ല.

മലബാര്‍ മൈേ്രഗഷനുമായി ബന്ധപ്പെട്ട ചരിത്രപരമായ പ്രത്യേകതകള്‍, വന്യജീവികളുടെ ആക്രമണങ്ങള്‍, ഫോറസ്‌ററ് ബ്യുറോക്രസിയുടെ ശല്യങ്ങള്‍ തുടങ്ങി പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു ജനവിഭാഗത്തോട് ആരോഗ്യകരമായ രീതിയില്‍ ഉള്ള സംവാദ ഇടപെടല്‍ സാധ്യമാകാതെ പോയത് എന്തുകൊണ്ടാണ്? അതേസമയം, മലയോര ജനത എന്ന് സ്വയം വിശേഷിപ്പിക്കുന്ന, എന്നാല്‍ ഒരു വരേണ്യ ന്യുനപക്ഷത്തിന്റെ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന, കേരളത്തിലെ രണ്ടു പ്രബല രാഷ്ട്രീയ മുന്നണികളുടെയും പരിലാളനകളും മത സ്ഥാപനങ്ങളുടെയും പൗരോഹിത്യ വിഭാഗങ്ങളുടെയും സംരക്ഷണവും എല്ലാമുള്ള ഒരു പ്രബല വിഭാഗമാണ് ഒരുതരം കപട-പീഡ (false victimhood) ആരോപിച്ചു കായികമായ ആക്രമണങ്ങള്‍ക്കും സംവാദങ്ങള്‍ അസാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്.


പുതിയ സാഹചര്യത്തില്‍ risk aware ആയ പുതിയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ രൂപമെടുക്കുമോ അഥവാ നിലവിലുള്ളവ ഒരു ശാസ്ത്രജ്ഞ-മാധ്യമപ്രവര്‍ത്തക പാനല്‍ എന്നതിനപ്പുറത്തേക്ക് വലിയ ജനകീയ പ്രസ്ഥാനങ്ങളായി വളരുമോ എന്നീ കൗതുകങ്ങള്‍ നിലനില്‍ക്കുന്നു. ആദ്യത്തെ പ്രളയത്തിന് ശേഷം മലയോര മേഖലയിലെ കര്‍ഷകര്‍ ഗാഡ്ഗിലുമായി നടത്തിയ കൂടിക്കാഴ്ചകള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്. അപ്പോഴും ഓര്‍ക്കേണ്ട ഒരുകാര്യം ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‌നം പാരിസ്ഥിതികതയുമായി കണ്ണിയിണക്കപ്പെടാതെ പോകുന്നു എന്നതാണ്. ആ പ്രശ്‌നം സാമൂഹ്യ നീതിയുടേതാണ്. അത് പലതരത്തില്‍ അതിസങ്കീര്‍ണമായി പാരിസ്ഥിതികതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ ദുരന്തങ്ങളില്‍ സംഭവിച്ച മനുഷ്യ അപായങ്ങള്‍ മാത്രം ഒന്ന് ശ്രദ്ധിക്കുക. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചത് ബഹുഭൂരിപക്ഷവും ആദിവാസി സമുദായ അംഗങ്ങള്‍. പെട്ടിമുടിയില്‍ ദളിതരായ തോട്ടം തൊഴിലാളികള്‍, (വിവരത്തിനു കടപ്പാട്, അജയ് കുമാര്‍, റൈറ്റ്‌സ്). ഓഖി ചുഴലിക്കാറ്റ്, സുനാമി, ഇപ്പോള്‍ രൂക്ഷമാകുന്ന കടല്‍ക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏറ്റവും ബാധിക്കുന്നത് മത്സ്യ തൊഴിലാളികളെ (മൂന്നു പ്രളയങ്ങളില്‍ മരണപ്പെട്ടവരുടെ സാമൂഹ്യ ശ്രേണിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല, ശേഖരിച്ചു വരികയാണ്).  രക്ഷാ പ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും ഉണ്ടാകുന്ന പുറംതള്ളപ്പെടല്‍ ഒന്നും പരിഗണിക്കാതെ, മരണനിരക്ക് മാത്രം പരിശോധിക്കുമ്പോഴത്തെ കാര്യമാണ് ഇത്.

ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ – ഇപ്പോള്‍ പാരിസ്ഥിതിക ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ഇവിടെ ഈ വിഭാഗങ്ങളെ പറ്റി സംസാരിക്കുന്നത്. മുന്‍പ് കേരള വികസന മാതൃകയുടെ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ജന വിഭാഗങ്ങള്‍ ചര്‍ച്ചകളില്‍ വരുന്നത്. വികസന പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുന്നവര്‍ തന്നെ പാരിസ്ഥിതിക ദുരന്തങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നവരാകുന്നു എന്ന സവിശേഷതയെ ഏറ്റവും പ്രധാനമായ സംഗതിയാക്കി അംഗീകരിച്ചുകൊണ്ടല്ലാതെ അര്‍ത്ഥപൂര്‍ണമായ പരിസ്ഥിതി ഇടപെടലുകള്‍ എത്രമാത്രം കേരളത്തില്‍ ഇനി സാധ്യമാകും എന്നതാണ് ഒരു പ്രശ്‌നം.

ഇത് പരിസ്ഥിതി പ്രവര്‍ത്തകരോ പ്രസ്ഥാനങ്ങളോ മനസ്സിലാക്കാത്ത കാര്യമാണെന്ന് തോന്നുന്നില്ല. പലപ്പോഴും ഈ പ്രശ്‌നത്തെ അവര്‍ പരാമര്‍ശിക്കാറുമുണ്ട്. പക്ഷെ, അവ ഏറ്റവും പ്രധാന അജണ്ടകളില്‍ ഉള്‍പ്പെടാറില്ല. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ തുടങ്ങുന്ന കേരളത്തിലെ പാരിസ്ഥിതിക മുന്നേറ്റങ്ങളില്‍ പോലും അറിഞ്ഞോ അറിയാതെയോ ഈ ഒഴിവാക്കല്‍ നടക്കുന്നുണ്ട്. ഈ ഒഴിവാക്കല്‍ മറ്റൊരു നൈതിക പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കുന്നു. പാരിസ്ഥിതിക നീതിയുമായി ബന്ധപ്പെട്ടതാണ്. അതായത്, മേല്‍പ്പറഞ്ഞ ജനവിഭാഗങ്ങള്‍ വളരെക്കാലമായി രാഷ്ട്രീയമായി അവരെ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നവരാണ്. അവരുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് വിഭവാധികാരവുമായി ബന്ധപ്പെട്ടതാണ്.


അത് ആദിവാസി സമുദായങ്ങളുടെ ഭൂഅധികാരത്തിനും വനാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങള്‍, ദളിത് സമുദായങ്ങളുടെ ഭൂമി പ്രശ്‌നം, മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന മത്സ്യബന്ധനവുമായും തീരങ്ങളില്‍ നിന്നുള്ള കുടിയിറക്കിനെതിയരായും ഒക്കെയുള്ള സമരങ്ങള്‍, തോട്ടം തൊഴിലാളികള്‍ ഉയര്‍ത്തുന്ന ഭൂമി ഉള്‍പ്പെടെ ഉള്ള രാഷ്ട്രീയ ആവശ്യങ്ങള്‍ എന്നിങ്ങനെ നീളുന്നു. ഈ സമരങ്ങളിലെയെല്ലാം ഒരു പൊതു ഘടകം, ഒരുപക്ഷെ ഒരു പ്രധാന ഘടകം ഇവ പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നതാണ്. ഈ ഉടമസ്ഥത ചരിത്രപരമായി നിഷേധിക്കപ്പെട്ട ജനത എന്ന നിലയെ ഒരുതരത്തിലുള്ള പാരിസ്ഥിതിക അനീതിയായും കണക്കാക്കാനാകും.

ഇന്ത്യയിലെ പ്രബല പരിസ്ഥിതി പ്രസ്ഥാനങ്ങളെ പറ്റിയുള്ള ഒരു ധാരണ അവ പ്രധാനമായും മുന്നോട്ട് വെച്ചത് തദ്ദേശീയ ജനതകളുടെ വിഭവാധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആയിരുന്നു എന്നതാണ്. കേരളത്തിലും അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും പരിസ്ഥിതി എന്നത് സൗന്ദര്യാനുഭൂതിയോ എക്കോളജിക്കല്‍ പ്രാധാന്യങ്ങളോ ഒക്കെ ആയാണ് പ്രധാനമായും മനസ്സിലാക്കി പോരുന്നത്. ഈ മനസ്സിലാക്കലുകള്‍ പൂര്‍ണമായും തെറ്റാണ് എന്നല്ല ഇവിടെ പറയുന്നത്. മറിച്ച് അത് വിഭവാധികാര പ്രശ്‌നങ്ങളെ ഉന്നയിക്കുന്ന വിശാലമായ ഒരു രാഷ്ട്രീയ മുന്നേറ്റം ആകാതിരിക്കുന്നതിന്റെ സമസ്യകളാണ് പ്രശ്‌നം. കേരള വികസന മാതൃകയില്‍ നിന്നും, പാരിസ്ഥിതിക പ്രസ്ഥാനങ്ങളില്‍ നിന്നും, പാരിസ്ഥിതിക നീതിയില്‍ നിന്നും പുറത്താക്കപ്പെട്ട അതേ ജനവിഭാഗങ്ങള്‍ ഇപ്പോള്‍ പാരിസ്ഥിതിക അത്യാഹിതങ്ങളുടെ ഏറ്റവും പ്രധാന സ്വീകര്‍ത്താക്കള്‍ ആകേണ്ടിവരുന്നു എന്ന രാഷ്ട്രീയ പ്രശ്‌നമാണ് ഇത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ecology is politics