ഇക്കാര്യം മറക്കരുത്!!! ദുരിത ബാധിത പ്രദേശങ്ങളിലുള്ളവരോടാണ്....
Heavy Rain
ഇക്കാര്യം മറക്കരുത്!!! ദുരിത ബാധിത പ്രദേശങ്ങളിലുള്ളവരോടാണ്....
ഡോ. ജിനേഷ് പി.എസ്
Monday, 12th August 2019, 11:14 am

 

കഴിഞ്ഞ വര്‍ഷം, അതായത് 2018ല്‍ കേരളത്തിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 2079, അതില്‍ 1100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍, അതായത് പ്രളയാനന്തരം.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആകെ ഉണ്ടായ എലിപ്പനി മരണങ്ങള്‍ 99, അതായത് ഏതാണ്ട് 5% മരണനിരക്ക്.

ഈ 99 മരണങ്ങളില്‍ 55 മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍, അതായത് പകുതിയിലധികം മരണങ്ങള്‍ സംഭവിച്ചിരിക്കുന്നതും പ്രളയാനന്തര കാലത്ത്.

ഇങ്ങനെ ഒരു പ്രളയം കേരളത്തില്‍ ആദ്യമായായിരുന്നു. എങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടത്തിയിരുന്നു. പക്ഷേ എലിപ്പനി പ്രതിരോധ ഗുളിക എല്ലാവരിലും എത്തിയില്ല. ഡോക്‌സിസൈക്ലിന്‍ ഗുളിക കയ്യില്‍ വച്ച് ഉപയോഗിക്കാതിരുന്നവരെയും അറിയാം.

എന്തുകൊണ്ട് ഗുളിക കഴിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ ജേക്കബ് വടക്കഞ്ചേരിയുടെ ഡോക്‌സിസൈക്ലിന്‍ കഴിക്കരുത് എന്ന വീഡിയോ കണ്ടതിനാലാണ് എന്ന് പറഞ്ഞവരുണ്ട്. വയറെരിച്ചില്‍ മൂലം ആദ്യ ഡോസിനുശേഷം കഴിച്ചില്ല എന്ന് പറഞ്ഞവരുമുണ്ട്.

ഫലമോ ? വിലയേറിയ കുറെയേറെ ജീവനുകള്‍ നമുക്ക് നഷ്ടമായി. അതില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ വരെ ഉള്‍പ്പെടും എന്നത് എത്രയോ സങ്കടകരമാണ്.

ഈ വര്‍ഷത്തെ പ്രളയത്തില്‍ 67 പേര്‍ മരണപ്പെട്ടു. 57 പേരെ കാണാതായിട്ടുണ്ട്. ഉറ്റവരും ഉടയവരും സ്വത്തും ജീവിതവും നഷ്ടപ്പെട്ടവരുടെ എണ്ണം എത്രയോ കൂടുതല്‍.

ഇനി ഒരു മരണം പോലും ഉണ്ടായിക്കൂടാ. പ്രത്യേകിച്ചും പ്രതിരോധിക്കാവുന്ന അസുഖങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഉണ്ടായിക്കൂടാ.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷമീര്‍ വി.കെ എഴുതിയ വരികള്‍ വായിക്കണം.

‘കഴിഞ്ഞ തവണ വെള്ളപ്പൊക്കത്തിനു ശേഷമുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എലിപ്പനി കേസുകളുടെ എണ്ണം അതിന് മുന്നിലെ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടി.

എലിപ്പനിയുമായി വന്നവരോടൊക്കെ തടയാന്‍ വേണ്ടി ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ചിരുന്നോ എന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു, ആരും കഴിച്ചിട്ടുണ്ടായില്ല. കുറേ പേര്‍ക്ക് അറിവില്ലായിരുന്നു. അറിഞ്ഞവര്‍ കയ്യില്‍ ഗുളിക കിട്ടിയിട്ടും കഴിച്ചില്ല.

എലിപ്പനി എന്നാല്‍ വെറുതെ ഒരു പനി വന്ന് മാറുകയല്ല. ശക്തമായ ശരീരവേദനയാണ് ഏറ്റവും വലിയ പ്രയാസം. ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും കിടപ്പാകും. എലിപ്പനി ബാധിക്കാത്ത അവയവങ്ങള്‍ ശരീരത്തില്‍ ഇല്ലെന്ന് തന്നെ പറയാം. കരളും വൃക്കയുമാണ് ഏറ്റവും സാധാരണം. പലര്‍ക്കും ഡയാലിസിസ് വരെ വേണ്ടി വരാറുണ്ട്. ഇതിനേക്കാള്‍ ഗുരുതരമാണ് തലച്ചോര്‍, ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുമ്പോള്‍. ശ്വാസകോശത്തെ ബാധിച്ചാല്‍ എലിപ്പനിയില്‍ മരണസാധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞ് ശരീരത്തിലെ പല ഭാഗങ്ങളില്‍ നിന്നായി രക്തസ്രാവവും ഉണ്ടാക്കാം. 100ല്‍ 10 പേര്‍ മരണപ്പെടാന്‍ സാദ്ധ്യതയുള്ള രോഗമാണ് എലിപ്പനി.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ദുരിതാശ്വാസ ക്യാമ്പകളില്‍ പങ്കെടുക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഈ വര്‍ഷവും ആളുകള്‍ ഇത് തിരിച്ചറിഞ്ഞ് രോഗം പ്രതിരോധിക്കാന്‍ വേണ്ട പോലെ ശ്രമിക്കുന്നില്ല എന്നതാണ്. അനാവശ്യമായ ഭയം ഗുളിക കഴിക്കുന്നതില്‍ കാണിക്കുന്നുണ്ട്. പല തരത്തിലുള്ള മാനസിക പിരിമുറുക്കത്തിലായിരിക്കാം, എന്നാലും ഇതിന്റെയൊക്കെ കൂടെ എലിപ്പനി പോലെ ഒരു രോഗം കൂടി താങ്ങാനുള്ള ശേഷി നമുക്കുണ്ടാവില്ല.

അതുകൊണ്ട് വെള്ളക്കെട്ടിലിറങ്ങി പെരുമാറേണ്ടി വന്ന എല്ലാവരും രണ്ട് ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുക. പോകുന്ന വഴി പലേടത്തും വെള്ളം കെട്ടി നിന്നതിനാല്‍ ഞങ്ങളൊക്കെ കഴിക്കുന്നുണ്ട്.’

ദൗത്യത്തിന് ഇറങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുന്നുണ്ട്. അത് അവരുടെ ജീവനും ആരോഗ്യവും നിലനിര്‍ത്താന്‍ വേണ്ടിയാണ്. അവരുടെ ജീവനും ആരോഗ്യവും നിലനിര്‍ത്താന്‍ അവര്‍ കഴിക്കുന്നത് ഡോക്‌സിസൈക്ലിന്‍ ഗുളിക ആണെങ്കില്‍ അത് കഴിക്കാന്‍ മറ്റുള്ളവര്‍ മടിക്കുന്നതെന്തിന് ?

വയറെരിച്ചില്‍ ഒരു പ്രശ്‌നമാക്കേണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. വെറും വയറ്റില്‍ കഴിക്കാതിരിക്കുക. ആഹാരത്തിനു ശേഷം മാത്രം കഴിക്കുക. ഗുളിക കഴിച്ച ഉടനെ കിടക്കാതിരിക്കുക. കൂടെ കഴിക്കാനായി ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന ഗുളികകള്‍ നിര്‍ദ്ദേശിച്ച രീതിയില്‍ കഴിക്കുക.

മുതിര്‍ന്നവര്‍ ഡോക്‌സിസൈക്ലിന്‍ 200 മില്ലിഗ്രാം ഗുളികയാണ് ആഴ്ചയിലൊരിക്കല്‍ കഴിക്കേണ്ടത്. 200 മില്ലിഗ്രാം ഒറ്റ ഗുളിക ഇല്ലെങ്കില്‍ 100 മില്ലിഗ്രാം 2 ഗുളിക.

ഓരോ ജീവനും വിലയേറിയതാണ്, പ്രളയബാധിതരുടെയും രക്ഷാപ്രവര്‍ത്തകരുടെയും. അതുകൊണ്ട് എലിപ്പനി മൂലം മരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പ്രകാരം ഉപയോഗിക്കുക തന്നെ വേണം.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ചെറിയ കുട്ടികളും ഡോക്‌സിസൈക്ലിന്‍ ഗുളികകളല്ല കഴിക്കേണ്ടത് എന്നതുകൂടി മനസ്സില്‍ കരുതുക.

ജിനേഷ് പി. എസ്.
12/08/2019
12.30 ുാ