തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിന് മുന്നില്‍ ‘താമരയില്‍ കൈപ്പത്തി’ ചിഹ്നമുള്ള ഫ്ലക്സ് സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയുമായി മുന്നണിയുണ്ടാക്കിയതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയുടെ പരിഹാസം.
മറ്റത്തൂര്‍ മേഖലാ കമ്മിറ്റിയാണ് കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ലക്ഷ്യമിട്ട് പഞ്ചായത്തിന് മുമ്പാകെ ഫ്ലക്സ് സ്ഥാപിച്ചത്. ‘കോണ്‍ഗ്രസ് ജനതാ പാര്‍ട്ടി’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
അതേസമയം പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച എട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് എതിരെ ഡി.സി.സി നടപടി സ്വീകരിച്ചു. വിമതര്‍ ഉള്‍പ്പെടെ പത്ത് പേരെ സസ്പെന്‍ഡ് ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജെറ്റിന്റേതാണ് നടപടി.
സസ്പെന്‍ഷന്‍ നേരിട്ടവര്‍ക്ക് വിപ്പ് നല്‍കിയിരുന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഡി.സി.സി അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മറ്റത്തൂര്‍ പഞ്ചായത്തിലേക്ക് വിജയിച്ചെത്തിയത്. കോണ്‍ഗ്രസിന്റെ രണ്ട് വിമതരും വിജയിച്ചു. തുടര്‍ന്ന് വിമതരെ കോണ്‍ഗ്രസ് ഒപ്പം കൂട്ടിയതോടെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കക്ഷിനില പത്ത്-പത്ത് എന്ന നിലയിലേക്ക് എത്തുകയായിരുന്നു.
നാല് സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സ്വതന്ത്രരായി ജയിച്ചവരില്‍ ഒരാള്‍ എല്‍.ഡി.എഫ് പാളയത്തിലേക്കും മറ്റൊരാള്‍ ബി.ജെ.പിയിലേക്കും കളം മാറി.
കോണ്‍ഗ്രസ് വിമതയായിരുന്ന ടെസി ജോസാണ് ബി.ജെ.പിയിലേക്ക് പോയത്. സമാനമായി ജയിച്ച കെ.ആര്‍. ഔസേപ്പ് എല്‍.ഡി.എഫിലേക്കും മാറി. ഇരുവരും സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വിമതരായി മത്സരിച്ചത്.
ഭരണം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ച് ബി.ജെ.പിയുമായി മുന്നണി ഉണ്ടാക്കിയത്. നിലവില്‍ കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസി ജോസിനാണ് പ്രസിഡന്റ് സ്ഥാനം.
എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രമായ മറ്റത്തൂരില്‍ ഐതിഹാസിക വിജയമാണ് യു.ഡി.എഫ് നേടിയത്. എന്നാൽ കോണ്‍ഗ്രസ് മെമ്പര്‍മാരുടെ കൂട്ടരാജിയും ബി.ജെ.പിയുമായുള്ള മുന്നണിയും തിരിച്ചടിയാകുകയായിരുന്നു.
Content Highlight: DYFI with a ‘palm on lotus’ flex in front of Mattathur Panchayat