ആര്‍ത്തവത്തെപ്പറ്റി മിണ്ടരുത്
FB Notification
ആര്‍ത്തവത്തെപ്പറ്റി മിണ്ടരുത്
ഡോ. ഷിംന അസീസ്
Saturday, 19th January 2019, 1:55 pm

 

ആര്‍ത്തവത്തെ കുറിച്ച് മിണ്ടിയാല്‍ ആക്ടിവിസ്റ്റ്, ആര്‍ത്തവത്തിന് ആര്‍പ്പുവിളിച്ച് യോനിയുടെ ആകൃതിയുള്ള കവാടത്തിനടിയിലൂടെ നടന്നാല്‍ ആര്‍ഷഭാരത സംസ്‌കാരം ഇടിഞ്ഞ് പൊളിഞ്ഞ് വീഴും, ആര്‍ത്തവരക്തം പരിശുദ്ധമാണെങ്കില്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ കൊണ്ട് വെക്കാന്‍ ആഹ്വാനം, നവോത്ഥാനം പറയുന്നവര്‍ക്ക് മക്കളുണ്ടായാല്‍ പേരിടാന്‍ ഓപ്ഷന്‍സ് – “ആര്‍ത്തവ്, ആര്‍ത്തവ്യ”… – കെ.സുരേന്ദ്രന്‍, വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി താനൂര്‍

പ്രിയപ്പെട്ട ഷാഹിന, സുരേന്ദ്രന്‍…

ഈ ആര്‍ത്തവമെന്ന് പറയുന്ന സാധനം എന്താണെന്ന് ആദ്യം പുസ്തകമെടുത്ത് വായിക്കുക. ആര്‍ത്തവരക്തത്തിലെ പ്രധാനപ്പെട്ട ഘടകം എന്റെയും നിങ്ങളുടെയുമൊക്കെ ശരീരത്തിലെ അന്‍പത് ശതമാനം കോശങ്ങളുടെ മാതാവായ അണ്ഢമാണ്. പിന്നെയുള്ളത് പത്തുമാസം പറ്റിച്ചേര്‍ന്ന് സുരക്ഷിതരായി സുഖിച്ച് കിടന്ന ഗര്‍ഭപാത്രത്തിനകത്തെ ആവരണമാണ്. കൂടാതെ അമ്മയുടെ ചോരയും, ഗര്‍ഭപാത്രത്തിനകത്തെ സ്രവങ്ങളും. ഇതിലേതാണ് അശുദ്ധി? ആര്‍ത്തവരക്തം അശുദ്ധമെങ്കില്‍ നമ്മളൊക്കെ വിസര്‍ജ്യത്തിന് തുല്യമാണ്.

ആര്‍ത്തവമെന്ന് മിണ്ടുന്നത് എങ്ങനെയാണ് ഹേ നിഷിദ്ധമാകുന്നത്? ഒരിക്കലെങ്കിലും അപ്രതീക്ഷിതമായി അടിവസ്ത്രത്തില്‍ ചുവപ്പ് പുരണ്ട് പുറമേക്ക് പരക്കുമോ എന്നോര്‍ത്ത് നെഞ്ച് മിടിച്ചിട്ടില്ലേ ശ്രീമതി ഷാഹിന? വയറുവേദനയെടുക്കുമ്പോള്‍ അച്ഛനോ ഭര്‍ത്താവോ സഹോദരനോ സഹപ്രവര്‍ത്തകനോ സുഹൃത്തോ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് കരുതിയിട്ടില്ലേ? പ്രീ മെന്‍സ്ട്രുവല്‍ സിണ്ട്രോം ഉണ്ടായി വെറുതേ വരുന്ന കരച്ചിലും ദേഷ്യവും സഹിക്ക വയ്യാത്ത അവസ്ഥ ഉണ്ടായിട്ടില്ലേ? സാനിറ്ററി നാപ്കിന്‍ കിട്ടാതെ, അത് കളയാന്‍ ഒരിടമില്ലാതെ, കഴുകി വൃത്തിയാക്കാന്‍ ആവശ്യത്തിന് വെള്ളം കിട്ടാതെ നട്ടം തിരിഞ്ഞിട്ടില്ലേ?

പോഷകാഹാരം കഴിക്കേണ്ട, ധാരാളം വെള്ളം കുടിക്കേണ്ട നേരത്ത് നോമ്പിന് വെറുതേ പട്ടിണി കിടന്നിട്ടില്ലേ? തികച്ചും സ്വാഭാവികമായ ഒരു ശാരീരികപ്രക്രിയയെ “അശുദ്ധി” എന്ന് വിളിച്ചതിന് ആവോളം അനുഭവിച്ചിട്ടും മതിയായില്ലേ? നാട്ടില്‍ ഈയടുത്ത് നടന്ന ഹര്‍ത്താല്‍ മുഴുവന്‍ എന്തിനായിരുന്നു? അശുദ്ധിയെന്ന് പറഞ്ഞ് മാറ്റിക്കിടത്തിയ ഇടത്ത് അപകടമുണ്ടായി തമിഴ്നാട്ടിലും നേപ്പാളിലും പെണ്ണുങ്ങള്‍ മരിച്ചു. ഇല്ലാത്ത അശുദ്ധിയുടെ പേരില്‍ നടന്ന കൊലപാതകമെന്നാണ് അവയെ വിളിക്കേണ്ടത്.

Patriarchy and politics- പുരുഷാധിപത്യവും രാഷ്ട്രീയവുമാണ് എന്നെയും നിങ്ങളെയും ഒതുക്കാന്‍ വേണ്ടി ആര്‍ത്തവത്തെ അശുദ്ധിയാക്കി പ്രഖ്യാപിച്ച് വെച്ചിരിക്കുന്നത്. അതിന് മതത്തിന്റെ മേലാപ്പും ഇട്ട് വെച്ചിരിക്കുന്നു. ഇതാണ് സുരേന്ദ്രനെപ്പോലുള്ളവര്‍ കളിക്കുന്ന തട്ടകം. അല്‍പത്തരമെന്നും അവസരവാദവുമെന്നല്ലാതെ എന്ത് പറയാന്‍ !ആര്‍ത്തവസമയത്ത് ഞാന്‍ അശുദ്ധയല്ല. എന്റെ ദേഹത്ത് പാമ്പ് കയറില്ല. ഞാന്‍ നുള്ളുന്ന തുളസി വാടില്ല, നടുന്ന ചെടി തളിരിടാതിരിക്കില്ല, നനയ്ക്കുന്ന തൈ വാടില്ല, ഞാന്‍ വെച്ചുണ്ടാക്കുന്നത് വിഷമല്ല.

അഭിമാനമാണ് എനിക്ക് എന്റെ ആര്‍ത്തവം. എന്റെ സ്ത്രീത്വത്തിന്റെ ആഘോഷമാണ് എനിക്കാര്‍ത്തവം. എന്റെ വീട്ടിലെ പുരുഷന്‍മാരോടോ ആശുപത്രിയിലെ സഹപ്രവര്‍ത്തകരോടോ സുഹൃത്തുക്കളോടോ എന്റെ ബുദ്ധിമുട്ട് പറയാതിരുന്നിട്ടില്ല. ആണുങ്ങള്‍ക്ക് അങ്ങോട്ട് കൊടുക്കുന്ന ബഹുമാനം അവര്‍ക്ക് ഇങ്ങോട്ട് തിരിച്ച് തരാനറിയാം. ഇടുങ്ങിയ കാഴ്ചപ്പാട് പതിനാറാം നൂറ്റാണ്ടില്‍ നിന്ന് ബസ് കിട്ടിയിട്ടില്ലാത്ത ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. അവരുടെ കാല്‍ക്കീഴില്‍ കിടക്കണോ, അവര്‍ നിങ്ങള്‍ക്ക് നേരെ വലിച്ചെറിയുന്ന ചങ്ങല ആഭരണമായി മാറത്തണിയണോ, ആ ന്യൂനപക്ഷത്തോട് പോയി പണി നോക്കാന്‍ പറഞ്ഞ് ബാക്കിയുള്ള യഥാര്‍ത്ഥ പുരുഷന്‍മാരോട് പരസ്പരബഹുമാനത്തോടെ സ്വത്വം അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോകണോ എന്ന് സ്വയം ആലോചിച്ച് തീരുമാനിക്കുക.

ഇനി ഇതൊക്കെ ആണെങ്കിലും ആരെന്ത് പറഞ്ഞാലും ഞാന്‍ പറയും, എന്നെപ്പോലെ ഒരായിരം പെണ്ണുങ്ങളും ആര്‍ത്തവമുള്ള ട്രാന്‍സ്ജെന്‍ഡറുകളും അഭിമാനത്തോടെ ഉറക്കെയുറക്കെ ആര്‍ത്തവമെന്ന് ആര്‍പ്പ് വിളിക്കും. അന്ധകാരത്തില്‍ തുടരുന്നതില്‍ പരമാനന്ദം നേടുന്നവരോട് സഹതാപം മാത്രം.

കൂടിപ്പോയാല്‍ നിങ്ങള്‍ ആക്ടിവിസ്റ്റെന്ന് വിളിക്കുമായിരിക്കും. വിളിക്കെന്നേ… അംഗീകാരമാണത്.