| Wednesday, 12th March 2025, 7:58 am

സൂര്യക്ക് മാത്രമല്ല, അജിത്തിനും കിട്ടി പ്രദീപ് വക ബട്ടര്‍ഫ്‌ളൈ ഇഫക്ട്... വിടാമുയര്‍ച്ചിയെ തകര്‍ത്ത് ഈ വര്‍ഷത്തെ ഹൈയസ്റ്റ് ഗ്രോസ്സറായി ഡ്രാഗണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലേക്കെത്തുമ്പോഴും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് തമിഴ് ചിത്രമായ ഡ്രാഗണ്‍. അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രച്ചില്‍ പ്രദീപ് രംഗനാഥനാണ് നായകനായി എത്തിയത്. ആദ്യദിനം മുതല്‍ എക്‌സ്ട്രാ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ച ചിത്രം പല കളക്ഷന്‍ റെക്കോഡും ഇതിനോടകം തകര്‍ത്തു.

10 ദിവസത്തിനുള്ളില്‍ 100 കോടി കളക്ട് ചെയ്ത ചിത്രം ഇപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 137 കോടിയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. തമിഴിലെ സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ ബിഗ് ബജറ്റ് ചിത്രം വിടാമുയര്‍ച്ചിയുടെ കളക്ഷന്‍ മറികടന്നു. 136.5 കോടിയാണ് വിടാമുയര്‍ച്ചിക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. 200 കോടി ബജറ്റിലെത്തിയ വിടാമുയര്‍ച്ചിക്ക് ബജറ്റ് പോലും തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നില്ല.

നായകനായ രണ്ടാമത്തെ ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍സ്റ്റാറുകളുടെ കളക്ഷന്‍ മറികടക്കാന്‍ സാധിച്ച പ്രദീപ് രംഗനാഥനെ തമിഴ് സിനിമയുടെ അടുത്ത വാഗ്ദാനമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. വിജയ്, ശിവകാര്‍ത്തികേയന്‍ എന്നിവരെപ്പോലെ എന്റര്‍ടൈനറുകളിലൂടെ സ്റ്റാര്‍ഡം നേടാന്‍ പ്രദീപിന് സാധിക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

തമിഴ്‌നാട്ടില്‍ സൂര്യയുടെ ഏറ്റവുമുയര്‍ന്ന കളക്ഷനും ഡ്രാഗണിലൂടെ രണ്ടാം വട്ടം പ്രദീപ് മറികടന്നു. സിങ്കം 2 നേടിയ 65 കോടി എന്ന കളക്ഷന്‍ ആദ്യം ലവ് ടുഡേയിലൂടെയും ഇപ്പോള്‍ ഡ്രാഗണിലൂടെയും മറികടന്ന പ്രദീപ് ടൈര്‍ 3യില്‍ നിന്ന് ടൈര്‍ 2വിലേക്ക് ഡയറക്ട് എന്‍ട്രിയാണ് നടത്തിയത്. സ്‌ക്രിപ്റ്റ് സെലക്ഷന്‍ ഇതുപോലെ തുടരുകയാണെങ്കില്‍ പല അത്ഭുതങ്ങളും പ്രദീപില്‍ നിന്ന് കാണാന്‍ സാധിക്കും.

ഓ മൈ കടവുളേ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അശ്വത് മാരിമുത്തു അണിയിച്ചൊരുക്കിയ ചിത്രമാണ് ഡ്രാഗണ്‍. കോളേജ് പഠനം ഉപേക്ഷിച്ച് കുറുക്കുവഴിയിലൂടെ ജീവിതത്തില്‍ വിജയിക്കാന്‍ ശ്രമിക്കുന്ന രാഘവന്‍ എന്ന മിഡില്‍ ക്ലാസ് യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കോമഡിയിലൂടെ കഥ പറയുന്ന ചിത്രം പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.

അനുപമ പരമേശ്വരന്‍, കയദു ലോഹര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സംവിധായകരായ മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, കെ.എസ്. രവികുമാര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അശ്വത് മാരിമുത്തുവും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. എ.ജി.എസ്. എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Dragon movie become highest Tamil grosser of the year by crossing Vidamyurachi

We use cookies to give you the best possible experience. Learn more