| Tuesday, 4th November 2025, 7:34 pm

ദുല്‍ഖര്‍ സല്‍മാന്‍ മോഡലായ ബിരിയാണി അരി 'ചതിച്ചു'; കാറ്ററിങ്ങുകാരന്റെ പരാതിയില്‍ നടന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: നടന്‍ ദുല്‍ഖര്‍ സര്‍മാന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നോട്ടീസ്. ഡിസംബര്‍ മൂന്ന് നേരിട്ട് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ പി.എന്‍ ജയരാജനെന്ന കാറ്ററിങ് കരാറുകാരന്റെ പരാതി പരിഗണിച്ചാണ് നടന് കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ മോഡലായി അഭിനയിച്ച ബിരിയാണി അരി ഉപയോഗിച്ച് തയ്യാറാക്കിയ ബിരിയാണി കാരണം ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിലാണ് കാറ്ററിങ്ങുകാരന്‍ പരാതി നല്‍കിയിരിക്കുന്നത്.

റോസ് ബ്രാന്‍ഡ് ബിരിയാണി അരി കൊണ്ടുണ്ടാക്കിയ ബിരിയാണിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. ഒരു വിവാഹ സത്ക്കാരത്തിനായിരുന്നു ഈ ബിരിയാണി അരി ഉപയോഗിച്ചത്.

അരിയുടെ ചാക്കില്‍ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് എന്നല്ലാതെ എക്‌സ്‌പൈരി തീയതിയോ പാക്കിങ് തീയതിയോ രേഖപ്പെടുത്തിയിരുന്നില്ല.

50 കിലോയുടെ ഒരു ചാക്ക് അരി ഉപയോഗിച്ചാണ് കരാറുകാരന്‍ ബിരിയാണി വെച്ചത്. എന്നാല്‍ ഈ ബിരിയാണി റൈസും ചിക്കന്‍ കറിയും ഉപയോഗിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ പരാതി ഉയരുകയായിരുന്നു.

റോസ് ബ്രാന്‍ഡ് ബിരിയാണി അരിയുടെ പരസ്യ മോഡലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

ദുല്‍ഖര്‍ സല്‍മാന് പുറമെ റോസ് ബ്രാന്‍ഡ് ബിരിയാണി അരിയുടെ മാനേജിങ് ഡറക്ടറും കമ്മീഷനില്‍ ഡിസംബര്‍ മൂന്നിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

കൂടാതെ മലബാര്‍ ബിരിയാണി ആന്റ് സ്‌പൈസസ് പത്തനംതിട്ട മാനേജരോടും കമ്മീഷന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight:  Dulquer Salmaan served Consumer Disputes Redressal Commission’s notice over caterer’s complaint

We use cookies to give you the best possible experience. Learn more