| Wednesday, 1st July 2026, 10:28 pm

ലഹരിക്കേസ് പ്രതിയുടെ അര്‍ജന്റീന ജേഴ്‌സി എ.ഐ വഴി ബ്രസീലാക്കി; ബംഗ്ലാദേശില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

ആദര്‍ശ് എം.കെ.

ബരിഷാല്‍: ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഫോട്ടോ എ.ഐ ഉപയോഗിച്ച് കൃത്രിമം കാട്ടിയ സംഭവത്തില്‍ ബംഗ്ലാദേശില്‍ പൊലീസുകാരനെതിരെ നടപടി.

പ്രതി ധരിച്ചിരുന്ന അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ജേഴ്‌സി എ.ഐ വഴി ബ്രസീല്‍ ജേഴ്‌സിയാക്കി ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് നടപടി.

ബരിഷാല്‍ മെട്രോപൊളിറ്റന്‍ പൊലീസ് (ബി.എം.പി) സബ് ഇന്‍സ്പെക്ടര്‍ തന്‍സില്‍ അഹമ്മദിനെതിരെയാണ് നടപടിയെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ ബരിഷാല്‍ സിറ്റിയിലെ വാര്‍ഡ് 5-ല്‍ നിന്നാണ് ലഹരിമരുന്ന് വില്‍പനക്കാരന്‍ എന്ന് സംശയിക്കുന്ന 35 വയസ്സുകാരനായ റസ്സല്‍ ഹൗലാദറിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്

അറസ്റ്റിന് പിന്നാലെ പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലാണ് തന്‍സില്‍ അഹമ്മദ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമം നടത്തിയത്.

പ്രതി യഥാര്‍ത്ഥത്തില്‍ ധരിച്ചിരുന്ന അര്‍ജന്റീന ജേഴ്‌സിക്ക് പകരം ബ്രസീല്‍ ജേഴ്‌സി എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.

മാറ്റം വരുത്തിയ ചിത്രം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

പൊലീസിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി ഇത്തരമൊരു വ്യാജ ചിത്രം പ്രചരിപ്പിച്ചത് സേനയുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചുവെന്ന് അധികൃതര്‍ വിലയിരുത്തി. ഇതിനെത്തുടര്‍ന്നാണ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിച്ചത്

Content Highlight: Drug suspect’s Argentina jersey was transferred to Brazil via AI; Bangladesh policeman suspended

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more