യു.എന്‍ പൂര്‍ണാംഗത്വത്തിനുള്ള പിന്തുണക്ക് പുറമെ ഫലസ്തീന് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് ഇന്ത്യ
Trending
യു.എന്‍ പൂര്‍ണാംഗത്വത്തിനുള്ള പിന്തുണക്ക് പുറമെ ഫലസ്തീന് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് ഇന്ത്യ
റെന്വര്‍ പി
Tuesday, 14th July 2026, 11:40 pm

ന്യൂയോര്‍ക്ക്: ഫലസ്തീന് ഇന്ത്യ പുതിയ മാനുഷിക സഹായങ്ങള്‍ പ്രഖ്യാപിച്ചു. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിയായ യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക് ഏജന്‍ഡി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് യു.എന്‍.ആര്‍.ഡബ്ല്യു.എ വഴിയാണ് സഹായം.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഈ കാര്യം പ്രഖ്യാപിച്ചത്. യു.എന്‍ രക്ഷാസമിതി താത്കാലിക അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാനായി ന്യൂയോര്‍ക്കിലെത്തിയതായിരുന്നു അദ്ദേഹം.

യു.എന്‍.ആര്‍.ഡബ്ല്യു.എ ഇന്ത്യയെ വളര്‍ന്നു വരുന്ന ദാതാക്കളിലൊരാളായി കാണുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ഫലസ്തീന്‍ ഡോണര്‍ ഗ്രൂപ്പ് യോഗത്തില്‍ നമ്മള്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് ഫലസ്തീനില്‍ ഒരു സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ഡോളറിന്റെ സഹായം യു.എന്‍.ആര്‍.ഡബ്ല്യു.എക്ക് ഇന്ത്യ ഉറപ്പ് നല്‍കിയിന്നു. ഇതില്‍ 2.5 ദശലക്ഷം കഴിഞ്ഞ മാസം ഇന്ത്യ കൈമാറുകയും ചെയ്തിരുന്നു.

ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനുള്ള പിന്തുണ ഫലസ്തീന്‍ ഡോണര്‍ ഗ്രൂപ്പ് മന്ത്രിതല യോഗത്തില്‍ ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. യോഗത്തില്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി പ്രിയ രംഗനാഥനാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുള്ള സംഘടനയാണ് ഫലസ്തീന്‍ ഡോണര്‍ ഗ്രൂപ്പ്. 900 ദശലക്ഷം യൂറോയുടെ ധന സഹായ പാക്കേജ് ഡോണര്‍ ഗ്രൂപ്പ് ഫലസ്തീന് വേണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫലസ്തീന്‍ – ഇസ്രഈല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന നിലപാടും ഇന്ത്യ യോഗത്തില്‍ ആവര്‍ത്തിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണ തുടരും. ഫലസ്തീന്‍ ജനതയുടെ ദീര്‍ഘകാല പങ്കാളികളാണ് ഇന്ത്യയെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി പറഞ്ഞു.

ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ ഫലസ്തീനില്‍ വലിയ പദ്ധതികൡ ഇന്ത്യയുടെ ഇടപെടലുള്ളതായി മന്ത്രാലയം സെക്രട്ടറി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യം, പുനരധിവാസം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നീ രംഗങ്ങളില്‍ ഫലസ്തീനില്‍ ഇന്ത്യ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതായും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlight: EAM India S Jaishankar announces fresh aid to Palestine as India launches UNSC bid

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.