| Thursday, 7th August 2025, 8:50 pm

ഗില്‍ ഇനി മറ്റൊരു ടീമിന്റെ ക്യാപ്റ്റന്‍; ലക്ഷ്യം കിരീടം മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനെ നയിക്കാന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ഗില്ലിന്റെ ഡെപ്യൂട്ടിയായി അങ്കിത് കുമാറിനെയും ചുമതലപ്പെടുത്തി 17 അംഗ ടീമിനെയാണ് നോര്‍ത്ത് സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന സ്‌ക്വാഡിന് പുറമെ റിപ്ലേസ്‌മെന്റ് താരങ്ങളെയും സ്റ്റാന്‍ഡ് ബൈ താരങ്ങളെയും നോര്‍ത്ത് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

താരസമ്പന്നമാണ് നോര്‍ത്ത് സോണ്‍ സ്‌ക്വാഡ്. ഗില്ലിന് പുറമെ ആയുഷ് ബദോണി, യാഷ് ധുള്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ് തുടങ്ങി നിരവധി താരങ്ങള്‍ ടീമിനൊപ്പമുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ കളിച്ച അനുഭവസമ്പത്തുള്ള താരങ്ങള്‍ തന്നെയാണ് നോര്‍ത്ത് സോണിന്റെ കരുത്ത്. ഒപ്പം ഡൊമസ്റ്റിക് സര്‍ക്യൂട്ടില്‍ കരുത്ത് തെളിയിച്ച അങ്കിത് കുമാറും ഇന്ത്യയെ അണ്ടര്‍ 19 കിരീടം ചൂടിച്ച യാഷ് ധുള്ളുമാകുമ്പോള്‍ ടീം കൂടുതല്‍ ശക്തരാകും.

ശുഭം ഖജൂരിയ, 2024 രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനായ ആഖിബ് നബി തുടങ്ങി അഞ്ച് ജമ്മു കശ്മീര്‍ താരങ്ങളും നോര്‍ത്ത് സോണിന് കരുത്താകും.

ദുലീപ് ട്രോഫി നോര്‍ത്ത് സോണ്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ശുഭം ഖജൂരിയ, അങ്കിത് കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ആയുഷ് ബദോണി, യാഷ് ധുള്‍, അങ്കിത് കല്‍സി, നിഷാന്ത് സിന്ധു, സഹില്‍ ലോത്ര, മായങ്ക് ഡാഗര്‍, യദ്ധ്‌വീര്‍ സിങ് ചരക്, അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ആഖിബ് നബി, കനയ്യ വധാവന്‍.

റീപ്ലേസ്‌മെന്റ്

ടൂര്‍ണമെന്റിനിടെ നാഷണല്‍ കമ്മിറ്റ്‌മെന്റുകള്‍ വരുന്ന സാഹചര്യമുണ്ടായാല്‍ ശുഭം റോഹില്ല ശുഭ്മന്‍ ഗില്ലിനെയും ഗുര്‍നൂര്‍ ബ്രാര്‍ അര്‍ഷ്ദീപ് സിങ്ങിനെയും അനൂജ് തക്രാല്‍ ഹര്‍ഷിത് റാണയെയും റീപ്ലേസ് ചെയ്യും.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍

ശുഭം അറോറ, ജാസ് കരന്‍വിര്‍ സിങ് പോള്‍, രവി ചൗഹാന്‍, ആബിദ് മുഷ്താഖ്, നിഷങ്ക് ബിര്‍ല, ഉമര്‍ നസിര്‍, ദീവേഷ് ശര്‍മ.

Content Highlight: Duleep Trophy 2025: Shubman Gill to lead North Zone

We use cookies to give you the best possible experience. Learn more