ദുലീപ് ട്രോഫിയില്‍ സെമി ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. സെപ്റ്റംബര്‍ നാലിന് നടക്കുന്ന സെമി ഫൈനലില്‍ സൗത്ത് സോണ്‍ നോര്‍ത്ത് സോണിനെയും വെസ്റ്റ് സോണ്‍ സെന്‍ട്രല്‍ സോണിനെയും നേരിടും. ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് രണ്ട് മത്സരങ്ങള്‍ക്കും അരങ്ങേറുന്നത്.
സെന്‍ട്രല്‍ സോണ്‍ നോര്‍ത്ത് ഈസ്റ്റ് സോണിനെയും നോര്‍ത്ത് സോണ്‍ ഈസ്റ്റ് സോണിനെയും പരാജയപ്പെടുത്തിയാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. വെസ്റ്റ് സോണും സൗത്ത് സോണും നേരിട്ട് സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു.
യുവതാരം തിലക് വര്‍മയെയാണ് സൗത്ത് സോണിന്റെ നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പ് കണക്കിലെടുത്ത് താരം ദുലീപ് ട്രോഫിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. മലയാളി താരം മുഹമ്മദ് അസറുദ്ദീനാണ് സെമിയില്‍ സൗത്ത് സോണിനെ നയിക്കുക.
സമാനമാണ് നോര്‍ത്ത് സോണിന്റെയും കാര്യം. നേരത്തെ ശുഭ്മന്‍ ഗില്ലിനെയാണ് ക്യാപ്റ്റനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ അനാരോഗ്യവും ഏഷ്യാ കപ്പും കണക്കിലെടുത്ത് ഗില്‍ ദുലീപ് ട്രോഫിയില്‍ നിന്നും പിന്മാറുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ അങ്കിത് കുമാറാണ് ഗില്ലിന് പകരം നോര്‍ത്ത് സോണിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ഈസ്റ്റ് സോണിനെതിരായ മത്സരത്തില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ധ്രുവ് ജുറെല്‍ സെന്‍ട്രല്‍ സോണിനെയും ഷര്‍ദുല്‍ താക്കൂര്‍ വെസ്റ്റ് സോണിനെയുമാണ് നയിക്കുന്നത്.