മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിഗ് എംസിന് ശേഷം മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടാന്‍ കെല്പുള്ള നടനും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. നെഗറ്റീവ് റിവ്യൂ വന്ന കിങ് ഓഫ് കൊത്ത പോലും ആദ്യദിന കളക്ഷനില്‍ മുന്നിട്ട് നിന്നിരുന്നു. ദുല്‍ഖര്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.
ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ റിലീസായിട്ട് ഇന്നേക്ക് 13 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ചെറിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വപ്‌നതുല്യമായ വളര്‍ച്ചയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കാന്തയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. നവാഗതനായ സെല്‍വമണി സെല്‍വരാജാണ് കാന്ത സംവിധാനം ചെയ്യുന്നത്.
തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ത്യാഗരാജ ഭാഗവതരായി വേഷമിടുന്നത്. ആദ്യ തെലുങ്ക് ചിത്രമായ മഹാനടിയില്‍ തെലുങ്ക് താരം ജെമിനി ഗണേശന്റെ വേഷമായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചത്.
1950കളില്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ലക്ഷ്മികാന്തന്‍ കൊലപാതകമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ദുല്‍ഖറിന് പുറമെ തെലുങ്ക് താരം റാണാ ദഗ്ഗുബട്ടിയും കാന്തായില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെലുങ്കിലെ പുത്തന്‍ സെന്‍സേഷനായ ഭാഗ്യശ്രീ ബോസാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ സല്‍മാനും റാണാ ദഗ്ഗുബട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
അതേസമയം ദുല്‍ഖറിന്റെ അടുത്ത തെലുങ്ക് ചിത്രമായ ആകാസം ലോ ഒക്ക താരയുടെ പൂജ കഴിഞ്ഞദിവസം നടന്നിരുന്നു. ലക്കി ഭാസ്‌കര്‍, കാന്ത, കിങ് ഓഫ് കൊത്ത എന്നിവയെപ്പോലെ ഈ ചിത്രവും പിരീഡ് ഡ്രാമയാണെന്നാണ് ഫസ്റ്റ് ലുക്കില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായിക. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
മലയാളത്തിലേക്കുള്ള ദുല്‍ഖറിന്റെ റീ എന്‍ട്രിയും ഇതോടൊപ്പം ഒരുങ്ങുന്നുണ്ട്. ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ഒരുക്കിയ നഹാസ് ഹിദായത്തിനൊപ്പമാണ് ദുല്‍ഖര്‍ കൈകോര്‍ക്കുന്നത്. നഹാസിനൊപ്പമുള്ള സിനിമക്ക് ശേഷം സൗബിനുമായും ദുല്‍ഖര്‍ ഒന്നിക്കും. ഈ ചിത്രങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Dulquer Salmaan’s new movie Kaantha first look poster out