യാത്ര സുരക്ഷകള്‍ ഉറപ്പുവരുത്തുന്ന നിയമം നടപ്പിലാക്കുന്നതിനു പകരം ഹീനമായ നാടകം കളിക്കുകയാണ് ഇന്‍ഡിഗോ. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഭരണപരാജയത്തിന്റെ മറവിലാണ് ഇന്‍ഡിഗോ ഈ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്നത്.
നിയമം നടപ്പിലാക്കാന്‍ കോടതി പറയുമ്പോള്‍ റോസ്റ്ററുകള്‍ ക്രമീകരിക്കുന്നതിനോ, ക്രൂ റിസര്‍വുകള്‍ ശക്തിപ്പെടുത്തുന്നതിനോ, കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള സമയാസൂത്രണം നടത്തുന്നതിനോ പകരം, ധിക്കാരപൂര്‍വമായ നാടകീയത സൃഷ്ടിച്ച് സ്വതേ ദുര്‍ബലമായ അകം പൊള്ളയായ സര്‍ക്കാരിനെ ഇന്‍ഡിഗോ കമ്പനി പരിഹസിക്കുകയാണ് | ടി.ടി. ശ്രീകുമാര്‍ ഡൂള്‍ന്യൂസിലെഴുതുന്നു
നിസ്സാരമായി ഒരു രാഷ്ട്രം തകരുന്നത് എങ്ങനെ എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്‍ഡിഗോ പ്രതിസന്ധി. ആയിരക്കണക്കിന് സര്‍വീസുകള്‍ തോന്നുംപോലെ റദ്ദാക്കിക്കൊണ്ട് യാത്രക്കാരെയും സര്‍ക്കാരിനെയും കോടതിയേയും ഒരു കുത്തക കമ്പനി വെല്ലുവിളിക്കുകയാണ്.
യാത്ര സുരക്ഷകള്‍ ഉറപ്പുവരുത്തുന്ന നിയമം നടപ്പിലാക്കുന്നതിനു പകരം ഹീനമായ നാടകം കളിക്കുകയാണ് ഇന്‍ഡിഗോ. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഭരണപരാജയത്തിന്റെ മറവിലാണ് ഇന്‍ഡിഗോ ഈ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്നത്.
ഫ്‌ളൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്.ഡി.ടി.എല്‍) പ്രോട്ടോക്കോളുകളുമായി ബന്ധപ്പെട്ടതാണ് പ്രധാന തര്‍ക്കം. പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അമിതമായി ജോലി ചെയ്യുന്നില്ലെന്നും ഡ്യൂട്ടിക്ക് അനുയോജ്യരാണെന്നും ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കാനുള്ള വിസമ്മതമാണ് ഈ കൃത്രിമ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇന്‍ഡിഗോയെ പ്രേരിപ്പിക്കുന്നത്.
ഇന്‍ഡിഗോ എയർലെെന്‍സ്. Photo: Wikipedia
വ്യോമയാന സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ആഗോള വ്യോമയാനത്തില്‍ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട അപകടസാധ്യതകളില്‍ ഒന്നാണ് ജീവനക്കാരുടെ ക്ഷീണം. എഫ്.ഡി.ടി.എല്‍ നിയന്ത്രണങ്ങള്‍ വായുവിലും കരയിലും മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതാണ്.
ഈ നിയമം നടപ്പിലാക്കാന്‍ കോടതി പറയുമ്പോള്‍ റോസ്റ്ററുകള്‍ ക്രമീകരിക്കുന്നതിനോ, ക്രൂ റിസര്‍വുകള്‍ ശക്തിപ്പെടുത്തുന്നതിനോ, കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള സമയാസൂത്രണം നടത്തുന്നതിനോ പകരം, ധിക്കാരപൂര്‍വമായ നാടകീയത സൃഷ്ടിച്ച് സ്വതേ ദുര്‍ബലമായ അകം പൊള്ളയായ സര്‍ക്കാരിനെ ഇന്‍ഡിഗോ കമ്പനി പരിഹസിക്കുകയാണ്.
ഇതിന്റെ ചരിത്രവും ഭരണകൂടത്തിന് ഇതിലുള്ള പങ്കും സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്നതാണ്.
#WATCH | Chennai, Tamil Nadu | A passenger says, “We are flying IndiGo for Delhi. We cannot get on the flight. There are no flights flying out. We are stuck here. We need to be in Delhi by tonight. Let’s see what happens…” https://t.co/MiblMwsFL2pic.twitter.com/szoYHq1euc
കഴിഞ്ഞ 15 വര്‍ഷത്തെ ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന ചരിത്രം ഇന്‍ഡിഗോ എന്ന വിമാനക്കമ്പനിയുടെ കുത്തകാധിപത്യം പടിപടിയായി സംഭവിച്ചതിന്റെ ചരിത്രം കൂടിയാണ്. തൊണ്ണൂറുകളില്‍ ആഗോള ഉദാര സ്വകാര്യവത്കരണങ്ങളുടെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ ആഭ്യന്തര വ്യോമയാനം ഒരു പരിധിവരെ ജനകീയമായിത്തുടങ്ങിയത്.
ജെറ്റ് എയര്‍വേയ്സ് (1993), എയര്‍ സഹാറ (പിന്നീട് ജെറ്റ് എയര്‍വേയ്സില്‍ ലയിച്ചു), കിങ്ഫിഷര്‍ എയര്‍ലൈന്‍സ് (2005), തുടങ്ങി നിരവധി സ്വകാര്യ കമ്പനികള്‍ നിലവില്‍ വന്നു.
2006ല്‍ ആണ് ഇന്‍ഡിഗോ പറക്കല്‍ ആരംഭിക്കുന്നത്. അതുവരെ പ്രയോഗത്തില്‍ ഉണ്ടായിരുന്ന യാത്രാസൗകര്യ രീതികള്‍ ടിക്കറ്റ് ചാര്‍ജ് കുറക്കാന്‍ എന്ന പേരില്‍ മാറ്റിമറിച്ചുകൊണ്ടാണ് ഇന്‍ഡിഗോ വ്യോമയാന വിപണിയില്‍ സ്ഥാനം ഉറപ്പിച്ചത്.
ഇന്‍ഡിഗോ കൊളുത്തിവിട്ട മത്സരം മറ്റ് കമ്പനികളെയും വിലകുറക്കാന്‍ നിര്‍ബന്ധിതരാക്കി എന്നതു ശരിയാണെങ്കിലും അവരാരും ഇന്‍ഡിഗോ ഇതിനുവേണ്ടി നടത്തിയ ആഭ്യന്തര മാനെജ്‌മെന്റ് തന്ത്രങ്ങള്‍ അതുവരെ ഉപയോഗിച്ചിരുന്നവരല്ല.
ഇന്‍ഡിഗോ എയർലെെന്‍സ്. Photo: Wikipedia
അതുകൊണ്ടുതന്നെ ആ മത്സരത്തില്‍ തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലാതെ പങ്കെടുക്കേണ്ടി വന്നതിന്റെ ആഘാതം അവക്ക് താങ്ങാന്‍ കഴിഞ്ഞില്ല. അവര്‍ ഓരോരുത്തരായി കളം വിടാന്‍ തുടങ്ങിയെങ്കിലും 2015 വരെ വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ പലരും രംഗത്ത് തുടര്‍ന്നിരുന്നു. പുതിയ സര്‍ക്കാരും അവരുടെ നയങ്ങളും വ്യോമയാന രംഗത്ത് അരക്ഷിതത്വം സൃഷ്ടിക്കാന്‍ തുടങ്ങി.
2015ന് ശേഷം, ഗവണ്‍മെന്റും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും (സി.സി.ഐ) എയര്‍ലൈന്‍ മാര്‍ക്കറ്റ് കേന്ദ്രീകരണത്തിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. മത്സരത്തില്‍ അയഞ്ഞ മേല്‍നോട്ടവും ദുര്‍ബലമായ ആന്റിട്രസ്റ്റ് ഇടപെടലും ആണുണ്ടായത്.
ഇന്‍ഡിഗോയുടെ ദ്രുതഗതിയിലുള്ള വികാസം, ആക്രമണാത്മക ഫ്‌ലീറ്റ് ഏറ്റെടുക്കല്‍, പ്രധാന വിമാനത്താവളങ്ങളിലെ സ്ലോട്ട് പിടിച്ചെടുക്കല്‍ എന്നിവ നിയന്ത്രിക്കപ്പെട്ടില്ല, അതിന്റെ മാര്‍ക്കറ്റ് ഷെയര്‍ 40% ഉം പിന്നീട് 50% ഉം കടന്നപ്പോഴും സര്‍ക്കാര്‍ അനങ്ങിയില്ല.
ഇ.യു/യു.എസ് രീതികളില്‍ നിന്ന് വ്യത്യസ്തമായി, ഘടനാപരമായ പരിഹാരങ്ങളൊന്നും ഏര്‍പ്പെടുത്തിയില്ല. അവിടെ പ്രബല കാരിയറുകള്‍ പലപ്പോഴും സ്ലോട്ടുകള്‍ റിലീസ് ചെയ്യാനോ കൊള്ളയടിക്കുന്ന വില കുറയ്ക്കാനോ നിര്‍ബന്ധിതരാകുന്നുണ്ട്.
മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി കുത്തകവത്കരണം സംഭവിക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന അക്ഷരാഭ്യാസമില്ലാത്ത ഭരണകൂടം തന്നെയാണ് അതില്‍ പ്രധാന കുറ്റവാളി.
ഉഡാന്‍ (റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീം) ഘടന വലിയ കമ്പനികള്‍ക്ക് അനുകൂലമായി മാറിയത് സര്‍ക്കാര്‍ ശ്രദ്ധിച്ചതെയില്ല. ചെറിയ പ്രാദേശിക എയര്‍ലൈനുകളെ സഹായിക്കുക എന്നതായിരുന്നു ഉഡാന്‍ ഉദ്ദേശിച്ചിരുന്നത്, എന്നാല്‍ പ്രായോഗികമായി സാമ്പത്തിക സ്ഥിരതയ്ക്കും പ്രവര്‍ത്തന സ്‌കെയിലിനുമുള്ള ആവശ്യകത ഇന്‍ഡിഗോയെ അനുപാതമില്ലാതെ തുണക്കുന്നതായിരുന്നു.
വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണവും തിരക്കേറിയ വിമാനത്താവളങ്ങളിലെ സ്ലോട്ട് അലോക്കേഷന്‍ നയങ്ങളും (2015-2022) വ്യവസായത്തെ ബാധിച്ചു. പ്രധാന വിമാനത്താവളങ്ങള്‍ – ദല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായും സ്ലോട്ട് പരിമിതമായി മാറി. മന്ത്രാലയത്തിന്റെയും ഡി.ജ.ിസി.എയുടെയും സ്ലോട്ട് അലോക്കേഷന്‍ രീതികള്‍ ഇന്‍ഡിഗോയെ പീക്ക്-അവര്‍ സ്ലോട്ടുകള്‍, പ്രത്യേകിച്ച് ദല്‍ഹിയിലും മുംബൈയിലും, കൈവശപ്പെടുത്താന്‍ സഹായിച്ചു.
ജെറ്റ് എയര്‍വേയ്സ് തകര്‍ന്നപ്പോള്‍ (2019), സര്‍ക്കാര്‍ നിസ്സംഗത പാലിച്ചു. മാത്രമല്ല, ഇന്‍ഡിഗോയ്ക്ക് ജെറ്റിന്റെ പ്രൈം സ്ലോട്ടുകളിലേക്ക് ‘താത്കാലിക വിഹിതം’ എന്നുപറഞ്ഞു മുന്‍ഗണന കൊടുക്കുകയും ഒടുവില്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
ജെറ്റ് എയര്‍വേയ്സ്. Photo: Wikipedia
പ്രൈം സ്ലോട്ടുകള്‍ ഇല്ലാതെ, മറ്റ് എയര്‍ലൈനുകള്‍ക്ക് സമയക്രമത്തിലോ കണക്റ്റിവിറ്റിയിലോ മത്സരിക്കാന്‍ കഴിയാതെയായി.
ഘടനാപരമായ യാതൊരു ഇടപെടലുമില്ലാതെ ജെറ്റ് എയര്‍വേയ്സിന്റെ തകര്‍ച്ചയ്ക്ക് മൗനാനുവാദം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്.
കിംഗ്ഫിഷര്‍ തകര്‍ച്ചയുടെ ഘട്ടത്തില്‍ (2012), യു.പി.എ സര്‍ക്കാര്‍ കുറഞ്ഞത് പുനര്‍മൂലധന ചര്‍ച്ചകള്‍ക്ക് (re-capitalization) ശ്രമിച്ചപ്പോള്‍, എന്‍.ഡി.എ സര്‍ക്കാര്‍ ഒരു ദേശീയ സംരക്ഷണ ചട്ടക്കൂടില്ലാതെ ജെറ്റ് എയര്‍വേയ്സിനെ തകര്‍ച്ചയിലേക്ക് വിട്ടു.
ജെറ്റിന്റെ സ്ലോട്ടുകള്‍, പൈലറ്റുമാര്‍, വിമാനങ്ങള്‍ എന്നിവ സ്വതന്ത്രമാക്കി – അവയില്‍ ഭൂരിഭാഗവും ഇന്‍ഡിഗോ ഏറ്റെടുത്തു. ചെറിയ കമ്പനികള്‍ക്ക് നികത്താന്‍ കഴിയാത്ത പൂര്‍ണ്ണ സേവന, ദീര്‍ഘദൂര മേഖലകളില്‍ ശൂന്യത സൃഷ്ടിച്ചു.
ആഭ്യന്തര, ഹ്രസ്വ-ദൂര അന്താരാഷ്ട്ര മേഖലകളില്‍ ഇന്‍ഡിഗോയ്ക്ക് ഫലത്തില്‍ എതിരാളികള്‍ ഇല്ലാതെയായി. ഇന്ധന നികുതി ഘടനയും എ.ടി.എഫ് നയവും (കേന്ദ്ര എ.ടി.എഫ് യുക്തിസഹമല്ല) ഈ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി.
ഉയര്‍ന്ന നികുതി നിലനിര്‍ത്തിക്കൊണ്ട് എ.ടി.എഫിനെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കി. അധിക ഇന്ധനച്ചെലവ് വഹിക്കാന്‍ കഴിയാത്ത ചെറിയ എയര്‍ലൈനുകളെ ഇത് അനുപാതമില്ലാതെ ബാധിക്കുകയും അവയില്‍ പലതും തകരുകയോ സര്‍വീസ് ചുരുക്കയോ ചെയ്തു (ട്രൂജെറ്റ്, ഗോഎയര്‍). ഇന്‍ഡിഗോയുടെ ഹെഡ്ജിങ് പവറും കാഷ് റിസേര്‍വ്‌സും അവരെ പരിരക്ഷിക്കുന്നതായിരുന്നു.
ട്രൂജെറ്റ് | ഗോഎയര്‍. Photo: Wikipedia
എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ പ്രക്രിയ (2020-2021) വിപണി സ്ഥിരതയെക്കാള്‍ കടം കൈമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു. ആ പരിവര്‍ത്തന ഘട്ടത്തില്‍ എയര്‍ ഇന്ത്യയെയും വിസ്താരയെയും ഇത് താത്കാലികമായി ദുര്‍ബലപ്പെടുത്തി. മത്സരത്തില്‍ കൂടുതല്‍ മുന്നേറാന്‍ ഇന്‍ഡിഗോയെ അനുവദിച്ചു.
റെഗുലേറ്ററി ഫ്‌ലെക്‌സിബിലിറ്റി ഇന്‍ഡിഗോയുടെ വിപുലീകരണ മാതൃകക്കുള്ള സാധൂകരണമായി മാറി. വെറ്റ് ലീസിങ്ങിലെ ഫ്‌ളെക്‌സിബിലിറ്റി, ഫാസ്റ്റ് ട്രാക്ക് വിമാന ഇന്‍ഡക്ഷന്‍ അംഗീകാരങ്ങള്‍, ആക്രമണാത്മക വിലനിര്‍ണയത്തില്‍ കണ്ണടക്കല്‍, തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഇന്‍ഡിഗോ കരസ്ഥമാക്കി.
റെഗുലേറ്ററി സിസ്റ്റംത്തിന് സന്തുലിതമാക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ ഇന്‍ഡിഗോ സ്‌കെയില്‍ ചെയ്യുന്നത് സ്വന്തം പരാജയത്തില്‍ നിന്നാണ് എന്ന് മനസ്സിലാക്കാനുള്ള പ്രാഥമികജ്ഞാനം പോലും സര്‍ക്കാര്‍ കാണിച്ചില്ല.
എയര്‍ലൈനുകളുടെ ‘ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി കോഡ് (ഐ.ബി.സി) പരിഷ്‌കരണം മറയാക്കി പ്രധാന ആസ്തികള്‍ (സ്ലോട്ടുകള്‍, വിമാന പാട്ടങ്ങള്‍) പ്രധാനമായും ഇന്‍ഡിഗോയിലേക്ക് തകരുന്ന കമ്പികളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കുന്നതിനു മുമ്പ് തന്നെ മാറ്റികൊടുക്കുന്ന സ്ഥിതിയുണ്ടായി.
ഇന്‍ഡിഗോ അനുദിനം ശക്തിപ്പെട്ടപ്പോള്‍ മറ്റുള്ള കമ്പനികള്‍ ശിഥിലമായി. 2016 ലെ ദേശീയ സിവില്‍ വ്യോമയാന നയം (NCAP) പെട്ടെന്ന് കാലഹരണപ്പെട്ടുവെന്ന് മനസ്സിലാക്കാന്‍ ഇനിയും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
മത്സര സുരക്ഷാ മുന്‍കരുതലുകള്‍, ആഭ്യന്തര വില നിലകള്‍/സീലിങ്ങുകള്‍, ഇടത്തരം എയര്‍ലൈനുകള്‍ക്കുള്ള ഘടനാപരമായ പിന്തുണ, ഫ്‌ലീറ്റ് ഫിനാന്‍സിങ് പരിഷ്‌കാരങ്ങള്‍ ഇവയൊന്നും സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നന്നതെയില്ല. നിയന്ത്രണങ്ങളുടെ ശൂന്യതയില്‍ ഇന്‍ഡിഗോ വീര്‍ത്തു വികസിക്കുന്നത് തുടരുകയായിരുന്നു.
ഇതെല്ലാമാണ് യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാനും രാഷ്ട്രത്തെ വെല്ലുവിളിക്കാനും ഇന്‍ഡിഗോയെ പ്രാപ്തമാക്കിയത്.
ഇന്ത്യയിലെ എയര്‍ലൈന്‍ മാനേജ്മെന്റിന്റെ ദുര്‍ബലമായ അവസ്ഥയെയും, ലാഭം അടിസ്ഥാനമാക്കിയുള്ള മുന്‍ഗണനകള്‍ പലപ്പോഴും പ്രവര്‍ത്തന തയ്യാറെടുപ്പിനെയും ജീവനക്കാരുടെ ക്ഷേമത്തെയും മറികടക്കുന്ന രീതികളെയും വീണ്ടും വീണ്ടും ഈ കൃത്രിമ പ്രതിസന്ധി തുറന്നുകാട്ടുന്നു.
ഇത് നിര്‍ഭാഗ്യകരമായ യാദൃശ്ചികതയായി തള്ളിക്കളയാന്‍ കഴിയില്ല. പെട്ടെന്നുള്ളതോ അപ്രതീക്ഷിതമോ ആയ പ്രതിസന്ധിയില്‍ നിന്നല്ല കുഴപ്പങ്ങള്‍ ഉടലെടുത്തത്; അപര്യാപ്തമായ ആസൂത്രണം, ആക്രമണാത്മക ഷെഡ്യൂളിങ്, വ്യോമയാന പ്രൊഫഷണലുകള്‍ ഉന്നയിച്ച ദീര്‍ഘകാല ആശങ്കകള്‍ പരിഹരിക്കാനുള്ള മനസ്സില്ലായ്മ എന്നിവയുടെ ഫലമായിരുന്നു അത്.
ഇന്‍ഡിഗോയുടെ വിപണി ആധിപത്യമുള്ള ഒരു എയര്‍ലൈന്‍ കൃത്യനിഷ്ഠ, മനുഷ്യശക്തി വിഹിതം, ആകസ്മിക മാനേജ്മെന്റ് എന്നിവയുടെ കാര്യത്തില്‍ ഇത്രയധികം തകര്‍ന്നപ്പോള്‍, അവരുടെ മാനേജ്മെന്റ് രീതികള്‍ യാത്രക്കാരുടെ പ്രതീക്ഷകളുമായും നിയന്ത്രണ ചട്ടക്കൂടുകളുമായും അടിസ്ഥാനപരമായി പൊരുത്തപ്പെടുന്നില്ല എന്ന വസ്തുത പകല്‍ പോലെ വ്യക്തമാക്കിയിരിക്കുകയാണ്.
ഇതാണു തിരിച്ചടിക്കുന്ന വരം നല്‍കിയതുപോലെ എന്ന് പറയുന്നതിന്റെ അര്‍ത്ഥം. നാടും നാട്ടാരും അനുഭവിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.
Content Highlight: Dr. TT Sreekumar about Indigo airline crisis