തൃശൂരില്‍ ഡോ. നിജി മേയറാകും; മേയര്‍ പദവി മൂന്നായി വീതം വെക്കാനും സാധ്യത
Kerala
തൃശൂരില്‍ ഡോ. നിജി മേയറാകും; മേയര്‍ പദവി മൂന്നായി വീതം വെക്കാനും സാധ്യത
രാഗേന്ദു. പി.ആര്‍
Thursday, 25th December 2025, 7:56 am

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ ഡോ. നിജി തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക്. ലാലി ജെയിംസ്, സുബി ബാബു എന്നിവര്‍ അടുത്ത ഊഴത്തില്‍ മേയറാകും. മേയര്‍ പദവി മൂന്നായി വീതം വെക്കുമെന്നാണ് സൂചന. ഇന്ന് (വ്യാഴം) രാവിലെ പത്ത് മണിയോടെ യു.ഡി.എഫിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറാകും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തുകൊണ്ടുള്ള യു.ഡി.എഫിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. എന്നാല്‍ അതിനുശേഷം മേയര്‍ ആരാകുമെന്നതില്‍ യു.ഡി.എഫിനുള്ളില്‍ തര്‍ക്കം ഉടലെടുത്തു.

നാല് തവണ തെരഞ്ഞെടുക്കപ്പെട്ട ലാലി ജെയിംസ് മേയറാകണമെന്ന ആവശ്യവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെയാണ് അനിശ്ചിതത്വം ഉണ്ടായത്. അതേസമയം മേയര്‍ സ്ഥാനത്തേക്ക് എ.ഐ.സി.സി പിന്തുണക്കുന്നത് ഡോ. നിജിയേയുമാണ്.

നാളെ (ഡിസംബര്‍ ആറ്)യാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്. അതേസമയം മേയര്‍ തര്‍ക്കം ശക്തമായിരുന്ന കൊച്ചി കോര്‍പ്പറേഷനിലും യു.ഡി.എഫ് സമവായത്തിലെത്തിയിട്ടുണ്ട്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ദീപ്തി മേരി വര്‍ഗീസിനായിരുന്നു കൂടുതല്‍ മുന്‍തൂക്കം.

എന്നാല്‍ വി.കെ മിനി മോളും ഷൈനി മാത്യുവും മേയര്‍ പദവി പങ്കിടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ദീപ്തി മേരി വര്‍ഗീസ് അതൃപ്തി അറിയിച്ചിരുന്നു.

പിന്നാലെ ദീപ്തി വര്‍ഗീസിന് നഗരാസൂത്രണ സമിതിയുടെ അധ്യക്ഷ പദവി നല്‍കാമെന്ന തീരുമാനത്തിലേക്കാണ് നേതൃത്വം എത്തിയത്.

ദീപ്തി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതോടെ തറക്കത്തിന് പരിഹാരമായെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സമവായത്തില്‍ എത്തിയതായി വിവരമുണ്ട്. ലീഗിന് ഒരു വർഷം ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാമെന്നാണ് ധാരണ.

Content Highlight: Dr. Niji will be the mayor of Thrissur; There is a possibility of dividing the mayor’s post into three

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.