അസമത്വം പ്രകൃതി നിയമമോ?-സി.രവിചന്ദ്രന് ഡോ.വിശ്വനാഥന്റെ മറുപടി
DISCOURSE
അസമത്വം പ്രകൃതി നിയമമോ?-സി.രവിചന്ദ്രന് ഡോ.വിശ്വനാഥന്റെ മറുപടി
ഡോ.വിശ്വനാഥന്‍ സി.വി.എന്‍
Saturday, 13th June 2020, 8:01 pm
ഇത്രയും പറഞ്ഞത് സി.രവിചന്ദ്രന്‍ കേരളത്തിലെ സ്വതന്ത്രചിന്തകര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന അസമത്വം പ്രകൃതിനിയമമാണ് എന്ന ആശയത്തിന്റെ യഥാര്‍ത്ഥ ഉറവിടം എവിടെയാണ് എന്ന് വ്യക്തമാക്കാനാണ്. ഫാസിസ്റ്റുകളുടെ തലതൊട്ടപ്പനായ വില്‍ഫ്രഡോ പരേറ്റോ മുതല്‍ പാശ്ചാത്യലോകത്തെ രജിത് സര്‍ എന്ന് വിളിക്കാവുന്ന ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ എന്ന വലതു ബുദ്ധിജീവികളാണ് ഈ ആശയത്തിന്റെ യഥാര്‍ത്ഥ ഉറവിടങ്ങള്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭൂതപൂര്‍വ്വമായ ഒരു പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കൊവിഡ് രോഗബാധയുടെ മാരക ഭീഷണി ഒരു ഭാഗത്ത്. അതിനൊപ്പം ജീവിത മാര്‍ഗം നഷ്ടപ്പെട്ട ദരിദ്രജനങ്ങളുടെ ദിനംപ്രതി വര്‍ദ്ധിക്കുന്ന ദുരിതങ്ങള്‍. വെയിലും വിശപ്പും ദാഹവും സഹിച്ച് നൂറുകണക്കിന് നാഴികകള്‍ വഴി നടന്ന് ഏതുവിധേയേനയും തങ്ങളുടെ ഗ്രാമത്തിലെത്താന്‍ സാഹസപ്പെടുന്ന, ആ യാത്രക്കിടെ മരിച്ചുവീഴുന്ന ദരിദ്ര തൊഴിലാളികളുടെ ചിത്രങ്ങള്‍ നമ്മള്‍ ഓരോരുത്തരേയും അസ്വസ്ഥമാക്കുന്നു.

പാവങ്ങളുടെ ദുരിതങ്ങളോട് വളരെ നിസംഗമായ ഒരു മനോഭാവമാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ പുലര്‍ത്തുന്നത് എന്നാണ് നമ്മള്‍ കാണുന്നത്. നടക്കാന്‍ വയ്യാനാകാത്ത തന്റെ അച്ഛനെ പിറകിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ കേവലം 15 വയസ്സുള്ള പെണ്‍കുട്ടിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അപമാനബോധം കൊണ്ട് ഓരോ ഇന്ത്യന്‍ പൗരന്റെയും തലകുനിയുമെന്നും സ്വന്തം പൗരന്മാരുടെ ദുരിതങ്ങളെക്കുറിച്ച് ഇത്രയും നിസംഗമായിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ലോക ജനതതന്നെ സംസാരിക്കുമെന്നും നാം വിചാരിക്കും.

പക്ഷേ വലതുപക്ഷ ഇന്ത്യയും വലതുപക്ഷ ലോകവും ഇത്തരം മഹാദുരിതങ്ങളെ ഒരു കൗതുക ദൃശ്യമായാണ് കാണുന്നത് എന്നും നമ്മള്‍ അറിയുന്നു. ഇന്ത്യന്‍ സൈക്കിളിംഗ് ഫെഡറേഷന്‍ ജോതികുമാരി എന്ന കുട്ടിയെ അവളുടെ സൈക്കിളിംഗ് പാടവം യഥാര്‍ത്ഥത്തില്‍ എത്രയുണ്ടെന്ന് പരീക്ഷിച്ചു നോക്കാന്‍ ട്രയലിന് വിളിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ”this beautiful feat of endurance & love has captured the imagination of the indian people and cycling federation” എന്ന് യു.എസ് വലതുപക്ഷ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സീനിയര്‍ അഡൈ്വസര്‍ പദവി വഹിക്കുന്ന ഇവാന്‍ക ട്രംപ് ട്വിറ്റ് ചെയ്യുന്നു.

പുരാതന റോമിലെ പ്രഭുക്കന്‍മാര്‍ അടിമകളില്‍ നിന്ന് ശാരീരിക ശേഷിയുള്ള ചിലരെ തിരഞ്ഞെടുത്ത് ഗ്ലാഡിയേറ്റര്‍മാരാക്കുന്ന കാര്യമാണ് ഈ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത്. ദുര്‍ബലരായ മനുഷ്യരുടെ ദുരിതത്തോട് നിസംഗതപുലര്‍ത്താനും ഒരു spectacle ആയിമാത്രം അതിനെ കാണാനും കഴിയുക എന്നത് ഒരു വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണെന്ന് ഞാന്‍ വിചാരിക്കുന്നു.

കാരണം അസമത്വം എന്നത് സമൂഹത്തിന്റെ സ്വാഭാവിക അവസ്ഥയാണ് അതിനെക്കുറിച്ച് അസ്വസ്ഥരാകേണ്ടതില്ല എന്നാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു അടിസ്ഥാന നിലപാട്.

മാര്‍ക്കോ റവലി എന്ന ഒരു ഇറ്റാലിയന്‍ സോഷ്യോളജിസ്റ്റ് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും വേര്‍തിരിക്കുന്ന ചില മാനദണ്ഡങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ നാലെണ്ണം പറയാം.

ഒന്ന്, ഇടതുപക്ഷം സമൂഹത്തില്‍ മാറ്റം ഉണ്ടാകണം, പുരോഗതി ഉണ്ടാകണം എന്നു വാദിക്കുന്നു. വലതുപക്ഷം നിലകൊള്ളുന്നത് സ്ഥിരതയ്ക്കു വേണ്ടിയാണ്. യാഥാസ്ഥിതകത്വത്തിന് വേണ്ടിയാണ്.

ഇടതുപക്ഷം മനുഷ്യതുല്യതയ്ക്കുവേണ്ടി നിലകൊള്ളുന്നു. ഇഗാലിറ്റേറിയന്‍ പ്രിന്‍സിപ്പല്‍ എന്നു പറയും. വലതുപക്ഷം എല്ലാമനുഷ്യരും തുല്യരാണെന്ന മനോഭാവം പുലര്‍ത്തുന്നില്ല. ഹയറാര്‍ക്കിയല്‍ പ്രിന്‍സിപ്പല്‍ ആണ് അവര്‍ അംഗീകരിക്കുന്നത്. പദവിയിലും അധികാരത്തിലും ശ്രേണിബന്ധിതരായാണ് വലതുപക്ഷം മനുഷ്യരെ കാണുന്നത്.

മൂന്നാമത്തെ പോയിന്റ്, വ്യക്തികള്‍ക്ക് ഓട്ടോണമി വേണമെന്ന് ഇടതുപക്ഷം കരുതുന്നു. വ്യക്തികളുടെ ഇച്ഛ മറ്റുള്ളവര്‍ക്ക് സംഘങ്ങള്‍ക്കാവാം നേതാവിനാവാം അതിന് കീഴ്‌പ്പെടണം എന്നതാണ് വലതുപക്ഷത്തിന്റെ നിലപാട്. ഗോത്രീയത എന്നു പറയും.

നാലാമത്തെ പോയിന്റ് ജ്ഞാനശാസ്ത്രപരമായി നോക്കിയാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് യുക്തിചിന്തയുടേതാണ്. വലതുപക്ഷത്തിന്റെ അയുക്തികതയുടേതാണ്.

വലതുപക്ഷ രാഷ്ട്രീയത്തിെന്റ ക്ലാസിക് ഉദാഹരണം ഇരുപതാം നൂറ്റാണ്ടിലെ ഫാസിസവും നാസിസവുമാണ്. റവലി പറയുന്ന നാല് മാനദണ്ഡങ്ങള്‍ നോക്കിയാലും ഫുള്‍ മാര്‍ക്ക് വാങ്ങുന്ന ലക്ഷണം തികഞ്ഞ വലതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു ഫാസിസവും നാസിസവും. ലോകമെങ്ങും ഇന്ന് വലതുപക്ഷ രാഷ്ട്രീയത്തിന്റെ വേലിയേറ്റ കാലമാണെന്ന് നമുക്കറിയാം. അത് ഇന്ത്യയിലാകട്ടെ അമേരിക്കയിലാകട്ടെ ബ്രിട്ടനിലാകട്ടെ ബ്രസീലിലാകട്ടെ റഷ്യയിലാകട്ടെ തുര്‍ക്കിലാകട്ടെ.

മിക്കവാറും രാജ്യങ്ങളിലൊക്കെ വലതുപക്ഷ രാഷ്ട്രീയം വെന്നിക്കൊടി നാട്ടിനില്‍ക്കുകയാണ്. ഈ പ്രസ്ഥാനങ്ങളെ നോക്കിയാല്‍ പ്രാദേശികമായി പല വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കണ്‍സര്‍വേറ്റിസം, ഹയറാര്‍ക്കി, ഹെട്രറോണമി, ഇറാഷണലിസം എന്നിവ തന്നെയാണ് നാസികളേയും ഫാസിസ്റ്റുകളേയും പോലെ നമ്മുടെ കാലത്തെ വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും ഭരിക്കുന്ന ആശയങ്ങളെന്ന് കാണാവുന്നതാണ്.

ക്രൂരമായ ചരിത്ര ഫലിതമെന്ന് പറയട്ടെ ഇന്ത്യയില്‍ ഇന്ന് ഭരിക്കുന്ന വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്ഭവം കൃത്യമായും ഇറ്റാലിയന്‍ ഫാസിസത്തില്‍ നിന്ന് നേരിട്ട് പ്രചോദനം നേടിക്കൊണ്ടാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് ചരിത്രപരമായി വലതുപക്ഷ രാഷ്ട്രീയത്തെ ഉദാഹരണമായി നമ്മള്‍ ഫാസിസത്തെയും നാസിസത്തേയും കുറിച്ച് പറയുമ്പോള്‍ ഏറെക്കുറെ എല്ലാം തന്നെ ഇന്ന് നമ്മള്‍ ഇന്ത്യയിലടക്കം അനുഭവിച്ചുകൊണ്ടിരിക്കുന്ന വലതുക്ഷ രാഷ്ട്രീയമേല്‍ക്കോയ്മയെക്കുറിച്ച് കൂടിയാണ്.

വലതുപക്ഷത്തിന്റെ രാഷ്ട്രീയവിജയം, അധികാരം നേടല്‍ എന്നത് കേവലം തെരഞ്ഞെടുപ്പിലോ സൈനിക നടപടിയിലോ മാത്രം നേടുന്ന ഒന്നല്ല. നിങ്ങളുടെ ആശയലോകത്തില്‍ നേടുന്ന വിജയത്തിലൂടെയാണ് അവര്‍ വിജയം ഉറപ്പിക്കുന്നത്.

യാഥാസ്ഥിതികത അഥവാ പാരമ്പര്യപൂജ, അസമത്വം അഥവാ ശ്രേണീബദ്ധത, വ്യക്തി സ്വാതന്ത്ര്യ വിരുദ്ധത അല്ലെങ്കില്‍ ഗോത്രീയത യുക്തിചിന്താവിരുദ്ധത അഥവാ അയുക്തികത എന്നിങ്ങനെയുള്ള വലതുപക്ഷ ആശയങ്ങളെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന ബുദ്ധിജീവികള്‍ വലതുപക്ഷത്തിന്റെ വിജയത്തില്‍ നിസാരമല്ലാത്ത ഒരുപങ്ക് വഹിക്കുന്നുണ്ട്.

വലിയ തത്വചിന്തകന്‍മാര്‍ മുതല്‍ അവരെ പിന്തുടരുന്ന നാടകരചയിതാക്കളും സിനിമാസംവിധായകരും വരെയുള്ള ബുദ്ധിജീവികള്‍ വലതുപക്ഷ ആശയങ്ങള്‍ക്ക് സമൂഹങ്ങളില്‍ സ്വീകാര്യത നേടിക്കൊടുക്കുക എന്ന പ്രവൃത്തി ചെയ്യുന്നവരായുണ്ട്.

‘റൂട്ട്സ് ഓഫ് ദ റൈറ്റ്- വലതുപക്ഷത്തിന്റെ വേരുകള്‍’ എന്ന ബുക്ക് സീരിസിലെ ഒരെണ്ണത്തിന്റെ കവറാണിത്. ഇറ്റാലിയന്‍ ഫാസിസം ഫ്രം പരാറ്റെ ടു ജെന്റിലെ ഇറ്റാലിയന്‍ ഫാസിസ്റ്റുകളെക്കുറിച്ചാണ് പറയുന്നത്. ലോസാന്‍ യൂണിവേഴ്സിറ്റി പ്രൊഫസറും ഇക്കണോമിസ്റ്റ്, സോഷ്യലിസ്റ്റ് എന്ന നിലയിലൊക്കെ പ്രസിദ്ധനുമായ വില്‍ഫ്രഡോ പരേത്തോ തൊട്ട് യൂണിവേഴ്സിറ്റി ഓഫ് റോമിലെ ഹിസ്റ്ററി പ്രൊഫസറായിരുന്നു ജവാനി ജെന്റിലെ വരെയുള്ള ഒട്ടനവധി ബുദ്ധിജീവികള്‍ അക്കാലത്ത് ഇറ്റാലിയന്‍ ഫാസിസത്തിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ സ്വീകാര്യമാക്കുന്നതിനുള്ള ജോലി ചെയ്തുകൊണ്ടിരുന്നു.

വില്‍ഫ്രഡോ പരേത്തോ വോള്‍ട്ടെയറിനോട് താരതമ്യം ചെയ്യാവുന്ന മതവിമര്‍ശകനാണ്, നാസ്തികനാണ്. അതേസമയം ഫാസിസത്തിന്റെ പിന്തുടര്‍ച്ചക്കാരനും പ്രചാരകനുമൊക്കെയാണ്. മതവിമര്‍ശകനാണ് എന്നുള്ളത് കൊണ്ട് സ്വാഭാവികമായും പുരോഗമനവും സമത്വവും കാംക്ഷിക്കുന്ന ഒരാളാകണമെന്നില്ല എന്നാണര്‍ത്ഥം.

അതുപോലെ തന്നെ ലൂയിജി പിരാന്തല്ലോ പ്രസിദ്ധനായ ഇറ്റാലിയന്‍ നാടകകൃത്തായിരുന്നു. ‘ഐ ആം ഫാസിസ്റ്റ് ബികോസ് ഐ ആം ആന്‍ ഇറ്റാലിയന്‍’ എന്നാണ് പിരാന്തല്ലോ പറഞ്ഞത്. 1934 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുള്ള ആളാണ്. ആ നൊബേല്‍ സമ്മാന മെഡല്‍ അദ്ദേഹം മുസോളിനി സര്‍ക്കാരിന് സംഭാവന ചെയ്തു. എത്യോപ്യയെ ആക്രമിക്കാനുള്ള ചെലവിലേക്ക് ഉരുക്കി മുതല്‍ക്കൂട്ടാന്‍ വേണ്ടിയാണ് ആ മെഡല്‍ അദ്ദേഹം സംഭാവന ചെയ്തത്.

തീവ്രവലതുപക്ഷ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും അധികാരം നേടുകയും ചെയ്യുന്ന കാലങ്ങളില്‍ സമൂഹത്തിലെ ബുദ്ധിജീവികള്‍ക്കിടയിലും ചിന്തകന്‍മാര്‍ക്കിടയിലും പലരും വലതുഭാഗത്തേക്ക് ചായുന്ന ഒരു പ്രവണത നമ്മള്‍ കാണാറുണ്ട്. ഇങ്ങനെ വലതുപക്ഷ ആശയങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കുക എന്ന പ്രവൃത്തി ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്ന ആളുകളെ നിശിതമായി വിമര്‍ശിക്കണം എന്നുള്ളതാണ് എന്റെ നിലപാട്.

ഈ ഒരു സാഹചര്യത്തിലാണ് കേരളത്തില്‍ സ്വതന്ത്രചിന്താരംഗത്ത് സമീപകാലത്ത് വലിയതോതില്‍ നടന്നുവരുന്ന വലതുവല്‍ക്കരണത്തെ തുറന്നുകാട്ടാനും വിമര്‍ശിക്കാനും ഞാന്‍ ശ്രമിക്കുന്നത്. കണ്‍സേര്‍വേറ്റിസം, ഹയറാര്‍ക്കി, ഹെട്രോണമി, റാഷണലിസം എന്നീ വലതുപക്ഷ നിലപാടുകളില്‍ ഏറ്റവും പ്രധാനമായി എണ്ണാവുന്നത് ഹയറാര്‍ക്കിയാണ്. അതായത് സമത്വം എന്ന ആശയത്തോടുള്ള ഇടത്-വലത് നിലപാടുകള്‍ക്കുള്ള വ്യത്യാസം.

ഈ വ്യത്യാസം കാരണമാണ് അശരണരായ ഇന്ത്യന്‍ ജനതയുടെ അസഹ്യമായ ദുരിതചിത്രങ്ങള്‍ക്ക് നേരെ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് പൂര്‍ണ്ണമായും നിസംഗത പുലര്‍ത്താന്‍ കഴിയുന്നത്. സാമൂഹ്യ അസമത്വത്തോടുള്ള ഇത്തരം നിസംഗതാപൂര്‍ണ്ണമായ വലതുപക്ഷസമീപനത്തെ കേരളത്തിന്റെ പൊതുബോധത്തിലേക്ക് കടത്തിവിടാനും സ്വീകാര്യമാക്കാനും നടത്തുന്ന ശ്രമത്തെ തുറന്നുകാട്ടേണ്ടതുണ്ട്.

സഹോദരന്‍ അയ്യപ്പന്റെ കാലത്താണ് കേരളത്തിന്റെ പൊതുസമൂഹത്തില്‍ സ്വതന്ത്രചിന്താമണ്ഡലം എന്നൊന്ന് ഉടലെടുക്കുന്നത്. അക്കാലത്ത് തീര്‍ച്ചയായും നാല് മാനദണ്ഡങ്ങളനുസരിച്ച് ഇടതുപക്ഷ വീക്ഷണങ്ങളാണ് ഈ മണ്ഡലത്തെ തന്നെ രൂപപ്പെടുത്തിയതും അതിനെ നിര്‍ദേശിച്ചതും.

ഏതാണ്ട് 90 വര്‍ഷം പിന്നിട്ടുകഴിഞ്ഞു ഇന്ന്. അതിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം വ്യാപകമായും അഗാധമായും വലതുപക്ഷ ആശയങ്ങളാല്‍ ഈ സ്വതന്ത്ര ചിന്താമണ്ഡലം സ്വാധീനിക്കപ്പെടുന്നൊരു അവസ്ഥ ഇന്നുണ്ട്. ഏറ്റവും ദു:ഖകരമായ അവസ്ഥ കേരളത്തിലെ സ്വതന്ത്രചിന്തകന്‍മാര്‍ മിക്കവരും ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ്.

തിരിച്ചറിയുന്നവര്‍ പോലും ഈ ആശയങ്ങളെ വിമര്‍ശിക്കാന്‍ മെനക്കെടുന്നുമില്ല. അതുകൊണ്ട് എന്റെ പരിമിതമായ സാധ്യതകള്‍ വെച്ചുകൊണ്ട് ഈ ആശയങ്ങളെ പരസ്യമായി വിമര്‍ശിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പ്രാഥമികമായും ഇത് കേരളത്തിലെ സ്വതന്ത്രചിന്തകരെ ഉദ്ദേശിച്ചാണ് എന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ.

യുക്തിവാദികള്‍ എന്തുവന്നാലും ഒരുമിച്ച് നില്‍ക്കേണ്ടവരാണ് അതുകൊണ്ട് പരസ്പരം വിമര്‍ശിക്കരുത് എന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്. ഇവിടെ എനിക്കെന്റെ സുഹൃത്തുക്കളോട് പറയാനുള്ളത് പണ്ട് ‘അക്കരെ അക്കരെ’ സിനിമയില്‍ ദാസന്‍ പറഞ്ഞ കാര്യമാണ്. അതായത് ആ സി.ഐ.ഡി കുടുംബത്തില്‍ എന്നെ അംഗമാക്കരുത്. ഇന്ത്യയിലെ യുക്തിവാദികള്‍ മുഴുവന്‍ ഒരു കുടുംബമെന്നൊക്കെ വിചാരിക്കുന്നത് തെറ്റാണ്.

അങ്ങനെ ഗോത്രീയമായി ഇരിക്കാനാണെങ്കില്‍ മതത്തിലും ജാതിയിലും പ്രത്യയശാസ്ത്രപ്രസ്ഥാനത്തിലുമൊക്കെ തന്നെ നമുക്ക് ഒതുങ്ങിക്കൂടാമായിരുന്നല്ലോ. സ്വതന്ത്രമായി ചിന്തിക്കാന്‍ ധൈര്യപ്പെടുക എന്ന ആശയം കൈയേറ്റവരാണ് നാം സ്വതന്ത്രചിന്തകര്‍. അങ്ങനെ ഒരു യുക്തിവാദകുടുംബം, സ്വതന്ത്രചിന്തകരുടെ കുടുംബം ഇല്ല എന്ന് തന്നെ ഞാന്‍ വിചാരിക്കുന്നു. അതിലുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അതിലെന്നെ അംഗമാക്കാതിരിക്കുക.

വ്യക്തികള്‍ പറഞ്ഞ അഭിപ്രായത്തെ വിമര്‍ശിക്കുന്നത് വ്യക്തിപരമായ വിമര്‍ശനമായി കാണുന്നത് തെറ്റാണ്. കൃത്യമായും ആശയങ്ങളെ എതിര്‍ക്കുക എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ആരെയും ചവിട്ടിത്താഴ്ത്താനോ ഉയര്‍ത്താനോ ഉള്ള ശ്രമങ്ങള്‍ എനിക്കില്ല. ഒരു വ്യക്തി പറഞ്ഞ കാര്യങ്ങളെ നിശിതമായി വിമര്‍ശിക്കുമ്പോഴും അത് ആശയവിമര്‍ശനത്തിന്റെ തലത്തില്‍ മാത്രമുള്ള ഒരു കാര്യമാണെന്നും ഇത്തരത്തിലുള്ള ആശയസംഘര്‍ഷങ്ങള്‍ സമൂഹത്തിലെ യുക്തിചിന്താമണ്ഡലത്തിന്റെ പുരോഗതിയ്ക്ക് അത്യാവശ്യമുള്ളതാണെന്നും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

സമൂഹത്തെ തിരശ്ചീനമായി കാണുന്ന സമത്വാധിഷ്ഠിത വീക്ഷണവും ലംബമാനമായി കാണുന്ന അസമത്വാധിഷ്ഠിത വീക്ഷണവുമാണ് ഇടതിനേയും വലതിനേയും വേര്‍തിരിക്കുന്ന ഒരു മാനദണ്ഡം. സമത്വവാദവും സമത്വവിരുദ്ധതയുമാണ് ഇടതിനേയും വലതിനേയും വേര്‍തിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭൂരിഭാഗവും കേവലം സാമൂഹിക കാരണങ്ങള്‍കൊണ്ടാണ് അല്ലാതെ സ്വാഭാവികമല്ല എന്നും അതുകൊണ്ട് തന്നെ പരിഹരിക്കപ്പെടേണ്ടതാണ് എന്നുള്ളതാണ് ഇടതുപക്ഷ നിലപാട്.

അതേസമയം സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തെക്കുറിച്ചുള്ള വലതുപക്ഷ നിലപാട് വ്യത്യസ്തമാണ്. രണ്ട് തരത്തില്‍ വലതുപക്ഷം സമൂഹത്തില്‍ നിലകൊള്ളുന്ന അസമത്വത്തെ ചിത്രീകരിക്കാറുണ്ട്. സ്വാഭാവികമാണ്, പ്രകൃതിനിയമമാണ്, ലോകനിയമമാണ് അതുകൊണ്ട് തന്നെ പരിഹരിക്കാന്‍ അസാധ്യമാണ് എന്ന് വാദിക്കുക ഒരുരീതി. മറ്റൊന്ന് ഈ അസമത്വം എന്നത് വ്യക്തികളുടേയോ സമൂഹത്തിന്റേയോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ് എന്ന് വാദിക്കും. ഈ രണ്ട് സ്ട്രാറ്റജിയെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

അസമത്വമെന്നത് സ്വാഭാവികമാണ് എന്ന വലതുപക്ഷ വാദം വളരെ ചടുലമായും തന്മയത്വത്തോടെയും അവതരിപ്പിക്കുന്ന ഒരു വീഡിയോ നമുക്ക് കാണാം. എട്ട് മിനിറ്റ് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സി.രവിചന്ദ്രന്റെ ആനയും ഉറുമ്പും എന്ന പ്രസംഗത്തിലെ ഒരു ഭാഗമാണിത്. ആ വിഡിയോയില്‍ 1.3.40 മുതല്‍ 1.11.56 വരെയുള്ള ഭാഗമാണ്.

ആദ്യ രണ്ട് മിനിറ്റില്‍ ഡിസ്പാരിറ്റി അണ്ടര്‍ ക്യാപിറ്റലിസം എന്നത് അവതരിപ്പിക്കുകയും അതില്‍ നിന്ന് ഒരു നിഗമനത്തില്‍ എത്തുകയും ചെയ്യുന്നു എന്നതാണ്.

നിഗമനം ഇതാണ്- ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയിലാണ് 58 ശതമാനം സമ്പത്ത്. ഇതാണ് നമ്മള്‍ മീറ്റിംഗില്‍ പോയി പ്രസംഗിക്കുന്നത്. ഇത് ഏതെങ്കിലും ഗവണ്‍മെന്റ് മാറി വന്നതുകൊണ്ടോ ക്യാപിറ്റലിസം വന്നതുകൊണ്ടോ ഒന്നും സംഭവിച്ച കാര്യമല്ല. പണ്ടേ ഉള്ള കാര്യം തന്നെയാണ്.

അതിസമ്പന്നരും ഏറ്റവും പ്രഗത്ഭരുമായിട്ടുള്ള ആള്‍ക്കാരിലേക്ക് സമ്പത്തിന്റേയും അവസരങ്ങളുടേയും കേന്ദ്രീകരണം നടക്കുക എന്ന് പറയുന്നത് ലോകസത്യമാണ്. ശരിയാണോ എന്ന് ചോദിച്ചാല്‍ അല്ല. ഇത് എങ്ങനെ സംഭവിക്കുന്നു? നിങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് ഇതൊരു ലോകനിയമം ആണെന്നുള്ളതാണ്.

ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തുന്നതിനായി അദ്ദേഹം ഉപയോഗിച്ച ഡാറ്റാ ഏതാണ് ‘ ഏതൊരു സമൂഹത്തിലും ഏറ്റവും ധനികരായ ആള്‍ക്കാരുടെ പക്കലായിരിക്കും അവിടെയുള്ള മഹാഭൂരിപക്ഷം പണവും ഉണ്ടാവുക’ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയിലാണ് 58 ശതമാനം സമ്പത്ത്. ഇത് ഇന്ത്യയില്‍ മാത്രമുള്ളതല്ല എന്ന് കാണിക്കുന്ന ആറ് രാജ്യങ്ങളുടെ ഒരു സ്ഥിതി അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

യു.എസ്.എയില്‍ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ 34 ശതമാനം വരുന്ന സമ്പത്ത് കൈവെക്കുന്നു, യു.കെയില്‍ ഇത് 12 ശതമാനമാണ്, ഫ്രാന്‍സില്‍ ഇത് 24 ശതമാനമാണ് സ്വിറ്റ്സര്‍ലന്റില്‍ 35 ശതമാനം, സ്വീഡനില്‍ 24 ശതമാനം, കാനഡ 15 ശതമാനം ഇങ്ങനെ എല്ലാ രാജ്യങ്ങളിലുമുള്ള ഒരു കാര്യമാണിത്.

അതുകൊണ്ട് ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയിലാണ് 58 ശതമാനം സമ്പത്ത് എന്നുള്ളത് ഒരു ലോകനിയമമാണ് എന്നാണ് പറയുന്നത്. ഈ ഡാറ്റ വെച്ച് അങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ പറ്റില്ല എന്നുള്ളതാണ് വസ്തുത. തല്‍ക്കാലം നമുക്ക് ആ വശം മാറ്റിവെക്കാം. കുറച്ച് കഴിഞ്ഞ് അക്കാര്യത്തിലേക്ക് വരാം.

പിന്നീട് പാരെറ്റോ ഡിസ്ട്രിബ്യൂഷന്‍ എന്നതിനെ അടിസ്ഥാനമാക്കിയാണ് വിശദീകരിക്കുന്നത്. അതിങ്ങനെയാണ്

‘നിങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് ഇതൊരും ലോകനിയമം ആണ് എന്നുള്ളതാണ്. ഞാന്‍ അതിന് ഉദാഹരണം പറയാം. വില്‍ഫ്രഡോ പരേറ്റോ ഒരു ഇക്കണോമിസ്റ്റ് ആണ്. പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റ്. പുള്ളിയുടെ ഒരു വലിയ നിരീക്ഷണം ഉണ്ട്. അദ്ദേഹം കാണുന്ന ഒരുകാര്യം ഇറ്റലിയിലെ ലാന്‍ഡില്‍ 80 ശതമാനം ലാന്‍ഡും 20 ശതമാനം ജനങ്ങളുടെ കൈയില്‍ ആണ്. പുള്ളി ബാക്കിയുള്ള രാജ്യങ്ങളുടെ കൈയില്‍ നോക്കി. എല്ലാം ശരിയാണല്ലോ. ഏതാണ്ട് ഇങ്ങനെ ഒക്കെ ആണ്.

അവിടെയുള്ള ഭൂമിയുടെ 80 ശതമാനവും 20 ശതമാനം വരുന്ന അതിസമ്പന്നരുടെ കൈയില്‍ ആണ്. 80-20 ലോ എന്നാണ് ഇക്കണോമിക്സില്‍ അറിയപ്പെടുന്നത്. ഇതിന് പാരെറ്റോ ഡിസ്ട്രിബ്യൂഷന്‍ എന്നാണ് പറയുക- പാരെറ്റോയുടെ വിതരണം. ഇങ്ങനെയാണ് സമ്പത്തും ലാന്‍ഡുമൊക്കെ വിതരണം ചെയ്യുക. അതിസമ്പന്നരായ 20 ശതമാനത്തിന്റെ കൈയില്‍ ആയിരിക്കും 80 ശതമാനം സമ്പത്ത് (പ്രണയബന്ധങ്ങള്‍, സംഗീത ആല്‍ബങ്ങള്‍, നോവലുകള്‍)… ഏതൊരു ഹ്യൂമന്‍ എന്റര്‍പ്രൈസസിലും ഏതൊരു ഹ്യൂമന്‍ ക്രിയേറ്റിവിറ്റിയിലും ഇങ്ങനെ വിതരണം നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

തുറന്ന മത്സരം ഉണ്ടാവുകയാണെങ്കില്‍ തുറന്ന അവസരം ഉണ്ടാവുകയാണെങ്കില്‍ ചോയ്സ് ഉണ്ടാവുകയാണെങ്കില്‍ ദിസ് ഇസ് യൂണിവേഴ്സല്‍ ടെന്‍ഡന്‍സി പരേറ്റോ ഡിസ്ട്രിബ്യൂഷന്‍. അത് ഇന്‍കത്തിന്റെ കാര്യത്തില്‍ മാത്രം വരുമ്പോള്‍ നമ്മള്‍ വെറുതെ അന്ധാളിച്ചിട്ട് കാര്യമില്ല. അങ്ങനെ ആകണം എന്നല്ല ഞാന്‍ പറയുന്നത്. എല്ലാവര്‍ക്കും അവസരം നല്‍കണം. പക്ഷെ ഇങ്ങനെ ഒരു ടെന്‍ഡന്‍സി നാച്ചുറല്‍ ആയിട്ടുണ്ടാവും എന്ന് കണ്ടുപിടിച്ച മനുഷ്യന്‍ ആണ്. ഇത് പണ്ടേ അറിയാം. ഇദ്ദേഹം ആണ് ഇത് നിയമത്തിന്റെ രൂപത്തില്‍ കൊണ്ടുവന്നത്’

പ്രാസംഗികന്‍ ചൂണ്ടിക്കാട്ടിയ വില്‍ഫ്രഡോ പരേറ്റൊയെക്കുറിച്ച് നമ്മള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൗതിക പിതാമഹന്‍, കാള്‍ മാര്‍ക്സ് ഓഫ് ഫാസിസം എന്നൊക്കെ പരേറ്റോയെ വിശേഷിപ്പിക്കാറുണ്ട്. സമഗ്രാധിപത്യത്തിന്റെ സൈദ്ധാന്തികന്‍ എന്നാണ് കാള്‍ പോപ്പ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പരേറ്റോയുടെ കാഴ്ചപ്പാടുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കാന്‍ ഞാനിപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഒരൊറ്റ ഉദ്ധരണി മാത്രം പറയാം.

‘ഒരു കുലീന വര്‍ഗം അധ:പതിക്കുന്നതിന് മുന്നോടിയായി അനിവാര്യമായി കാണപ്പെടുന്ന ഒരു ലക്ഷണമാണ് ദീനാനുകമ്പയുടേയും അതിഭാവുകത്വത്തിന്റേയും നുഴഞ്ഞുകയറ്റം. അതോടെ കൂലീനവര്‍ഗത്തിന് അതിന്റെ ഉന്നതസ്ഥാനത്ത് പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. അടിക്ക് പകരം അടികൊടുക്കാതെ ഒഴിയുന്ന എതിരാളിയുടെ രക്തം ചിന്താന്‍ മടിക്കുന്ന ഏതൊരു ജന്തുവും അതിന്റെ ദയാവായ്പിനെ ആശ്രയിച്ചിരിക്കുന്നു. ആടുകളെ തിന്നാന്‍ എല്ലാക്കാലത്തും ചെന്നായ്ക്കളുണ്ടായിക്കൊണ്ടേയിരിക്കും’- ഇതാണ് പരേറ്റോവിന്റെ ഒരു ഉദ്ധരണി ഞാന്‍ എടുത്തിട്ടുള്ളത്.

എന്തുകൊണ്ടാണ് യാഥാസ്ഥിതികര്‍ക്ക് പരേറ്റോ പ്രിയങ്കരനാകുന്നത് എന്നത് നമുക്ക് ഈയൊരു ഉദ്ധരണി കൊണ്ട് മനസിലാക്കാം. മുസോളിനിയ്ക്ക് വളരെ പ്രിയപ്പെട്ട ഗുരുവായിരുന്നു പരേറ്റോ.

‘അദ്ദേഹത്തിന്റെ ഓരോ ക്ലാസിനും ഞാന്‍ കാത്തിരുന്നു. ഭാവികാലത്തിന്റെ ഇക്കണോമിക്സ് ഫിലോസഫിയുടെ രൂപരേഖ വരച്ചിട്ട അധ്യാപകന്‍ എന്നാണ് മുസോളിനി പരേറ്റോയെക്കുറിച്ച് തന്റെ ആത്മകഥയില്‍ പറയുന്നത്.

അധികാരം ലഭിച്ച ആദ്യവര്‍ഷങ്ങളില്‍ പരേറ്റോ നിര്‍ദേശിച്ചിരുന്ന നയങ്ങള്‍ അതേപോലെ നടപ്പിലാക്കുകയാണ് മുസോളിനി ചെയ്തത് എന്ന് മുസോളിനിയുടെ ജീവചരിത്രകാരന്‍ പറഞ്ഞിട്ടുണ്ട്. ഇറ്റാലിയന്‍ ഫാസിസത്തിന്റെ വിജയം തന്റെ സൈദ്ധാന്തികപ്രവചനങ്ങളെ ഉജ്വലമായി സാധൂകരിക്കുന്നു എന്നാണ് പരേറ്റോ തന്റെ അന്ത്യകാലത്ത് അവകാശപ്പെട്ടത്.

സ്വതന്ത്ര ചിന്തകരുടെ സദസില്‍ അതിസമ്പന്നരും ഏറ്റവും പ്രഗത്ഭരും ആയിട്ടുള്ള ആള്‍ക്കാരിലേക്ക് സമ്പത്തിന്റേയും അവസരങ്ങളുടേയും കേന്ദ്രീകരണം നടക്കുക എന്നുള്ളത് ലോകസത്യമാണ് എന്ന് സ്ഥാപിക്കാനായി സി. രവിചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്ന അതോറിറ്റി ഇറ്റാലിയന്‍ ഫാസിസത്തിന്റെ തലതൊട്ടപ്പനാണ് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇനി മറ്റൊരു കാര്യം ഈ 80-20 ലോ എന്ന് പറയുന്നത് സമകാലിക ഇക്കണോമിക്സുകള്‍ സാര്‍വത്രികമായി അംഗീകരിച്ച കാര്യമാണ് എന്ന മട്ടിലാണ് സി. രവിചന്ദ്രന്‍ അവതരിപ്പിക്കുന്നത്.

വാസ്തവത്തില്‍ 80-20 ലോ എന്നത് ഇക്കോണിമിക്സ് പുസ്തകത്തില്‍ ഉണ്ട് എന്നൊക്കെ വെറുതെ പറയുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് ഇക്കണോമിക്സ് പുസ്തകങ്ങളിലൊന്നും തന്നെ ഈ 80-20 ലോ നമ്മള്‍ കാണില്ല. അങ്ങനെ ഒരു നിയമത്തെക്കുറിച്ച് പരേറ്റോ പോലും തന്റെ ഗ്രന്ഥങ്ങളില്‍ പറയുന്നില്ല.

കാര്യം സമഗ്രാധിപത്യത്തിന്റെ സൈദ്ധാന്തികനൊക്കെയാണെങ്കിലും പരേറ്റോ ഒരു മണ്ടനൊന്നുമായിരുന്നില്ല. പ്രണയബന്ധങ്ങള്‍, സംഗീത ആല്‍ബങ്ങള്‍, നോവലുകള്‍ എന്നിവയടക്കം ഏതൊരു ഹ്യൂമന്‍ എന്റര്‍പ്രൈസിലും ഏതൊരു ഹ്യൂമന്‍ ക്രിയേറ്റിവിറ്റിയിലും ബാധകമായ ഒരു യൂണിവേഴ്സല്‍ നിയമം എന്നൊന്നും പറയാനുള്ള മണ്ടത്തരമൊന്നും പരേറ്റോ കാണിച്ചിട്ടില്ല.

പരേറ്റോയും മുസോളിനിയുമൊക്കെ പങ്കിട്ട ഒരു എലൈറ്റ് ആശയമാണ് ഇപ്പറഞ്ഞ പരേറ്റോ പ്രിന്‍സിപ്പളിന്റെ അടിയിലുള്ളത് എന്നത് വളരെ വ്യക്തമാണ്. ഇന്‍ഇഗറ്റേറിസം, കണ്‍സര്‍വേറ്റിസം എന്നീ വലതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്ന ഇത്തരം സെല്‍ഫ് ഹെല്‍പ്പ് ഗുരുക്കന്‍മാര്‍ ഇന്നത്തെ കാലത്ത് ഇവരാണ്. 1941 ല്‍ ഉണ്ടായിട്ടുള്ള ഭാവനാസൃഷ്ടിഇന്നും കൊണ്ടുനടക്കുന്നവര്‍. ഇവരാണ് അത് ലോകനിയമമാണ് എന്ന് പറയുന്നവര്‍.

കാനഡക്കാരനായ ഒരു അതിപ്രശസ്ത സെല്‍ഫ് ഹെല്‍പ്പ് ഗുരുവാണ് ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍. വലതുപക്ഷനിലപാടുകളുടെ വിളനിലം എന്ന് തന്നെ വിളിക്കാവുന്ന ഇദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഏറെക്കുറെ അതുപോലെതന്നെയാണ് രവിചന്ദ്രന്‍ ഈ ഭാഗത്ത് നമ്മളോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് രവിചന്ദ്രന്‍ പറയുന്നത് ഒരു സ്റ്റാന്‍ഡേര്‍ഡ് ഇക്കണോമിക്‌സ് അറിവാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. അറിയപ്പെടുന്ന ഒരു സെല്‍ഫ് ഹെല്‍പ്പ് ഗുരുവിന്റെ ഭാവനാവിലാസം മാത്രമാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ എന്നയാളുടെ ആശയത്തെക്കുറിച്ചും വിശകലനത്തെക്കുറിച്ചും ആഴത്തില്‍ നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. കാരണം ഇയാളുടെ ആശയങ്ങളും പ്രവര്‍ത്തനരീതിപോലും കേരളത്തിലെ സ്വതന്ത്രചിന്തകര്‍ക്കിടയില്‍ പിന്തുടരപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍

ജോര്‍ദാന്‍ പീറ്റേഴ്‌സന്റെ ധാരാളം വീഡിയോകള്‍ നമുക്ക് യൂട്യുബില്‍ കാണാം. ‘പരേറ്റോ ഡിസ്ട്രിബ്യൂഷന്‍- ആന്റ് വെല്‍ത്ത് ഇന്‍ ഇക്വാലിറ്റി’ എന്ന അഞ്ചരമിനിറ്റ് വീഡിയോയില്‍ പറയുന്ന പലകാര്യങ്ങളും ചില പ്രയോഗങ്ങള്‍ പോലും അതേപോലെ രവിചന്ദ്രന്‍ പറയുന്നത് കാണാം. അതിസമ്പന്നരും ഏറ്റവും പ്രഗത്ഭരുമായവരിലേക്ക് സമ്പത്തിന്റേയും അവസരങ്ങളുടേയും കേന്ദ്രീകരണം നടക്കുക എന്ന് പറയുന്നത് ലോകനിയമമാണ് എന്ന് പറയുന്ന ഉടനെ അദ്ദേഹം ശരിയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയുന്നത് കേട്ടില്ലേ. അത് ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ പറയുന്നത് അതുപോലെയാണ്.

പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഏതൊരു ഹ്യൂമന്‍ ക്രിയേറ്റിവിറ്റിയിലും ഇങ്ങനെ ഒരു വിതരണം നിങ്ങള്‍ക്ക് കാണാന്‍ കഴിയും എന്നതും ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ ഈ വീഡിയോയില്‍ പറയുന്നത് കാണാം. സംഗീത ആല്‍ബങ്ങള്‍, നോവല്‍, ബുക്കുകള്‍ എന്ന് വേണ്ട ബോയിംഗ് ബോയിംഗ് തമാശ ഒക്കെ ചേര്‍ത്ത് പറഞ്ഞ ഇന്‍ഇക്വാലിറ്റി ഓഫ് സെക്ഷ്വല്‍ ആക്‌സസ് അടക്കം പ്രസംഗത്തില്‍ എടുത്തുപറയുന്ന എല്ലാ ഉദാഹരണങ്ങളും ഈ വീഡിയോയിലുള്ളതാണ്.

പണം മുതല്‍ പ്രണയം വരെയുള്ള എല്ലാ സംഗതികള്‍ക്കും 80-20 ലോ എന്ന സോ കോള്‍ഡ് പ്രകൃതിനിയമം ബാധകമാക്കും എന്ന് പറഞ്ഞ് നിര്‍ത്താതെ കംപ്ലീറ്റ് വളയമില്ലാത്ത ഒരു ചാട്ടം കൂടി രവിചന്ദ്രന്‍ ചാടിക്കളയുന്നുണ്ട്. നാണയം തുടര്‍ച്ചയായി ടോസ് ചെയ്യുകയാണെങ്കില്‍ അതിനും 80-20 ലോ വെച്ചായിരിക്കും ഫലം എന്നാണ് രവിചന്ദ്രന്‍ പറയുന്നത്.

സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോബബിലിറ്റി എന്നിവയെക്കുറിച്ച് ഏറ്റവും മിനിമം ധാരണയുള്ളവര്‍ക്ക് പോലും വളരെ തീര്‍ച്ചയുള്ള ഒരുകാര്യമാണ് നാണയം ടോസ് ചെയ്താല്‍ ഹെഡ്, ടെയില്‍ കിട്ടാനുള്ള സാധ്യത 50-50 ആണ് എന്നുള്ളത്. കൂടുതല്‍ തവണ ടോസ് ചെയ്യുമ്പോള്‍ ഈ അനുപാതം കൂടുതല്‍ കൃത്യമാവുകയാണ് ചെയ്യുന്നത്. ജോര്‍ദാന്‍ പീറ്റേഴ്‌സന്റെ മറ്റൊരു വീഡിയോ കണ്ടപ്പോള്‍ രവിചന്ദ്രന്‍ എന്തുകൊണ്ടാണ് ഇത് പറയാനുള്ള കാരണം എന്ന് എനിക്ക് മനസിലായി.

ഇതില്‍ ഒരു ട്രേഡിംഗ് ഗെയിമിനേക്കുറിച്ചാണ് പറഞ്ഞത്. ആയിരം ആള്‍ക്കാര്‍. ഓരോ ആള്‍ക്കാര്‍ക്കും 100 ഡോളര്‍ കൊടുക്കുന്നു. ഓരോ ആളും മറ്റേ ആളുമായി കോയിന്‍ ടോസ് ചെയ്ത് കളിക്കുന്നു. തോറ്റാല്‍ ഒരു ഡോളര്‍ കൊടുക്കുക. ഈ കളി തുടരുമ്പോള്‍ മുഴുവന്‍ പണവും ഒരാളുടെ കൈയിലെത്തും. ബാക്കിയെല്ലാവരുടേയും കൈയിലുള്ള പണം പൂജ്യമാകും. എന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. ഇക്കാര്യമാണ് രവിചന്ദ്രന്‍ പറയുന്നത്.

ഇതില്‍ ഒരു വ്യക്തത വരുത്താന്‍ എന്റെ സുഹൃത്തായ ഒരു ഗണിതശാസ്ത്രജ്ഞനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

‘100 ഡോളര്‍ വീതം കൈവശുമുള്ള രണ്ട് പേര്‍ ആദ്യത്തെ ബെറ്റ് ഒരു ഡോളറിനാണെന്ന് കരുതുക. ഒരാള്‍ ടോസ് ജയിച്ച് 1 ഡോളര്‍ നേടിയാല്‍ മൊത്തം സമ്പാദ്യം 101 ഡോളറും മറ്റേയാള്‍ക്ക് 99 ഡോളറും ആകും. അവര്‍ തമ്മില്‍ വീണ്ടും ടോസിട്ടാല്‍ വിജയം മറ്റേയാള്‍ക്കാകാം. ഹെഡിനും ടെയിലിനും ഒരേ പ്രോബബിലിറ്റി ആയതിനാല്‍ കളി കൂടുതല്‍ തവണ ആവര്‍ത്തിക്കുന്നതിനനുസരിച്ച് ഇരുവര്‍ക്കും ജയവും പരാജയവും മിക്കവാറും തുല്യമായിരിക്കാം. ട്രയലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇത് കൂടുതല്‍ തുല്യമാകും. ഇതിനര്‍ത്ഥം രണ്ടുപേരുടേയും സാമ്പത്തികനിലയില്‍ മാറ്റം വരുന്നില്ല. അതുകൊണ്ടുതന്നെ 1000 പേരുടേയും തുടക്കത്തിലെ അവസ്ഥ നിലനില്‍ക്കും. ഇതാണ് സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നത്. അതാണ് പ്രകൃതി നിയമം’

ദുര്‍ബലവും അയുക്തികവുമായി തന്റെ ആശയങ്ങള്‍ക്ക് വേണ്ടി കപടശാസ്ത്രത്തെ കൂട്ടുപിടിക്കുക എന്ന രീതി പീറ്റേഴ്‌സണ് സ്ഥിരമായിട്ടുള്ളതാണ്. ഇവിടെ ഉപയോഗിച്ച കപടഗണിതം എനിക്ക് പോലും തെറ്റായി തോന്നുന്ന തരത്തിലായിപ്പോയി എന്നുള്ളതാണ്. ഇത്രയൊക്കെ കഷ്ടപ്പെട്ട ഈ പരേറ്റോ ഡിസ്ട്രിബ്യൂഷന്‍ അതല്ലെങ്കില്‍ 80-20 ലോ സത്യമാണ് എന്ന് തെളിയിക്കാന്‍ ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ മെനക്കെടുന്നത് എന്തിനാണ്.

പരേറ്റോ ഡിസ്ട്രിബ്യൂഷന്‍ ആന്റ് വെല്‍ത്ത് ഇന്‍ഇക്വാലിറ്റി എന്ന വീഡിയോയില്‍ അദ്ദേഹം ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട്. അസമത്വമെന്നത് നിര്‍മാര്‍ജനം ചെയ്യുക അസാധ്യമാണ് എന്നാണ് പറയുന്നത്. അസമത്വം ഒരു പ്രകൃതിനിയമമാണ് എന്ന് പറയുന്ന വലതുപക്ഷ ആശയത്തെ ഊട്ടിയുറപ്പിക്കാനുദ്ദേശിച്ചാണ് ഈ ഇല്ലാത്ത സിദ്ധാന്തവും വല്ലാത്ത വിശദീകരണവുമൊക്കെ ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ കൊണ്ടുവരുന്നത്. അത് തന്നെയാണ് സി. രവിചന്ദ്രന്‍ ഇവിടെ ആവര്‍ത്തിക്കുന്നത്. എന്താണ് ഇങ്ങനെ ആവര്‍ത്തിക്കാനുള്ള കാരണം.

ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ കേവലമൊരു സെല്‍ഫ് ഹെല്‍പ്പ് ഗുരു മാത്രമല്ല. അതിലുപരി ഒരു വലതുപക്ഷ ചിന്തകനാണ്. വലതുപക്ഷ ആശയങ്ങളെ സെല്‍ഫ് ഹെല്‍പ്പ് ആശയങ്ങള്‍ റീപാക്ക് ചെയ്യുന്ന ആള്‍ എന്നാണ് അദ്ദേഹത്തെ ഒരു ലേഖകന്‍ വിശേഷിപ്പിക്കുന്നത്.

പശ്ചാത്യവലതുപക്ഷ ചിന്താനായകന്‍മാരില്‍ ഏറ്റവും പ്രസിദ്ധനാണ് ഈ ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍. ‘ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ കസ്റ്റോഡിയന്‍ ഓഫ് പാട്രിയാര്‍ക്കി’ എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ അദ്ദേഹത്തെക്കുറിച്ച് വന്ന തലക്കെട്ട്. നമ്മുടെ സംസ്‌കാരത്തെ പീഡനാപൂര്‍ണ്ണമായ പുരുഷാധിപത്യമായി ചിലര്‍ വീക്ഷിക്കുന്നു. ഇന്ന് നിലനില്‍ക്കുന്ന ഉച്ച-നീചക്രമം യോഗ്യതയുടെ, പ്രാപ്തിയുടെ മേലാകും അടിയുറപ്പിച്ചിരിക്കുന്നത് എന്നതും സമ്മതിക്കാന്‍ ഇവര്‍ വിസമ്മതിക്കുകയാണ് -എന്നാണ് ആ ലേഖനത്തില്‍ ഉദ്ധരിച്ച ജോര്‍ദാന്‍ പീറ്റേഴ്‌സന്റെ ഒരു വാചകം.

വലതുപക്ഷത്തിന്റെ മുഖമുദ്രയായ കണ്‍സര്‍വേറ്റിസം പ്രിഫറന്‍സ് ഓഫ് ഹയറാര്‍ക്കി ഇവ രണ്ടും ഈ ഒറ്റ വാചകത്തില്‍ പ്രകടമായി കാണാം. ഉച്ചനീചത്വം, ഹയറാര്‍ക്കി എന്നിവയാണ് സ്വാഭാവികമായ ലോകക്രമം എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാട്. തീവ്ര ഇടതുപക്ഷം ഉച്ചനീചക്രമങ്ങളെ ഉന്മൂലം ചെയ്യാന്‍ ലക്ഷ്യമിടുന്നു എന്നതിനാലാണ് താന്‍ തീവ്രവലതുനിലപാട് സ്വീകരിക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നുണ്ട്. പദവിയിലും അധികാരത്തിലുമുള്ള ഏറ്റക്കുറച്ചിലുകളുനസരിച്ച് ഒരു സമൂഹത്തിലെ അംഗങ്ങളെ മേല്‍കീഴായി വര്‍ഗീകരിക്കുന്നതാണ് ഉച്ചനീച വ്യവസ്ഥ എന്ന് പറയുന്നത്.

ഉച്ചനീചത്വം എന്ന് പറയുന്നത് വലതുപക്ഷത്തെ സംബന്ധിച്ച് ഏറ്റവും അടിസ്ഥാനമായ ആശയമാണ്. മുസോളിനി സ്ഥാപിച്ച ഫാസിസ്റ്റുകളുടെ അടിസ്ഥാനജേര്‍ണലിന്റെ പേര് തന്നെ ഹയറാര്‍ക്കി എന്നായിരുന്നു. സ്വാഭാവികമായും ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ എന്ന സമകാലികനായ വലതുപക്ഷ ചിന്തകനും ഹയറാര്‍ക്കിയുടെ ആരാധകനും പ്രചാരകനുമാണ്. how dangerous is jordan b peterson the rightwing professor who hit hornets nest ? എന്ന തലക്കെട്ടില്‍ ദി ഗാര്‍ഡിയന്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

പീറ്റേഴ്‌സന്റെ വിവിധ വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ അതില്‍ ഉദ്ധരിച്ചിട്ടുണ്ട്. ചരിത്രത്തിലൂടനീളം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നു എന്ന ആശയം വളരെ മോശമായ സിദ്ധാന്തമാണെന്നും ഇസ്ലാമോഫോബിയ എന്നത് ഫാസിസ്റ്റുകളുണ്ടാക്കിയതും ഭീരുക്കള്‍ ബുദ്ധിശൂന്യരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കിയ വാക്കാണെന്നും കാണുന്നുണ്ട്. വൈറ്റ് പ്രിവിലേജ് എന്നത് ഒരു മാര്‍ക്‌സിസ്റ്റ് നുണയാണ് എന്നതുമുള്ള അഭിപ്രായങ്ങള്‍ നമുക്കവിടെ കാണാം.

ഒരുസമൂഹത്തിലെ അധ:സ്ഥിതരുടേയും മര്‍ദ്ദിതരുടേയും കൂടെ നില്‍ക്കുക, അവര്‍ക്ക് വേണ്ടി വാദിക്കുക എന്നുള്ളതാണ് ഇടതുപക്ഷ നിലപാട്. വലതുപക്ഷ നിലപാടാകട്ടെ വിവേചനത്തേയും ബഹിഷ്‌കരണത്തേയും പാലിക്കുകയും പിന്തുടരുകയും ചെയ്യുക, താത്വികമായി ന്യായീകരിക്കുകയും ചെയ്യുക എന്നതാണ്. ഇങ്ങനെയുള്ള താത്വിക ന്യായീകരണങ്ങള്‍ പറയുന്നവര്‍ക്ക് ഏറ്റവും പിന്തുണ കിട്ടുക സമൂഹത്തിലെ പ്രിവിലേജ്ഡ് ആയിട്ടുള്ള ആളുകളില്‍ നിന്നായിരിക്കും.

ഇത്രയും പറഞ്ഞത് സി.രവിചന്ദ്രന്‍ കേരളത്തിലെ സ്വതന്ത്രചിന്തകര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന അസമത്വം പ്രകൃതിനിയമമാണ് എന്ന ആശയത്തിന്റെ യഥാര്‍ത്ഥ ഉറവിടം എവിടെയാണ് എന്ന് വ്യക്തമാക്കാനാണ്. ഫാസിസ്റ്റുകളുടെ തലതൊട്ടപ്പനായ വില്‍ഫ്രഡോ പരേറ്റോ മുതല്‍ പാശ്ചാത്യലോകത്തെ രജിത് സര്‍ എന്ന് വിളിക്കാവുന്ന ജോര്‍ദാന്‍ പീറ്റേഴ്‌സണ്‍ എന്ന വലതു ബുദ്ധിജീവികളാണ് ഈ ആശയത്തിന്റെ യഥാര്‍ത്ഥ ഉറവിടങ്ങള്‍.

ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും ശക്തിയാര്‍ജ്ജിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ വേലിയേറ്റമായാണ് തീര്‍ത്തും അയുക്തികവും പുരോഗമനവിരുദ്ധവുമായ ഈ ആശയം പ്രചരിക്കുന്നത് എന്നത് നാം തിരിച്ചറിയണം. ഈ വലതുപക്ഷ മുന്നേറ്റത്തിനെതിരായ ആശയപരമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി ഇത്തരം വലതുപക്ഷ ആശയങ്ങളെ തുറന്നുകാട്ടുകയും എതിര്‍ക്കുകയും ചെയ്‌തേ മതിയാകൂ.

വീഡിയോയില്‍ പറയുന്ന മറ്റൊരു ഭാഗം ശ്രദ്ധിക്കാം

‘ലാഭമാണ് ഇന്‍കം ഡിസ്ട്രിബ്യൂഷന്റെ ഡിസ്പാരിറ്റിക്ക് കാരണം എന്ന് പറയുന്നത് ലളിതവല്‍ക്കരിക്കപ്പെട്ട ഒരു പൊട്ടന്‍ തിയറി ആണ്. അങ്ങനെയല്ല. ഇത് നാച്ചുറല്‍ ആയിട്ട് ഉണ്ടാവുന്ന സാധനം ആണ്. ഈ പാരേറ്റോ ഡിസ്ട്രിബ്യൂഷന്‍ ഒരു സമൂഹത്തില്‍ ഉണ്ടെങ്കില്‍ -പത്ത് ശതമാനം ആള്‍ക്കാര്‍ക്കാണ് 90 ശതമാനം – എന്തോ ആയിക്കോട്ടെ ഭൂമിയോ വസ്തുക്കളോ സ്‌നേഹമോ പ്രണയമോ നോവലോ അല്ലെങ്കില്‍ യൂ ട്യൂബിലെ വ്യൂവര്‍ഷിപ്പോ ഏത് നോക്കിയാലും അങ്ങനെയാകും. ഏറ്റവും മുകളില്‍ നില്‍ക്കുന്ന കുറച്ച് പേര്‍ ആയിരിക്കും 90 ശതമാനവും. നാച്ചുറല്‍ ആണ്. മനുഷ്യന്‍ ഇടപെടുമ്പോള്‍ ഇങ്ങനെ സംഭവിക്കും. അപ്പോള്‍ ക്യാപ്പിറ്റലിസത്തിലും അങ്ങനെയാകും. കാരണം ക്യാപ്പിറ്റലിസം തുറന്ന മത്സരമാണ്. അവിടെ നിയന്ത്രണങ്ങള്‍ ഇല്ല. സ്വാഭാവികമായിട്ടും എല്ലായിടത്തും ഉണ്ടാകുന്ന അതേ ഫോര്‍മേഷന്‍ അതേ ഡിസ്ട്രിബ്യൂഷന്‍ അവിടേയും ഉണ്ടാകും’

സമ്പത്തിന്റെ കാര്യത്തില്‍, അവസരത്തിന്റെ കാര്യത്തില്‍ ഉള്ള അസമത്വമെന്നത് പ്രകൃതിനിയമമാണെന്നാണ് സി.രവിചന്ദ്രന്‍ വാദിക്കുന്നത്. ഏതൊരു ഹ്യൂമന്‍ ക്രിയേറ്റിവിറ്റിയിലും അസമത്വം ഉണ്ടായേ തീരൂ എന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്. ഇവിടെ അടിസ്ഥാനപരമായ തിയറിറ്റിക്കല്‍ ഡിസ്റ്റിന്‍ക്ഷന്‍ അദ്ദേഹത്തിന്റെ കണ്ണില്‍പ്പെടുന്നില്ല. അതായത് മനുഷ്യര്‍ തമ്മിലുള്ള അസമത്വമെന്നത് സാമൂഹ്യമണ്ഡലത്തില്‍ ഉള്ള കാര്യമാണ്, പ്രകൃതിയുടെ മണ്ഡലത്തില്‍ ഉള്ള കാര്യമല്ല.

പ്രകൃതിമണ്ഡലത്തിലെ നിയമങ്ങള്‍ക്ക് മനുഷ്യരുടെ ചോയ്‌സുകള്‍, തീരുമാനങ്ങള്‍ എന്നിവയുമായി ഒരു ബന്ധവുമില്ല. മനുഷ്യനിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇനി മനുഷ്യന്‍ തന്നെയില്ലെങ്കിലും ന്യൂട്ടന്റെ ചലനനിയമം സാധുവാകും. അതുപോലെ തന്നെ ബയോളജിയിലും കെമിസ്ട്രിയിലും മറ്റ് ശാസ്ത്രശാഖകളിലും ഉള്ള വസ്തുതകള്‍ പ്രകൃതിമണ്ഡലത്തിലെ കാര്യങ്ങളാണ്. അതില്‍ നമുക്ക് യാതൊരു ചോയ്‌സുമില്ല. അതേസമയം ഭൂമിയുടെ വിതരണം സമ്പത്തിന്റെ വിതരണം എന്നിവയില്‍ തുടങ്ങി ഇന്‍ഇക്വാലിറ്റി ഇന്‍ സെക്ഷ്വല്‍ ആക്‌സസ് വരെയുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നത് സാമൂഹ്യമണ്ഡലവുമായിട്ടായിരിക്കും. അവിടെ മനുഷ്യന്റെ ചോയ്‌സുകള്‍ക്ക് തീരുമാനങ്ങള്‍ക്കെല്ലാം സാധ്യതകളുണ്ട്.

പ്രകൃതിമണ്ഡലത്തിലുള്ളത് പോലെ മാറ്റമില്ലാത്ത നിയമങ്ങളല്ല സാമൂഹ്യമണ്ഡലത്തെ നിര്‍ണയിക്കുന്നത്. പ്രകൃതിമണ്ഡലത്തിലുള്ളത് പോലെ മനുഷ്യന്‍ ഇച്ഛകള്‍ക്ക് തീര്‍ത്തും അതീതമായ പ്രകൃതിനിയമങ്ങളാലല്ല സാമൂഹ്യമണ്ഡലം ഭരിക്കപ്പെടുന്നത്. ഈ രണ്ട് മണ്ഡലങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ കുഞ്ഞുണ്ണി മാഷുടെ ചില വരികള്‍ ഞാന്‍ ഉദ്ധരിക്കാം.

‘പപ്പടം വട്ടത്തിലായതുകൊണ്ടാവാം
പയ്യിന്റെ പാല് വെളുത്തതായി

പയ്യിന്റെ പാല് വെളുത്തത് കൊണ്ടാവാം
പാക്കലം മണ്ണ്‌കൊണ്ടുണ്ടാക്കുന്നു

പാക്കലം മണ്ണുകൊണ്ടായത് കൊണ്ടാവാം
പാപ്പുവിന്‍ പീപ്പിക്ക് പെപ്പരപ്പേ’

ഇവിടെ പയ്യിന്റെ പാല് വെളുത്തതാവുന്നത് പ്രകൃതിനിയമത്തിലുള്ള കാര്യമാണ്. കാരണം പാല് എന്നത് വെള്ളത്തിനകത്ത് ഫാക്ടും പ്രോട്ടീനും ഡിസ്‌പേഴ്‌സ് ചെയ്തിട്ടുള്ള ഒരവസ്ഥയാണ്. പാലിന്റെ വെളുപ്പ് എന്ന് പറയുന്നത് മനുഷ്യേതരമായ പ്രകൃതിനിയമമാണ്.

അതേസമയം പാക്കലം മണ്ണുകൊണ്ടുണ്ടാക്കുന്നത് സാമൂഹ്യമണ്ഡലത്തിലുള്ള കാര്യമാണ്. 1950 ല്‍ ഒരു ഗ്രാമത്തില്‍ പാക്കലം മണ്ണ് കൊണ്ടുണ്ടാക്കുകയും അത് വിറകടുപ്പില്‍ തിളപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാകും. അതേസമയം 2020 ല്‍ ആ ഉള്‍നാടന്‍ ഗ്രാമം ഒരു പട്ടണമായി മാറിയിട്ടുണ്ടാകും. അവിടെ ഒരുപക്ഷെ ഒരു ഇലക്ട്രിക് മില്‍ക്ക് ബോയിലര്‍ ആവാം ഒരുപക്ഷെ പാക്കലമായി ഉപയോഗിക്കപ്പെടുന്നത്. പാല്‍ വെളുത്തതാകുന്നതും പാക്കലം മണ്ണ് കൊണ്ടുണ്ടാക്കുന്നതും രണ്ട് മണ്ഡലത്തില്‍ ഉള്ള കാര്യമാണ്.

പാക്കലം മണ്ണ് കൊണ്ടുണ്ടാക്കുന്നതിന്റെ കാരണങ്ങള്‍ സാമൂഹികമാണ്. ആ കാരണങ്ങള്‍ മനുഷ്യനിരപേക്ഷമല്ല. പയ്യിന്റെ പാല് വെളുത്തതാവുന്നതിന്റെ കാരണങ്ങള്‍ മനുഷ്യനിരപേക്ഷമാണ്. ഈ ഒരു അടിസ്ഥാനപരമായ തിയററ്റിക്കല്‍ ഡിസ്റ്റിന്‍ഷന്‍ സി. രവിചന്ദ്രന്‍ ഇവിടെ മറന്നുപോകുന്നു.

ഭൂമിയില്‍ മനുഷ്യകുലത്തിന്റെ ആവിര്‍ഭാവമുണ്ടായ അന്നുമുതല്‍ ഇതുവരെ വ്യത്യസ്തമായ മനുഷ്യസമൂഹങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒരുകാലത്ത് അലംഘനീയമെന്ന് നമ്മള്‍ കരുതിയിരുന്ന പല സാമൂഹ്യനിയമങ്ങളും കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ പില്‍ക്കാലത്ത് അപ്രത്യക്ഷമായിപ്പോയി. സമൂഹമണ്ഡലത്തില്‍ വരുന്ന അതിവിശാലമായ മനുഷ്യപ്രയത്നങ്ങളെ നിര്‍ണയിക്കുന്നത് ഭാവന ചെയ്യുന്നത് എന്നത് പോലും ബാലിശമായ പ്രവൃത്തിയാണ്.

പുരാതനകാലത്ത് അങ്ങനെ ആള്‍ക്കാര്‍ ചെയ്തിരുന്നു. എന്നാല്‍ ആധുനികകാലത്ത് ഇങ്ങനെയൊരു സര്‍വ്വാശ്ലേഷിയായ സര്‍വസ്പര്‍ശിയായ ഒരു നിയമത്തെ സാമൂഹ്യമണ്ഡലത്തില്‍ ആരോപിക്കുക എന്നത് ബാലിശമായ കാര്യമാണ്. ഏറ്റവും മിതമായി പറഞ്ഞാല്‍ അത് പരിഹാസ്യമാണ്.