എല്ലാം കൊണ്ടും നല്ല കാലമായിരുന്നു 2026ല്‍ മലയാള സിനിമയ്ക്ക്. ആദ്യ പകുതിയില്‍ ആയിരം കോടി രൂപയിലധികം രൂപയുടെ ബിസിനസാണ് മോളിവുഡില്‍ സാധ്യമായിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികള്‍ക്കെല്ലാം അടിപതറുന്ന സമയത്തായിരുന്നു കുറഞ്ഞ ബജറ്റിലെത്തിയ മലയാള ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയത്.
ജയസൂര്യ നായകനായി മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തിയ ആട് 3യാണ് 2026ല്‍ ആദ്യ നൂറ് കോടിയടിച്ച് മോളിവുഡില്‍ കളമൊരുക്കിയത്. പിന്നാലയെത്തിയ വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റടിച്ച് 235 കോടിയോളം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏവരും കാത്തിരുന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം 3യ്ക്കായിരുന്നു.
മെയ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ 42 കോടിയോളം സ്വന്തമാക്കുകയും അതിവേഗം നൂറ്, ഇരുനൂറ് കോടി ക്ലബുകളില്‍ ഇടം പിടിക്കുകയുമായിരുന്നു. എന്നാല്‍ പലരും കാത്തിരുന്നത് ദൃശ്യത്തിന് വാഴ 2വിന്റെ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം തകര്‍ക്കാന്‍ കഴിയുമോ എന്നറിയാനായിരുന്നു. കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം 129 കോടിയോളമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ദൃശ്യം 3യുടെ ആദ്യദിനങ്ങളിലെ തേരോട്ടം കണ്ടപ്പോള്‍ പലരും ദൃശ്യം 3യ്ക്ക് എളുപ്പത്തില്‍ ഈ നേട്ടം മറികടക്കാന്‍ സാധിക്കുമെന്ന് കരുതിയെങ്കിലും നടക്കാതെ പോകുകയായിരുന്നു.
ഇപ്പോഴിതാ ദൃശ്യം 3 കേരളത്തില്‍ നിന്നും 90 കോടി പിന്നിട്ടെന്ന വാര്‍ത്തകളാണ് സിനിമാ പേജുകള്‍ പുറത്തുവിടുന്നത്. ചിത്രം പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ ദിവസം ഒ.ടി.ടി സ്ട്രീമിങ്ങ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇനി ഒരു തരത്തിലും ദൃശ്യം 3യുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വാഴ 2വിന് ഭീഷണിയാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ആഗോള കളക്ഷനില്‍ വാഴയെ തകര്‍ക്കാന്‍ ദൃശ്യം 3യ്ക്ക് സാധിച്ചിരുന്നു. 240 കോടിയലധികമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.
90 കോടിയെന്ന മാര്‍ക്ക് പിന്നിട്ടതോടെ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ദൃശ്യം 3. 121 കോടിയുമായി ലോകഃ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 118 കോടിയുമായി മോഹന്‍ലാലിന്റെ തുടരും മൂന്നാം സ്ഥാനത്തുണ്ട്.
Content Highlight: Drishyam 3 collects more than 90 crores from Kerala Box office far behind Vaazha 2 Collection
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.