പാര്‍ക്കിന്‍സണ്‍സ് പുരുഷരോഗമോ? സ്ത്രീകളിലെ ലക്ഷണങ്ങളും ഡി.ബി.എസ് ചികിത്സയും
DISCOURSE
പാര്‍ക്കിന്‍സണ്‍സ് പുരുഷരോഗമോ? സ്ത്രീകളിലെ ലക്ഷണങ്ങളും ഡി.ബി.എസ് ചികിത്സയും
ഡോ. ജിം മാത്യു
Monday, 13th April 2026, 9:27 pm
എന്നാല്‍ ഈ ധാരണ തികച്ചും തെറ്റാണ് എന്തെന്നാല്‍ സ്ത്രീകളില്‍ ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കില്‍ രോഗനിര്‍ണയം വൈകുകയോ ചെയ്യുന്നു എന്നതാണ് സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി | ഡോ. ജിം മാത്യു എഴുതുന്നു.

പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം തെളിയുന്നത് കൈകള്‍ വിറയ്ക്കുന്ന, കൂനി നടക്കുന്ന ഒരു വയോധികന്റെ ചിത്രമായിരിക്കും. പലരും ചോദിക്കാറുണ്ട്, ‘ഡോക്ടര്‍, ഇത് പുരുഷന്മാര്‍ക്ക് മാത്രം വരുന്ന രോഗമല്ലേ?’.

എന്നാല്‍ ഈ ധാരണ തികച്ചും തെറ്റാണ് എന്തെന്നാല്‍ സ്ത്രീകളില്‍ ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കില്‍ രോഗനിര്‍ണയം വൈകുകയോ ചെയ്യുന്നു എന്നതാണ് സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഹോര്‍മോണുകളും ഡോപാമിനും തമ്മിലുള്ള ബന്ധം

സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. തലച്ചോറിലെ ഡോപമിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കാതെ കാത്തുസൂക്ഷിക്കാന്‍ ഈസ്ട്രജന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവവിരാമം വരെ പല സ്ത്രീകളിലും പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ അത്ര പ്രകടമാകാറില്ല.

എന്നാല്‍ ഇസ്‌ട്രോജന്റെ നില താഴുന്നതോടെ രോഗലക്ഷണങ്ങള്‍ തീവ്രമാകുന്നു. പുരുഷന്മാരില്‍ കാണുന്ന വിറയലിനേക്കാള്‍, സ്ത്രീകള്‍ പലപ്പോഴും പരാതിപ്പെടുന്നത് കഠിനമായ ശരീരവേദനയെക്കുറിച്ചും പേശികളുടെ കടുപ്പത്തെക്കുറിച്ചുമാണ്.

Photo: parkinsonsnewstoday.com

വിറയല്‍ ഇല്ലാത്തതുകൊണ്ട് തന്നെ പലരും ഇത് വാതമാണെന്നോ അല്ലെങ്കില്‍ സാധാരണ നടുവേദനയാണെന്നോ കരുതി ചികിത്സ വൈകിപ്പിക്കുന്നു. കൂടാതെ, കടുത്ത വിഷാദവും ഉത്കണ്ഠയുമാണ് സ്ത്രീകളെ ബാധിക്കുന്ന ചലനങ്ങളുമായി ബന്ധമില്ലാത്ത മറ്റ് പ്രധാന പ്രശ്‌നങ്ങള്‍.

സ്ത്രീകള്‍ക്കായി പ്രത്യേക ചികിത്സാ രീതികള്‍ ആവശ്യമാണോ?

സ്ത്രീകളുടെ ഹോര്‍മോണ്‍ ചക്രങ്ങളും ശാരീരിക ഘടനയും പുരുഷന്മാരുടേതില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അവര്‍ക്ക് നല്‍കുന്ന മരുന്നിന്റെ അളവിലും ചികിത്സാ ക്രമത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

പുരുഷന്മാരെ അപേക്ഷിച്ച്, സ്ത്രീകളില്‍ മരുന്നുകള്‍ വളരെ വേഗത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇവിടെയാണ് ഓരോ രോഗിയുടെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളെയും ശരീര പ്രകൃതിയെയും അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇത്തരം സങ്കീര്‍ണ്ണമായ അവസ്ഥകള്‍ക്ക് വളരെ ഫലപ്രദമായ പരിഹാരങ്ങള്‍ ഇന്ന് ലഭ്യമാണ്. മരുന്നുകള്‍ക്ക് പരിമിതികളുള്ള ഇത്തരം സാഹചര്യങ്ങളില്‍, കൂടുതല്‍ മെച്ചപ്പെട്ട ഫലം നല്‍കുന്നു ഡി.ബി.എസ് (DBS) പോലുള്ള നൂതന ചികിത്സാരീതികള്‍.

എന്താണ് ഡി.ബി.എസ്?

നാഡീചികിത്സ രംഗത്തെ ഏറ്റവും വിപ്ലവകരമായ ചികിത്സാ രീതികളിലൊന്നാണ് ഡി.ബി.എസ് (Deep Brain Stimulation). ലളിതമായി പറഞ്ഞാല്‍, ഹൃദയമിടിപ്പ് ക്രമീകരിക്കാന്‍ പേസ്‌മേക്കര്‍ ഉപയോഗിക്കുന്നത് പോലെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്.

ഡി.ബി.എസ്. Photo: The New England Journal Of Medicine

തലച്ചോറിന്റെ ഉള്ളിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളില്‍ വളരെ നേര്‍ത്ത ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുകയും ചര്‍മത്തിനടിയിലൂടെ ഘടിപ്പിച്ചിട്ടുള്ള ഒരു പള്‍സ് ജനറേറ്റര്‍ വഴി കൃത്യമായ ഇടവേളകളില്‍ വൈദ്യുത സ്പന്ദനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് തലച്ചോറിലെ അസ്വാഭാവികമായ സിഗ്‌നലുകളെ നിയന്ത്രിക്കുകയും ശരീരത്തിന്റെ ചലനങ്ങളെ സാധാരണ നിലയിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഡി.ബി.എസും പാര്‍ക്കിന്‍സണ്‍സ് രോഗവും

മരുന്നുകള്‍ കൊണ്ട് മാത്രം രോഗലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത ഘട്ടത്തിലാണ് ഡി.ബി.എസ് ഒരു അനുഗ്രഹമായി മാറുന്നത്. ഇത് പേശികളുടെ കടുപ്പം കുറയ്ക്കാനും ചലനങ്ങളിലെ മന്ദത പരിഹരിക്കാനും വിറയല്‍ നിയന്ത്രിക്കാനും രോഗികളെ സഹായിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ നേരിടുന്ന കഠിനമായ ശാരീരിക വേദനകള്‍ക്കും വിറയലിനും ഡി.ബി.എസ് ചികിത്സാരീതി ആശ്വാസം നല്‍കുന്നു.

ഡി.ബി.എസ്. Photo: IEEE Spectrum

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് ഡി.ബി.എസ്സിലൂടെ ആശ്വാസം ലഭിക്കുന്നു. രോഗിയുടെ ചലനശേഷി വര്‍ധിക്കുന്നതോടെ അവരുടെ ആത്മവിശ്വാസം തിരിച്ചുവരികയും ദൈനംദിന കാര്യങ്ങള്‍ ആരുടെയും സഹായമില്ലാതെ ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു.

ഡി.ബി.എസ് സാധ്യതകള്‍

നൂതനമായ ഡി.ബി.എസ് സംവിധാനങ്ങളില്‍ ഇന്ന് രോഗിയുടെ ആവശ്യാനുസരണം സ്റ്റിമുലേഷന്‍ ക്രമീകരിക്കാന്‍ സാധിക്കുന്നുണ്ട് (Adaptive DBS). ഇത് ശസ്ത്രക്രിയയ്ക്ക് ശേഷവും ഡോക്ടര്‍ക്ക് രോഗിയുടെ ലക്ഷണങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താവുന്ന ഒന്നാണ്.

ശസ്ത്രക്രിയ കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വീഴ്ചകള്‍ ഒഴിവാക്കാനും ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

ജീവിതകാലം മുഴുവന്‍ മരുന്നുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന അവസ്ഥയില്‍ നിന്ന് മാറി, ഊഷ്മളമായ ഒരു ജീവിതം നയിക്കാന്‍ പാര്‍ക്കിന്‍സണ്‍സ് രോഗികളെ ഡി.ബി.എസ് പ്രാപ്തരാക്കുന്നു.

 

Content highlight: Dr. Jim Mathew writes about Parkinson’s Disease

 

ഡോ. ജിം മാത്യു
സീനിയർ കൺസൾട്ടന്റ് - ന്യൂറോ സർജറി ആസ്റ്റർ മിംസ് കോഴിക്കോട്