| Friday, 14th February 2025, 10:10 am

ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം; ഒരു സഹോദരിക്ക് അവളുടെ ഏട്ടന്‍ നല്‍കിയ മികച്ച സമ്മാനമായിരുന്നു അത്: ദുര്‍ഗ കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് സുകുമാരന്‍ നായകനായ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ നായികയായി മലയാള സിനിമയിലേക്ക് എത്തുന്നത്. പ്രേതം 2, ഉടല്‍, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടാന്‍ ദുര്‍ഗക്ക് സാധിച്ചിരുന്നു.

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഈയിടെ ഇറങ്ങിയ ആന്തോളജി ചിത്രമായ മനോരഥങ്ങളിലും ഒരു പ്രധാന വേഷത്തില്‍ ദുര്‍ഗ കൃഷ്ണ എത്തിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ദുര്‍ഗ അഭിനയിച്ചത്.

മുമ്പൊരിക്കല്‍ മോഹന്‍ലാല്‍ നടിയെ നേരിട്ട് കണ്ട് പിറന്നാള്‍ ആശംസിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ നേരിട്ട് കണ്ടതിനെ കുറിച്ച് പറയുകയാണ് ദുര്‍ഗ കൃഷ്ണ.

പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയത് അന്ന് തനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരുന്നു എന്നാണ് നടി പറയുന്നത്. തനിക്കേറെ പ്രിയപ്പെട്ടയാളാണ് അദ്ദേഹമെന്നും ഒരു സഹോദരിക്ക് അവളുടെ ഏട്ടന്‍ നല്‍കിയ മികച്ച സമ്മാനമായിരുന്നു ആ സായാഹ്നമെന്നും ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

‘അന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരുന്നു പിറന്നാള്‍ ദിനത്തില്‍ ലാലേട്ടനെ കണ്ടുമുട്ടിയത്. അന്ന് അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എനിക്കേറെ പ്രിയപ്പെട്ടയാളാണ് ലാലേട്ടന്‍.

ഒരു സഹോദരിക്ക് അവളുടെ ഏട്ടന്‍ നല്‍കിയ മികച്ച സമ്മാനമായിരുന്നു ആ സായാഹ്നം. ചെറുപ്പം മുതല്‍ ലാലേട്ടന്റെ സിനിമകള്‍ കണ്ടിട്ടാണ് ഞാന്‍ സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. എന്നാല്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടുതുടങ്ങിയത് ഏത് സിനിമ കണ്ടിട്ടാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

നിരവധി തവണ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും നടന്നിരുന്നില്ല. പിന്നെ താരങ്ങളുടെ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സലിന്റെ ഇടയിലായിരുന്നു ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത്,’ ദുര്‍ഗ കൃഷ്ണ പറഞ്ഞു.

Content Highlight: Durga Krishna Talks About Mohanlal

We use cookies to give you the best possible experience. Learn more