സുരക്ഷാ ഭീഷണി; ദുബായ് വിമാനത്താവളം താത്കാലിമായി അടച്ചു
World
സുരക്ഷാ ഭീഷണി; ദുബായ് വിമാനത്താവളം താത്കാലിമായി അടച്ചു
രാഗേന്ദു. പി.ആര്‍
Saturday, 7th March 2026, 1:50 pm

അബുദാബി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ദുബായ് വിമാനത്താവളം താത്കാലികമായി അടച്ചു. ദുബായിലേക്കും രാജ്യത്ത് നിന്ന് പുറത്തേക്കുമുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചതായി ദുബായ് എയര്‍ലൈന്‍സ് അറിയിച്ചു.

തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നിര്‍ത്തിവെച്ച സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

ഇന്ന് (ശനി) രാവിലെയോടെ ദുബായ് വിമാനത്താവളത്തിന് സമീപത്തായി ഇറാന്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ മിസൈലുകള്‍ തടഞ്ഞിട്ടതായി യു.എ.ഇ അധികൃതര്‍ പറയുന്നു.

മിസൈലുകളുടെ അവശിഷ്ടങ്ങള്‍ താഴെ വീണതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 28നാണ് യു.എസും ഇസ്രഈലും ചേര്‍ന്ന് ഇറാനിലെ ആക്രമണത്തിന് തുടക്കമിട്ടത്. പിന്നാലെ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചാണ് ഇറാന്‍ തിരിച്ചടിച്ചത്.

ഇതേ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചെങ്കിലും മാര്‍ച്ച് ഒന്നിന് ചെറിയ തോതില്‍ വീണ്ടും പുനരാരംഭിച്ചിരുന്നു. നിലവില്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ ദുബായ് നിര്‍ബന്ധിതരായിരിക്കുകയാണ്.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് റീബുക്ക് ചെയ്യാനോ റീഫണ്ട് അഭ്യര്‍ത്ഥിക്കാനോ ഉള്ള ഓപ്ഷനുകളും എമിറേറ്റ്‌സ് നല്‍കിയിട്ടുണ്ട്.

നേരത്തെ ദുബായ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. അബുദാബി വിമാനത്താവളം, പാം ജുമൈറ ഡെവലപ്മെന്റ്, ബുര്‍ജ് അല്‍ അറബ് എന്നീ ആഡംബര ഹോട്ടല്‍ എന്നിവിടങ്ങളിലും ഇറാന്റെ പ്രത്യാക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇറാന്റെ ഡ്രോണാക്രമണത്തില്‍ ദുബായിലെ യു.എസ് കോണ്‍സുലേറ്ററിന് തീപിടിക്കുകയും ചെയ്തിരുന്നു.

Content Highlight: Dubai airport temporarily closed due to security threat

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.