ദുലീപ് ട്രോഫിയില്‍ റിയാന്‍ പരാഗിന്റെ ഈസ്റ്റ് സോണിനെ തകര്‍ത്ത് സെമി ഫൈനലിന് യോഗ്യത നേടി നോര്‍ത്ത് സോണ്‍. ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് നോര്‍ത്ത് സോണ്‍ മുമ്പോട്ട് കുതിച്ചത്.
മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 658 എന്ന നിലയില്‍ ബാറ്റിങ് തുടരുകയായിരുന്ന നോര്‍ത്ത് സോണ്‍. 833 റണ്‍സിന്റെ ലീഡുമായി ബാറ്റിങ് തുടരവെയാണ് മത്സരം സമനിലയില്‍ അവസാനിച്ചതും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ വിജയം സ്വന്തമാക്കിയതും.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണ്‍ വിക്കറ്റ് കീപ്പര്‍ കനയ്യ വധാവന്‍, ആയുഷ് ബദോണി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. വധാവന്‍ 152 പന്തില് 76 റണ്‍സും ബദോണി 60 പന്തില്‍ 63 റണ്‍സും സ്വന്തമാക്കി.
നിഷാന്ത് സന്ധു (70 പന്തില്‍ 47), ആഖിബ് നബി (33 പന്തില്‍ 44), യാഷ് ധുള്‍ (67 പന്തില്‍ 39) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.
ഈസ്റ്റ് സോണിനായി മനീഷി ആറ് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സൂരജ് സിന്ധു ജെയ്‌സ്വാള്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിയും മുഖ്താര്‍ ഹുസൈനും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോണിന് 230 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ വിരാട് സിങ്ങാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 102 പന്തില്‍ 69 റണ്‍സാണ് താരം നേടിയത്.
ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 39 റണ്‍സും ഓപ്പണര്‍ ഉത്കര്‍ഷ് സിങ് 38 റണ്‍സും നേടി മടങ്ങി.
നോര്‍ത് സോണിനായി ആഖിബ് നബി ഫൈഫര്‍ നേടി. ഡബിള്‍ ഹാട്രിക് അടക്കമായിരുന്നു താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഹര്‍ഷിത് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. നിഷാന്ത് സിന്ധുവും മായങ്ക് ഡാഗറും ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ 175 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണ്‍ തകര്‍ത്തടിച്ചു. ആയുഷ് ബദോണിയുടെ ഇരട്ട സെഞ്ച്വറിയും ക്യാപ്റ്റന്‍ അങ്കിത് കുമാര്‍, യാഷ് ധുള്‍ എന്നിവരുടെയും സെഞ്ച്വറി കരുത്തില്‍ മികച്ച സ്‌കോറിലെത്തി.
ആയുഷ് ബദോണി
ബദോണി 223 പന്തില്‍ പുറത്താകാതെ 204 റണ്‍സ് നേടി. വെറും രണ്ട് റണ്‍സിനാണ് അങ്കിത് കുമാറിന് ഇരട്ട സെഞ്ച്വറി നഷ്ടമായത്. യാഷ് ധുള്‍ 157 പന്തില്‍ 133 റണ്‍സും നേടി.
91 പന്തില്‍ 68 റണ്‍സടിച്ച നിഷാന്ത് സിന്ധുവും രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങി.