| Saturday, 27th September 2025, 11:26 pm

ആറ് മണിക്കൂര്‍ കാത്തിരുന്ന ജനക്കൂട്ടം; മഹാദുരന്തത്തിലേക്ക് നയിച്ചത് വിജയ് എറിഞ്ഞ കുടിവെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആറ് മണിക്കൂര്‍ കാത്തിരുന്ന ജനക്കൂട്ടം; മഹാദുരന്തത്തിലേക്ക് നയിച്ചത് വിജയ് എറിഞ്ഞ കുടിവെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും

കരൂര്‍: രാജ്യത്തെ നടുക്കിയ കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തത്തിന് കാരണമായത് സംഘാടകരുടെയും നടനും ടി.വി.കെ നേതാവുമായ വിജയ്‌യുടെയും അനാസ്ഥയെന്ന് വിമര്‍ശനം. ദുരന്തത്തില്‍ മുപ്പതിലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആയിരക്കണക്കിന് ആളുകള്‍ ചികിത്സയില്‍. 50ലേറെ പേരുടെ നില ഗുരുതരമെന്നും തമിഴ് മാധ്യമങ്ങള്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള സാധാരണക്കാരായ ജനങ്ങളുടെ ജീവനെടുത്തത് കൃത്യ സമയത്ത് റാലി ആരംഭിക്കാതെ ജനങ്ങളെ കൂടിനില്‍ക്കാന്‍ അനുവദിച്ചതാണെന്ന് സൂചന.

ആറ് മണിക്കൂര്‍ വൈകി വേദിയിലെത്തിയ വിജയ് ക്ഷീണത്തോടെ കാത്തിരുന്ന ജനങ്ങള്‍ക്ക് നേരെ കുടിവെള്ള കുപ്പി എറിഞ്ഞിരുന്നു. ഇത് കൈക്കലാക്കാനായി ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്.

ഉച്ചയ്ക്ക് ഒരു മണിക്ക് എത്തുമെന്ന് അറിയിച്ച വിജയ് വേദിയിലേക്ക് എത്തിയപ്പോള്‍ വൈകുന്നേരം ഏഴുമണിയായിരുന്നു.

സൂപ്പര്‍ താരം കൂടിയായ വിജയ് എത്താന്‍ മണിക്കൂറുകള്‍ വൈകിയിട്ടും കാത്തിരുന്ന ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല. ക്ഷീണിച്ച് തളര്‍ന്നിട്ടും താരത്തിനായി ജനങ്ങള്‍ കാത്തിരുന്നു. ഈ സമയത്ത് കൂടുതല്‍ പേര്‍ സ്ഥലത്തേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു.

പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ആളുകള്‍ എത്തിയതോടെ പൊലീസിനും ടി.വി.കെ പ്രവര്‍ത്തകര്‍ക്കും സംഘാടകര്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാനും സാധിച്ചിരുന്നില്ല.

ഒടുവില്‍ വിജയ് എത്തിയതോടെ ആരാധകരുള്‍പ്പടെ ഇളകി മറിഞ്ഞതോടെ വലിയ തിരക്കിന് കാരണമായി. തന്നെ കാത്തിരുന്ന് ക്ഷീണിതരായ ജനക്കൂട്ടത്തിന് നേരെ വിജയ് കുടിവെള്ള കുപ്പികള്‍ എറിയുകയായിരുന്നു. ആദ്യം ഒരു കുപ്പിയാണ് എറിഞ്ഞത്.

തങ്ങളുടെ സൂപ്പര്‍ താരത്തിന്റെ കയ്യില്‍ നിന്നും ലഭിക്കുന്ന കുപ്പി കൈക്കലാക്കാനായി ജനങ്ങള്‍ കൂട്ടമായി മുന്നോട്ട് വന്നതോടെ വിജയ്‌യും അനുയായികളും കൂടുതല്‍ കുപ്പികള്‍ ജനക്കൂട്ടത്തിന് നേരെ എറിഞ്ഞുകൊടുത്തു.

തുടര്‍ന്ന് കുപ്പികള്‍ക്കായി വലിയരീതിയില്‍ ജനങ്ങള്‍ തിരക്കുകൂട്ടിയതോടെ സ്ഥിതി നിയന്ത്രണാതീതമാവുകയായിരുന്നു.

ആദ്യം ഒരു കുട്ടിയെ കാണാതായി എന്ന വാര്‍ത്തയാണ് പരന്നത്. ഇതോടെ കുട്ടിയെ കണ്ടെത്താന്‍ സഹായിക്കൂവെന്ന് അഭ്യാര്‍ത്ഥിച്ച വിജയ്, ഈ സമയത്ത് കുടിവെള്ളം ലഭ്യമാക്കേണ്ടതിനെ കുറിച്ചും ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ടതിനെ കുറിച്ചും സംസാരിച്ച ശേഷം വേദി വിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ദുരന്തത്തിലേക്ക് വഴിമാറുകയാണ് സ്ഥിതിഗതികള്‍ എന്നുറപ്പായതോടെ പൊലീസിനോട് ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ആവശ്യപ്പെട്ട് വിജയ് കരൂരില്‍ നിന്നും കടന്നു. നിലവില്‍ വിജയ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്നും ചെന്നൈയിലേക്ക് പറന്നിരിക്കുകയാണ്.

Content Highlight: Crowd waited for six hours; Drinking water bottle thrown by Vijay led to the Karur stampede  tragedy

We use cookies to give you the best possible experience. Learn more