കൊവിഡ് 19 കാലത്തെ ജുമുഅ നിസ്‌കാരം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡോ. ഷിംന അസീസ് എഴുതുന്നു
COVID-19
കൊവിഡ് 19 കാലത്തെ ജുമുഅ നിസ്‌കാരം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഡോ. ഷിംന അസീസ് എഴുതുന്നു
ഡോ. ഷിംന അസീസ്
Friday, 13th March 2020, 7:45 am

ഇന്ന് വെള്ളിയാഴ്ചയാണ്, യൗമുല്‍ ജുമുഅ. മുസ്ലിങ്ങള്‍ പള്ളികളില്‍ ഒന്നിച്ച് ചേരുന്ന നാള്‍.

ഒന്നോര്‍മ്മിപ്പിക്കട്ടെ, നാട്ടില്‍ കോവിഡ് 19 പടരുക തന്നെയാണ്. നമുക്ക് കരുതല്‍ അത്യാവശ്യമാണ്. വികാരത്തേക്കാളുപരി വിവേകം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണിത്. പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളടക്കം ജുമുഅ നമസ്‌കാരം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയോ, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിരിക്കുന്നു. പല രാജ്യങ്ങളിലും അഞ്ചോ പത്തോ മിനിറ്റില്‍ ജുമുഅ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

നമുക്കും ചെയ്യാനുള്ളത് ഇതു തന്നെയാണ്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തി ഹോം ക്വാറന്റീനില്‍ ഉള്ളവര്‍ ദയവ് ചെയ്ത് ജുമുഅയില്‍ പങ്കെടുക്കരുത്. കണിശമായി തന്നെ നിങ്ങളുടെ മുറികളില്‍ തുടരുക. ഏതെങ്കിലും തരത്തില്‍ മൂക്കൊലിപ്പോ ചുമയോ വയ്യായ്കയോ ഉള്ളവര്‍ ആണെങ്കിലും യാതൊരു കാരണവശാലും പള്ളിയില്‍ പോവേണ്ട… വീട്ടില്‍ തന്നെ ളുഹ്റ് നിസ്‌കരിക്കാം.

ഏതൊരു ആള്‍ക്കൂട്ടവും കോവിഡ് 19 പകരുന്നതിനു കാരണമാവും. അതുകൊണ്ട് തന്നെ, നിയന്ത്രണങ്ങളോ രോഗലക്ഷണങ്ങളോ ഒന്നുമില്ലാത്ത ആളാണെങ്കില്‍ പോലും ഇതേ മാര്‍ഗ്ഗം തന്നെ പിന്തുടരുക എന്നതാണ് ഏറ്റവും അഭികാമ്യം. ഈ ഇടങ്ങേറ് ഒഴിഞ്ഞ് പോണത് വരെ നിസ്‌കാരങ്ങളെല്ലാം വീട്ടില്‍ നിന്ന് തന്നെ ആക്കണതാണ് നല്ലത്, പടച്ചോന്‍ നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ.

ഇനി എന്തെങ്കിലും കാരണവശാല്‍ പള്ളിയില്‍ തന്നെ നിസ്‌കരിക്കേണ്ടി വരുന്നവര്‍ താഴെ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക.

പള്ളികളിലെ ഹൗള് രോഗം പടര്‍ത്താന്‍ വളരെ സാധ്യതയുള്ള ഇടമാണ്. വുളു എടുക്കാന്‍ പകരം പൈപ്പിലെ വെള്ളവും സോപ്പും ഉപയോഗിക്കുക.

സാധിക്കുമെങ്കില്‍ വീട്ടില്‍ നിന്ന് വുളുവെടുത്ത് പള്ളിയില്‍ പോവാം. വുളു എടുക്കുമ്പോള്‍ ഏറ്റവും നന്നായി കൈ വൃത്തിയായി എന്നുറപ്പ് വരുത്തുക.

പരസ്പരം കാണുമ്പോള്‍ സലാം പറയാന്‍ കൈ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ അരുത്. അനാവശ്യസംസാരങ്ങളും ഒഴിവാക്കുക.

വുളു എടുത്ത് കഴിഞ്ഞ ഉടനെ മാസ്‌ക് ധരിക്കാം. ഡിസ്‌പോസിബിള്‍ മാസ്‌ക് ആണെങ്കില്‍ പള്ളിയില്‍ കയറി വുളു എടുക്കുന്നത് വരെ ഒരു മാസ്‌കും, വുളു എടുത്തതിനു ശേഷം പുതിയ മാസ്‌കും ധരിക്കുക.

അഴിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. അടപ്പുള്ള വേസ്റ്റ് ബിന്നില്‍ ഇടുക. ഇത് കത്തിച്ച് കളയാം. കത്തിക്കുന്ന ആള്‍ ഗ്ലൗസും മാസ്‌കും നിര്‍ബന്ധമായും ധരിച്ചിരിക്കണം.

മുകള്‍ നിലയിലേക്ക് കോണിപ്പടി കയറിപ്പോവുമ്പോള്‍ പറ്റുന്നതും കൈവരിയില്‍ പിടിക്കാതെ പോവാന്‍ ശ്രദ്ധിക്കുക. സ്വഫുകള്‍ ഇടിച്ച് തിങ്ങി നില്‍ക്കുന്നതും തക്ബീര്‍ കെട്ടുമ്പോഴും റുകൂഇലും അത്തഹിയ്യാത്തിലുമൊക്കെ കൈകള്‍ തമ്മില്‍ തട്ടാനുള്ള സാധ്യതയും ബോധപൂര്‍വം തന്നെ ഒഴിവാക്കണം.

മുസ്വല്ല/പുല്‍പായ എന്നിവയില്‍ മൂക്കിലെയോ വായിലെയോ സ്രവങ്ങള്‍ വീഴാം. ഇത് ശ്വസിക്കുന്നത് രോഗം വിളിച്ച് വരുത്താം. സ്വന്തം മുസ്വല്ലയോ അല്ലെങ്കില്‍ നജസൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ വൃത്തിയുള്ള ന്യൂസ് പേപ്പറോ കയ്യില്‍ കരുതിയാല്‍ പള്ളിയിലെ നിലത്തും മുസല്ലയിലും കൈ കുത്തുന്നതും മുഖം തട്ടുന്നതും ഒഴിവാക്കാം.

ഒന്ന് കൂടി, സലാം വീട്ടിക്കഴിഞ്ഞ് ദുആ ഇരന്ന് കൈയിന്റെ ഉള്ള് മുത്തുന്നതും, മുഖം തടവുന്നതും ഒഴിവാക്കണേ. അത്രേം നേരം കാത്ത വൃത്തി മുഴുവന്‍ അവിടം കൊണ്ട് തീരും.

ജുമുഅ പൂര്‍ത്തിയാക്കിയ ഉടനെ തന്നെ പള്ളിയില്‍ നിന്ന് പുറത്തേക്കിറങ്ങുക. എല്ലാവരും ഒരുമിച്ച് തിക്കിത്തിരക്കി ഇറങ്ങുന്നതിനു പകരം ഊഴമിട്ട് ഇറങ്ങുക.

പുറത്തിറങ്ങി സ്വന്തം വാഹനത്തിനടുത്തെത്തിയാല്‍ അതെടുക്കാന്‍ തടസ്സമായി മറ്റുവാഹനങ്ങളുണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥന്‍ വന്ന് അത് മാറ്റുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക. ഇരുചക്രവാഹനങ്ങളുടെ റബ്ബര്‍ പിടിയും മറ്റും രോഗാണുവാഹകരാവാം.

നമുക്ക് നാളെ ഒരു വെള്ളിയാഴ്ച മാത്രം പള്ളീല്‍ പോയാല്‍ പോരല്ലോ. മാറി നില്‍ക്കാനാകുന്നവരെല്ലാം മാറി നില്‍ക്കുക തന്നെ വേണം.

വിവേകത്തോടെ തന്നെ നമുക്കിതും നേരിടാം.
പടച്ചോന്‍ കാക്കട്ടെ !