കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പോറ്റി അറസ്റ്റിലായിട്ട് 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസം കഴിഞ്ഞിട്ടും എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കോടതി സ്വാഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു.
അതേസമയം കട്ടിളപാളി കേസിലും പ്രതിയായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ തന്നെ തുടരും. ഈ കേസില്‍ 90 ദിവസം പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നാഴ്ച സമയം കൂടിയുണ്ട്.
ഇതിനുള്ളില്‍ പോറ്റിക്കെതിരെ എസ്.ഐ.ടി വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.
90 ദിവസമായിട്ടും എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന കോടതിയുടെ ചോദ്യത്തിന്, കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാണ് എസ്.ഐ.ടി മറുപടി നല്‍കിയത്. കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പോറ്റിക്ക് കട്ടിളപാളി കേസിലും ജാമ്യം ലഭിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി കൂടിയാണ്. 2025 നവംബര്‍ 17നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അതേസമയം ഇന്ന് (ചൊവ്വ) രാവിലെ സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി, മൂരാരി ബാബു, എ. പത്മകുമാര്‍, എന്‍. വാസു, സ്വര്‍ണവ്യാപാരി ഗോവര്‍ധനന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
കേസിലെ മറ്റു പ്രതികളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, എസ്. ബൈജു എന്നിവരുടെ വീടുകളിലും പരിശോധന ഉണ്ടായിരുന്നു.
ദേവസ്വം ബോര്‍ഡ് ആസ്ഥാനം, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസ്, ബെംഗളൂരുവിലെ ഗോവര്‍ധനന്റെ ജ്വല്ലറി തുടങ്ങിയ ഇടങ്ങളില്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.