സജി ചെറിയാന്‍ ഈ രാജ്യം നിങ്ങള്‍ക്ക് മുന്നില്‍ നിശബ്ദമാവട്ടെ
Kerala Flood
സജി ചെറിയാന്‍ ഈ രാജ്യം നിങ്ങള്‍ക്ക് മുന്നില്‍ നിശബ്ദമാവട്ടെ
ഡോ. ആസാദ്
Friday, 17th August 2018, 11:12 pm

സജി ചെറിയാന്‍, ഒരു ജനത താങ്കളിലൂടെ നിലവിളിക്കുന്നത് കേള്‍ക്കുന്നു. ഈ രാജ്യം താങ്കള്‍ക്കു മുന്നില്‍ നിശബ്ദമാവട്ടെ. ദേശീയ ദുരന്തമെന്ന് അറിഞ്ഞംഗീകരിക്കാന്‍ മടിക്കുന്ന കേന്ദ്ര ഭരണകൂടം ആയിരങ്ങളെ മരണജലത്തില്‍ ആഴ്ത്തുകയാണ്. അതിന്റെ ഭരണാധികാരികള്‍ താങ്കളുടെ നിലവിളിക്ക് മറുപടി പറയണം.

ആയിരങ്ങള്‍ മരണത്തെ അഭിമുഖീകരിക്കുന്നു എന്നാണ് എം.എല്‍.എ പറഞ്ഞത്. ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുമേല്‍ മഴയും വിലാപവും കുതിര്‍ന്ന് രോഗത്തെയും വിശപ്പിനെയും മരണത്തെയും വരിക്കുന്നു. എന്ത് തടസ്സമാണ് സൈന്യത്തെ വിന്യസിക്കാന്‍ ഭരണകൂടത്തിനുള്ളത്? വിലകെട്ട രാഷ്ട്രീയ വൈരത്തിന് ഒരു നാടിനെ ശ്വാസംമുട്ടിച്ചു കൊല്ലുന്ന അധികാര രാഷ്ട്രീയം തുലയട്ടെ.

കേരളം അതിന്റെ ചെറുതും വിനീതവുമായ ശേഷി മുഴുവന്‍ പ്രകടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്കും കൊച്ചു ബോട്ടുകള്‍ക്കും ചെയ്യാവുന്നതിന് പരിധി കാണും. പ്രളയജലത്തോട് പൊരുതാന്‍ കേവുവള്ളങ്ങളും ഇച്ഛാശക്തിയും മാത്രം പോരാ. എല്ലാ സംരക്ഷണോപാധികളും അതിവേഗം വിന്യസിക്കേണ്ട രാഷ്ട്രഭരണകൂടമെവിടെ? സംസ്ഥാന സര്‍ക്കാറിനെയും മൂന്നരക്കോടി ജനങ്ങളേയും ആശ്വസിപ്പിക്കേണ്ട കേന്ദ്ര കാബിനറ്റെവിടെ?

ഈ വലിയ രാജ്യത്തിന് ഏറ്റവുമേറെ സമ്പത്തു നല്‍കുന്ന കൊച്ചു സംസ്ഥാനമാണിത്. ഞങ്ങളുടെ വിയര്‍പ്പാണ് മറ്റു ഭാഗങ്ങളിലേക്കും ജീവന്റെ പച്ച പകര്‍ന്നത്. ഇപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരാപത്തു വന്നു പതിക്കുമ്പോള്‍ കേന്ദ്രഭരണത്തിന് അന്ധത ബാധിക്കുന്നു. അവര്‍ നൂറുകോടി നീട്ടി അപമാനിക്കുന്നു. അവരുടെ മാധ്യമങ്ങള്‍ ദുരിതപ്പേമാരി കാണുന്നില്ല. കേരളത്തിന്റെ പച്ച ജീവന്‍ അവര്‍ പറിച്ചെറിയുകയാണ്.

സജിചെറിയാന്‍ ഞങ്ങളാണ്. ചെങ്ങന്നൂര്‍ ഞങ്ങളുടെ ദേശമാണ്. ചാലക്കുടിയും ആലുവയും വയനാടും ചെങ്ങന്നൂരാണ്. സജിചെറിയാനൊപ്പം ആ നിലവിളിക്കും ചോരകുതിര്‍ന്ന ആഹ്വാനത്തിനുമൊപ്പം. ജീവനു തുടിക്കുന്ന പിടയ്ക്കുന്ന പതിനായിരങ്ങള്‍ക്കൊപ്പം.