സിനിമകളിൽ ചില രംഗങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തും. വിജയ് അഭിനയിച്ച മെർസൽ എന്ന ചിത്രത്തിലെ ഒരു രംഗം ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ട്. വിദേശ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഒരാളുടെ ശ്വാസനാളിയിൽ ഭക്ഷണം കുടുങ്ങി വീഴുമ്പോൾ, വിജയുടെ ഡോക്ടർ കഥാപാത്രം ഓടിയെത്തി ഒരു ATM കാർഡ് ഉപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കുന്ന സീൻ സിനിമയുടെ അതിരുകൾ കടക്കുന്ന ധീരതായിരുന്നു.
എന്നാൽ സിനിമയേക്കാൾ വലിയ സംഭവങ്ങൾ ജീവിതത്തിലും സാധ്യമാണെന്ന് തെളിയിക്കുന്ന ഒരു അനുഭവമാണ് കൊച്ചിയിൽ നടന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഡോ. മനോജ് വെള്ളനാട്.
‘വിജയ്യുടെ മെർസൽ എന്ന സിനിമയിൽ ആണെന്നാണ് ഓർമ, എന്നാൽ സമാനമായ ഒരു സംഭവം ഇന്നലെ കൊച്ചിയിൽ ഉണ്ടായി. ഉദയംപേരൂരിൽ വെച്ച് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിനു എന്ന യുവാവിന് ജീവവായു തിരികെ നൽകിയത് മൂന്ന് ഡോക്ടർമാരുടെ സമയോചിതവും അത്യന്തം സിനിമാറ്റിക്കുമായ ഇടപെടലാണ്. വെറും വഴിയാത്രക്കാർ മാത്രമായിരുന്ന ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ, ഡോ. ബിദിയ കെ. തോമസ് എന്നിവരുടെ പ്രവൃത്തി കേവലം സേവനമല്ല, മറിച്ച് അത്യുജ്ജലമായ ഒരു ധീരകൃത്യം കൂടിയായിരുന്നു,’ മനോജ് വെള്ളനാട് കുറിച്ചു.
ഉദയംപേരൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിനു എന്ന യുവാവിന്റെ ജീവൻ രക്ഷിച്ചത്, ആശുപത്രിയുടെ സജ്ജീകരണങ്ങളൊന്നുമില്ലാത്ത നടുറോഡിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെയായിരുന്നു.
വഴിയാത്രക്കാരായിരുന്ന മൂൺ ഡോക്ടർമാരും, ശ്വാസം മുട്ടി മരണത്തോട് മുഖാമുഖം നിന്ന ലിനുവിനെ കണ്ടപ്പോൾ ഒരു നിമിഷം പോലും വൈകാതെ ഇടപെട്ടു.
വെളിച്ചം കുറഞ്ഞ സാഹചര്യത്തിലും, പരിമിതമായ സൗകര്യങ്ങൾ മാത്രം കൈവശം വെച്ചും, ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് ക്രൈക്കോതൈറോട്ടമി (Cricothyrotomy) എന്ന അത്യാവശ്യ ശസ്ത്രക്രിയ നടത്തി രോഗിയുടെ ശ്വാസം വീണ്ടെടുക്കുകയായിരുന്നു.
ഇത്തരം ഡോക്‌ടേഴ്‌സ് ആണ് റിയൽ ഹീറോസ് എന്നും മനോജ് വെള്ളനാട് പറഞ്ഞു.
ശരിയായ ശാസ്‌ത്രീയമായ അറിവും മനസാന്നിധ്യവുമാണ് അവരെ ഹീറോ ആക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വഴിയിൽ ഒരപകടം കണ്ടാൽ ഭയന്നോടാനോ ക്യാമറയിൽ പകർത്താനോ ശ്രമിക്കുന്ന ഇന്നത്തെ കാലത്ത്, സമയം ഒട്ടും പാഴാക്കാതെ ഇടപെടാൻ അവർ കാണിച്ച മനസ്സ് വരുംതലമുറയിലെ ഡോക്ടർമാർക്കും പൊതുസമൂഹത്തിനും വലിയൊരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമകളിൽ ചിലതൊക്കെ കണ്ട് നമ്മൾ അത്‌ഭുതപ്പെടും, എന്നാൽ ജീവിതത്തിൽ അതിലും വലിയ സംഭവങ്ങൾ സാധ്യമാകുമെന്നതിന് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Dr. Manoj Vellanad talks about how the precise intervention of three doctors saved a life.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.