കോഴിഫാമിൽ രഹസ്യ മയക്കുമരുന്ന് ഫാക്ടറി; മഹാരാഷ്ട്രയിലെ റെയ്ഡിൽ പിടിച്ചെടുത്തത് 55 കോടിയുടെ ലഹരി മരുന്ന്
India
കോഴിഫാമിൽ രഹസ്യ മയക്കുമരുന്ന് ഫാക്ടറി; മഹാരാഷ്ട്രയിലെ റെയ്ഡിൽ പിടിച്ചെടുത്തത് 55 കോടിയുടെ ലഹരി മരുന്ന്
മുഹമ്മദ് നബീല്‍
Monday, 26th January 2026, 1:44 pm

മുംബൈ: കോഴി ഫാമിന്റെ മറവിൽ മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ പ്രവർത്തിച്ചിരുന്ന ലഹരി നിർമാണ യൂണിറ്റ് പൊളിച്ചുകളഞ്ഞ് രാജ്യത്തെ കള്ളക്കടത്ത് വിരുദ്ധ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ).

55 കോടി രൂപ വിലമതിക്കുന്നതായി കണക്കാക്കുന്ന സിന്തറ്റിക് മയക്ക് മരുന്നുകൾ പിടിച്ചെടുത്തതായും അഞ്ചുപേരെ അറസ്റ്റുചെയ്യ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച (ജനുവരി 23) കരാഡ് തഹ്‌സിലിൽ നടത്തിയ ഈ നീക്കത്തിന് ‘ഓപ്പറേഷൻ സഹ്യാദ്രി ചെക്ക്‌മേറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഡി.ആർ.ഐ നടത്തിയ ഓപ്പറേഷനിൽ കോഴിക്കടയുടെ മറവിൽ മെഫെഡ്രോൺ ഉല്പാദിപ്പിക്കുന്നതിനുവേണ്ടി പൂർണമായും സജ്ജമാക്കിയ ലാബോറട്ടറിയാണ് കണ്ടെത്തിയത്.

പോലീസിന്റെ നിരീക്ഷണത്തിൽ നിന്നും രക്ഷനേടാൻ നിരന്തരം ലാബുകൾ മാറ്റിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ദ്രാവക രൂപത്തിലുള്ള 11.8 കിലോഗ്രാം മയക്കുമരുന്നും അർദ്ധ ദ്രാവക രൂപത്തിലുള്ള 9.3 കിലോഗ്രാം മയക്കുമരുന്നും ഖര രൂപത്തിലുള്ള 738 ഗ്രാം മയക്കുമരുന്നും, 15 കിലോഗ്രാം മെപെഡ്രോൺ എന്ന സിന്തറ്റിക് ലഹരി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 71.5 കിലോഗ്രാം അസംസ്കൃത വസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് മൊത്തത്തിൽ ഏകദേശം 55 കോടി രൂപ വിലവരുമെന്നും ഡി.ആർ.ഐ വ്യക്തമാക്കി.

ലഹരി നിർമിക്കാൻ പരിജ്ഞാനമുള്ള ആളും കോഴിഫാം ഉടമയും അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

മെപെഡ്രോൺ പാർട്ടികളിൽ ഉപയോഗിക്കുന്ന ഒരു സിന്തറ്റിക് ലഹരിയാണെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Content Highlight: DRI has dismantled a mobile mephedrone manufacturing unit in Maharashtra

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം