രജിനിയോടൊപ്പമുള്ള 'മാജിക്കല്‍ മൊമെന്റ്' പങ്കുവെച്ച് ദുഷാര വിജയന്‍
Indian Cinema
രജിനിയോടൊപ്പമുള്ള 'മാജിക്കല്‍ മൊമെന്റ്' പങ്കുവെച്ച് ദുഷാര വിജയന്‍
ഹണി ജേക്കബ്ബ്
Friday, 1st August 2025, 7:47 am

ദുഷാര വിജയന്‍ എന്ന നടിയുടെ റേഞ്ച് മനസിലാക്കാന്‍ അവരുടെ സര്‍പ്പട്ട പരമ്പരൈ എന്ന ഒറ്റ ചിത്രം കണ്ടാല്‍ മതിയാകും. ബോക്‌സിങ്ങിന്റെ ഇടയില്‍ താന്‍ എന്നൊരു വ്യക്തിയെ കാണാതെ പോകുന്ന ഭര്‍ത്താവിനെ ശാസിച്ച് ‘എനിക്ക് വിശക്കുന്നു, പോയി ചോറെടുത്ത് വന്ന് വാരിതാ’ എന്ന് പറയുന്ന കര്‍ക്കശക്കാരിയായ ഭാര്യയായി ദുഷാര എത്തിയപ്പോള്‍ തമിഴ് സിനിമയിലെ നായിക സങ്കല്‍പ്പങ്ങള്‍ക്ക് പുതിയൊരു മാനം തെളിയുകയായിരുന്നു.

സര്‍പ്പട്ട പരമ്പരൈയിലൂടെ നിരവധി അവസരങ്ങളാണ് ആ ദിണ്ടിഗല്‍കാരിയെ തേടിയെത്തിയത്. രജിനികാന്തിന്റെ കടുത്ത ആരാധിക കൂടിയായ ദുഷാരയുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് വേട്ടൈയന്‍ എന്ന ചിത്രത്തിലെ വേഷം. രജിനികാന്തിനോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലെന്നാണ് നടി പറഞ്ഞത്.

‘എനിക്ക് ആദ്യ ദിവസത്തെ ഷൂട്ട് തന്നെ അദ്ദേഹത്തോടൊപ്പമായിരുന്നു. അന്ന് എനിക്ക് ഭയങ്കര പനിയായിരുന്നു. ഡയറക്ടര്‍ ജ്ഞാനവേല്‍ അക്കാര്യം അവതരിപ്പിച്ചുകൊണ്ടാണ് എന്നെ രജിനി സാറിന് പരിചയപ്പെടുത്തിയത്,’ ദുഷാര വിജയന്‍ പറയുന്നു.

എന്നാല്‍ തന്റെ തലൈവരെ കണ്ട ആനന്ദത്തില്‍ നില്‍ക്കുന്ന ദുഷാരയോട് ‘ഇവരെ അറിയാതിരിക്കുമോ? സര്‍പ്പട്ടാവില്‍ കലക്കിയ ആളല്ലേ?’ എന്നുകൂടി അദ്ദേഹം പറഞ്ഞപ്പോള്‍ ആ തുടക്കക്കാരി മായാലോകത്തേക്കെത്തി. ഇത് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് അറിയുന്നതിന് മുമ്പ് രജിനിയുടെ വക അടുത്ത കോംപ്ലിമെന്റും, ‘നിങ്ങളുടെ ഇന്റര്‍വ്യൂകളും കണ്ടിട്ടുണ്ട്. നിങ്ങള്‍ വളരെ ബോള്‍ഡായി സംസാരിക്കുന്നുണ്ട്….’ ദുഷാരയുടെ മനസില്‍ ലഡ്ഡു പൊട്ടി.

അത്രയും വലിയ സൂപ്പര്‍സ്റ്റാര്‍ ഒരു ചെറിയ നടിയായ തന്നെ മനസ് തുറന്ന് അഭിനന്ദിച്ചപ്പോള്‍ അഭിമാനം തോന്നി. പിന്നെ കുറച്ച് അഭിമാനത്തോടെയാണ് രജിനികാന്തിനോട് സംസാരിക്കാന്‍ തുടങ്ങിയതെന്ന് ദുഷാര പറഞ്ഞു. അത്രയും ഉയരത്തില്‍ നില്‍ക്കുമ്പോഴും മറ്റുള്ളവരോട് എളിമയോടെ പെരുമാറുന്ന രജിനികാന്തിനെ പിന്നെ അത്ഭുതത്തോടെയല്ലാതെ നോക്കിക്കാണാന്‍ ആ നടിക്ക് കഴിഞ്ഞില്ല.

ഇരുപത് ദിവസത്തോളം ‘വേട്ടൈയന്‍’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ച. ഓരോ ദിവസവും ദുഷാര പുതിയതെന്തെങ്കിലും രജിനിയില്‍ നിന്ന് പഠിച്ചുകൊണ്ടിരുന്ന. ഒടുവിന്‍ തന്റെ ഷെഡ്യൂള്‍ കഴിഞ്ഞ് പോകുമ്പോള്‍ രജിനികാന്തിന്റെ സ്വഭാവത്തിന്റെ പത്ത് ശതമാനമെങ്കിലും തന്റെ കൂടെ കൂട്ടാന്‍ അവര്‍ മറന്നില്ല.

Content Highlight: Dushara Vijayan Talks About Rajinikanth

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം